ad
Deshabhimani

print edition ജനകീയ ബദലുയർത്തി കമ്യൂണിസ്റ്റ് പാർടി ഓഫ് ഓസ്ട്രിയ; ഗ്രാറ്റ്സിൽ വീണ്ടും ചെങ്കൊടി പാറി

Elke Kahr

photo credit: noe.kpoe.at

വെബ് ഡെസ്ക്

Published on Jul 01, 2026, 12:00 AM | 1 min read

വിയന്ന : യൂറോപ്പിൽ തീവ്രവലതുപക്ഷം പിടിമുറുക്കുന്ന രാഷ്ട്രീയ സാഹചര്യത്തിലും ജനകീയ ബദലുയർത്തി കമ്യൂണിസ്റ്റ് പാർടി ഓഫ് ഓസ്ട്രിയ (കെപിഒ) ചരിത്രവിജയം ആവർത്തിച്ചു. ഓസ്ട്രിയയിലെ രണ്ടാമത്തെ വൻനഗരമായ ഗ്രാറ്റ്സിലെ മുനിസിപ്പൽ കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 35.60 ശതമാനം വോട്ടോടെയാണ് കെപിഒ ഭരണത്തുടർച്ച നേടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ ഏഴുശതമാനം വോട്ട് വർധിച്ചു. പാർലമെന്റിലെ ഏറ്റവും വലിയകക്ഷിയായ തീവ്രവലതുപക്ഷ ഫ്രീഡം പാർടി (എഫ്പിഒ) ഗ്രാറ്റ്‌സിൽ നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ദേശീയ ഭരണകക്ഷിയായ ഓസ്‌ട്രിയൻ പീപ്പിൾസ്‌ പാർടി (ഒവിപി) രണ്ടാമതും, ഗ്രീൻസ് മൂന്നാമതുമെത്തി.


താഴേത്തട്ടിൽ ജനങ്ങൾക്കിടയിൽ നടത്തിയ നിരന്തരമായ പ്രവർത്തനമാണ് കമ്യൂണിസ്‌റ്റ്‌ പാർടിക്ക് തുടർവിജയം സമ്മാനിച്ചത്. ‘രാഷ്ട്രീയം കരിയറല്ല, കരുതലാണ്' എന്നതായിരുന്നു പ്രചാരണ മുദ്രാവാക്യം. 2021-ൽ എൽക്കെ കർ മേയറായി അധികാരമേറ്റതു മുതൽ നടപ്പാക്കിയ ജനക്ഷേമ പദ്ധതികൾക്കുള്ള അംഗീകാരമാണ് വോട്ടുവിഹിതത്തിലെ വർധന. പാർപ്പിടം അവകാശമാണെന്ന നിലപാടിലൂന്നി പൊതുപാർപ്പിട പദ്ധതികൾ വിപുലീകരിച്ചത്‌ വലിയ മാറ്റംകൊണ്ടുവന്നു. സാധാരണക്കാരെ സംരക്ഷിക്കാൻ വാടക സബ്‌സിഡിയും വാടക നിയന്ത്രണങ്ങളും ഏർപ്പെടുത്തി. കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നവർക്ക്‌ സഹായനിധിയും ഹെൽപ്പ്‌ലൈനും സ്ഥാപിച്ചു. പൊതുഗതാഗതം, ആരോഗ്യ സംരക്ഷണം എന്നിവ ജനകീയമാക്കി.


മാതൃകയായി കമ്യൂണിസ്റ്റ് കൗൺസിലർമാർ


ജനപ്രതിനിധികളുടെ ജീവിതശൈലിയിലൂടെയാണ് കമ്യൂണിസ്‌റ്റ്‌ പാർടി ജനഹൃദയങ്ങളിൽ സ്ഥാനം നേടിയത്. കമ്യൂണിസ്റ്റ് ജനപ്രതിനിധികൾ ശമ്പളത്തിൽനിന്ന് വ്യക്തിപരമായ ആവശ്യങ്ങൾ കഴിച്ച്‌ ഭൂരിപക്ഷം തുകയും സാധാരണക്കാരെ സഹായിക്കാനുള്ള സോഷ്യൽഫണ്ടിലേക്ക് നൽകുകയാണ്‌. 1998-ൽ കമ്യൂണിസ്റ്റ് കൗൺസിലർ ഏണസ്റ്റ് കാൽട്ടനെഗർ തുടക്കമിട്ട ജനകീയ പോരാട്ടമാണ്‌ 2021ൽ ഗ്രാറ്റ്‌സിൽ കമ്യൂണിസ്‌റ്റ്‌ പാർടിയെ അധികാരത്തിലെത്തിച്ചത്‌. സാൽസ്ബർഗ്, ലിൻസ്, ഇൻസ്ബ്രൂക്ക് തുടങ്ങിയ മറ്റ് ഓസ്ട്രിയൻ നഗരങ്ങളിലും കമ്യൂണിസ്റ്റ് പാർടി വലിയ സ്വാധീനം നേടിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home