ഓസ്ട്രിയൻ ഇൻഫ്ലുവൻസറുടെ മൃതദേഹം വനത്തിൽ സ്യൂട്ട്‌കേസിനുള്ളിൽ; പ്രതി മുൻ കാമുകൻ

ഓസ്ട്രിയ: ഓസ്ട്രിയയിലെ പ്രമുഖ സൗന്ദര്യ, ഫാഷൻ ഇൻഫ്ലുവൻസറായ സ്റ്റെഫാനി പീപറി ( 31) നെ കൊല്ലപ്പെട്ട നിലയിൽ വനത്തിനുള്ളിൽ കണ്ടെത്തി. മുൻ കാമുകനാണ് ഇവരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒരു സ്യൂട്ട്‌കേസിനുള്ളിലാക്കി കുഴിച്ചിട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
നവംബർ 23-ന് ഒരു പാർട്ടിയിൽ പങ്കെടുത്ത ശേഷം വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് സ്റ്റെഫാനി പീപ്പറെ കാണാതായത്. വീട്ടിലെത്തിയ ഉടൻ സുഹൃത്തിന് സന്ദേശം അയച്ച സ്റ്റെഫാനി, പിന്നാലെ കോണിപ്പടിയിൽ ആരോ ഉണ്ടെന്ന് സംശയം പ്രകടിപ്പിച്ച് മറ്റൊരു സന്ദേശവും അയച്ചിരുന്നു. അയൽക്കാർ വീട്ടിൽ വാഗ്വാദങ്ങൾ കേട്ടതായും സ്റ്റെഫാനിയുടെ മുൻ കാമുകനെ കെട്ടിടത്തിന് സമീപം കണ്ടതായും മാധ്യമങ്ങളോട് പറഞ്ഞു.
സ്റ്റെഫാനിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും സഹപ്രവർത്തകരും പൊലീസിൽ പരാതി നൽകി. കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രതിയായ മുൻ കാമുകനെ ഓസ്ട്രിയൻ-സ്ലൊവേനിയൻ അതിർത്തിക്കടുത്തുള്ള ഒരു കാസിനോയ്ക്ക് സമീപം കാർ കത്തിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് സ്ലൊവേനിയൻ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ ഓസ്ട്രിയയിലേക്ക് കൈമാറുകയായിരുന്നു.
ചോദ്യം ചെയ്യലിൽ സ്റ്റെഫാനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നും, മൃതദേഹം സ്യൂട്ട്‌കേസിലാക്കി സ്ലൊവേനിയൻ വനത്തിൽ കുഴിച്ചിട്ടെന്നും ഇയാൾ സമ്മതിച്ചു. തുടർന്ന് പ്രതിയുടെ സഹായത്തോടെ അധികൃതർ മൃതദേഹം കണ്ടെടുത്തു. പ്രതിയുടെ രണ്ട് പുരുഷ ബന്ധുക്കളെയും കേസിൽ പങ്കുണ്ടെന്ന് സംശയിച്ച് സ്റ്റൈറിയൻ സ്റ്റേറ്റ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.








0 comments