ad
Deshabhimani

അശാന്തി പുകയുന്നു; ഇറാനിൽ ഇന്ധന സംഭരണ ശാലകൾക്ക് നേരെ ആക്രമണം, തെഹ്റാനിൽ നാടുവിടുന്നത് ലക്ഷങ്ങൾ

tehran

ആക്രമണം നടക്കുന്ന ഇറാന്‍റെ ആകാശദൃശ്യം

വെബ് ഡെസ്ക്

Published on Mar 11, 2026, 07:24 AM | 2 min read


തെഹ്റാൻ : ഇറാന്‍ തലസ്ഥാനമായ തെഹ്റാൻ കഴിഞ്ഞ മണിക്കൂറുകളില്‍ സാക്ഷിയായത് ഏറ്റവും രൂക്ഷമായ ആക്രമണങ്ങൾക്ക്. ഇറാനിൽ ഇന്ധന സംഭരണ ശാലകൾക്ക് നേരെയും ആക്രമണമുണ്ടായി. ഇന്ധന സംഭരണ ശാലകൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾ വ്യാപകമായ മലിനീകരണത്തിന് കാരണമായി. കൂടാതെ പാര്‍പ്പിട സമുച്ചയത്തിന് നേരെയും ആക്രമണമുണ്ടായി. ഇതോടെ പതിനായിരങ്ങള്‍ ഗ്രാമപ്രദേശങ്ങളിൽ അഭയം തേടി.


ഗ്രാമപ്രദേശങ്ങളിലെ ബന്ധുവീടുകളിലും വിദൂര പട്ടണങ്ങളിലുമാണ് ഭൂരിഭാഗം ആളുകളും അഭയം പ്രാപിച്ചിരിക്കുന്നത്. സ്ഫോടനങ്ങളുടെ ആഘാതത്തിൽ വീടുകൾ കുലുങ്ങുന്നതും ജനാലകൾ തകരുന്നതും കണ്ട് ഭയന്നാണ് പലരും ജീവിനുമായി നഗരം വിട്ടത്. നഗരങ്ങളിലെ സ്ഫോടനങ്ങളിൽ നിന്ന് രക്ഷതേടി ജനങ്ങൾ മലയോര മേഖലകളിലേക്കും കൃഷിയിടങ്ങളിലേക്കും മാറുകയാണ്. തെഹ്‌റാനിൽ നിന്ന് വടക്കുപടിഞ്ഞാറൻ ഗ്രാമങ്ങളിലേക്ക് പോകുന്ന കുടുംബങ്ങൾ പുകപടലങ്ങൾ നിറഞ്ഞ നഗരത്തിന്റെ ഭയാനകമായ ദൃശ്യങ്ങളാണ് വിവരിക്കുന്നത്. കുട്ടികൾ ഭയം കാരണം ഉറക്കത്തിൽ നിലവിളിക്കുന്നതായും മാതാപിതാക്കൾ സാക്ഷ്യപ്പെടുത്തുന്നു.


തെക്കൻ ഇറാനിലെ അഹ്‌വാസിലെ ബോംബാക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ചില കുടുംബങ്ങൾ ദൂരെ ഗ്രാമങ്ങളിലെ സ്ട്രോബെറി ഫാമുകളിലേക്ക് മാറി. അവിടെ മൃഗങ്ങളെ വളർത്തിയും കൃഷിപ്പണികളിൽ ഏർപ്പെട്ടും കഴിയുമ്പോഴും സൈനിക താവളങ്ങൾക്ക് അടുത്തുള്ള പ്രദേശങ്ങളിൽ ഇപ്പോഴും ഭീതി നിലനിൽക്കുന്നു. തെഹ്‌റാനിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള സഞ്ജാൻ പ്രവിശ്യയിലെ മഞ്ഞുവീഴ്ചയുള്ള ഗ്രാമങ്ങളിൽ വരെ ജനം കുടിയേറിയിരിക്കുന്നു.


ഓരോ ദിവസവും സാധനങ്ങൾക്ക് വില കൂടുന്നതായും കൈവശമുള്ള പണം എത്രനാൾ തികയുമെന്ന ആശങ്കയിലുമാണ് ജനങ്ങൾ.സ്കൂളുകളും ഓഫീസുകളും അടഞ്ഞുകിടക്കുന്നതിനാൽ ജനങ്ങൾ പൂർണ്ണമായും വരുമാനമില്ലാത്ത അവസ്ഥയിലാണ്. ബേക്കറി ഉടമകളും മറ്റും നിര്‍ധനരായവരോട് ഭക്ഷണത്തിന് പണം വാങ്ങാൻ വിസമ്മതിക്കുന്നത് സംബന്ധിച്ച കാരുണ്യത്തിന്റെ വാര്‍ത്തകളും മാധ്യമങ്ങളിൽ നിറയുന്നു. രാജ്യത്തിനകത്ത് സുരക്ഷാ സേനയായ ബാസിജ് കർശനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.


പ്രായമായ മാതാപിതാക്കളെ മാറ്റാൻ കഴിയാത്തവർക്കും സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്കും നഗരം വിടാൻ കഴിഞ്ഞിട്ടില്ല. രാത്രികാലങ്ങളിൽ സ്ഫോടന ശബ്ദങ്ങൾക്കിടയിൽ ഭയന്നു കഴിയുന്ന ഇവരുടെ മാനസികാവസ്ഥ അതീവ ഗുരുതരമാണ്. "സമാധാനമുള്ള ദിവസങ്ങൾക്കായി ഞാൻ പ്രാർത്ഥിക്കുന്നു,"എന്നാണ് തെഹ്‌റാനിൽ തുടരുന്ന ഒരാൾ മാധ്യമങ്ങളോട് പ്രതികരിച്ചത്.


യുഎൻ അഭയാർത്ഥി ഏജൻസിയുടെ കണക്കനുസരിച്ച്,യുദ്ധത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളിൽ തെഹ്‌റാനിൽ നിന്ന് മാത്രം ഏകദേശം ഒരു ലക്ഷം പേർ പലായനം ചെയ്തിട്ടുണ്ട്. 9.7ദശലക്ഷം ജനസംഖ്യയുള്ള നഗരത്തിൽ നിന്നുള്ള യഥാർത്ഥ പലായന കണക്കുകൾ ഇതിലും വളരെ കൂടുതലാണെന്ന് കരുതപ്പെടുന്നു. പുതിയ കണക്കുകൾ യു എൻ പുറത്തു വിട്ടിട്ടില്ല. യുദ്ധം തകർത്ത ഇറാന്റെ സാമ്പത്തിക മേഖലയിൽ ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത് അഭയാർത്ഥി സമൂഹമാണെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home