ad
Deshabhimani

വിയറ്റ്‌നാമിൽ കനത്ത മഴയും പ്രളയവും; 41 മരണം

vietnam flood
വെബ് ഡെസ്ക്

Published on Nov 22, 2025, 06:55 AM | 2 min read

ഹാനോയ്‌ : വിയറ്റ്‌നാമിൽ കനത്തമഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ വൻനാശം. 41 പേർ മരിച്ചു. മധ്യ വിയറ്റ്‌നാമിലാണ്‌ മഴ കൂടുതൽ നാശം വിതച്ചത്‌. ഒമ്പതുപേരെ കാണാതായി. വെള്ളപ്പൊക്കത്തിൽ 52,000-ത്തിലധികം വീടുകൾ മുങ്ങി. അരലക്ഷത്തിലധികം വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് പതിനായിരക്കണക്കിനുപേരെ മാറ്റിപ്പാർപ്പിച്ചു.


തീരദേശ നഗരങ്ങളായ ഹോയി ആൻ, നാ ട്രാങ് എന്നിവിടങ്ങളിലാണ്‌ വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിച്ചത്. രാജ്യത്തെ ഏറ്റവും വലിയ കാപ്പി കൃഷി മേഖലയായ ഡാക് ലാക് പ്രവിശ്യയിൽ, പതിനായിരക്കണക്കിന് വീടുകൾ വെള്ളത്തിനടിയിലായി. മണ്ണിടിച്ചിലിൽ പ്രധാന റോഡുകൾ തകർന്നു. വിവിധ പ്രദേശങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൽമേഗി, ബുവാലോയ് എന്നീ രണ്ട് ചുഴലിക്കാറ്റുകൾ നാശംവിതച്ചതിന്‌ പിന്നാലെയാണ്‌ വിയറ്റ്‌നാമിനെ ദുരിതത്തിലാക്കി പ്രളയമുണ്ടായത്‌.


flood vietnam


ഈ വർഷം ജനുവരി മുതൽ ഒക്ടോബർ വരെ വിയറ്റ്നാമിൽ ഉണ്ടായ പ്രകൃതിദുരന്തങ്ങൾ 2 ബില്യൺ ഡോളറിന്റെ നാശനഷ്ടങ്ങൾ വരുത്തിയതായി സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നു. കൊടുങ്കാറ്റ് കാരണം വിളവെടുപ്പ് നിലച്ചതിനാൽ ദുരിതത്തിലായ കർഷകർക്ക് വെള്ളപ്പൊക്കം വീണ്ടും തിരിച്ചടിയായി. രാജ്യത്തെ ഏറ്റവും വലിയ കാപ്പി കൃഷി മേഖലയായ ഡാക് ലക് പ്രവിശ്യയിൽ പതിനായിരക്കണക്കിന് വീടുകൾ വെള്ളത്തിനടിയിലായതായി സംസ്ഥാന വാർത്താ ഏജൻസിയായ ടുവോയ് ട്രെ റിപ്പോർട്ട് ചെയ്തു. ഇൻസ്റ്റന്റ് കോഫിയിലും ചില എസ്പ്രെസോ മിശ്രിതങ്ങളിലും അടക്കം ഉപയോ​ഗിക്കുന്ന റോബസ്റ്റയുടെ ഏറ്റവും വലിയ കയറ്റുമതിക്കാരിൽ ഒന്നാണ് വിയറ്റ്നാം.


മേഖലയിലെ അസ്ഥിര കാലാവസ്ഥ ഞായറാഴ്ച വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു. അടിയന്തര ഷെൽട്ടറുകൾ സ്ഥാപിച്ചു. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനായി സൈനികരെയും പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.


flood vietnam


മണ്ണിടിച്ചിലിൽ പ്രധാന റോഡുകളും ഹൈവേകളും തകർന്നതിനെ തുടർന്ന് ഡക് ലക് പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രശസ്തമായ വിനോദസഞ്ചാര നഗരമായ ഡാ ലാറ്റിലേക്കുള്ള പ്രധാന പ്രവേശന പാതയായ മിമോസ പാസിന്റെ ഒരു ഭാഗം മലയിടുക്കിലേക്ക് ഇടിഞ്ഞുവീണതിനെ തുടർന്ന് ഗതാഗതം പൂർണ്ണമായും നിർത്തിവച്ചു. വീടുകളിൽ വെള്ളം പൊങ്ങിയതിനാൽ ആളുകൾ മേൽക്കൂരകളിൽ കുടുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടു. ലാം ഡോങ് പ്രവിശ്യയിലെ ഒരു തൂക്കുപാലം വെള്ളപ്പൊക്കത്തിൽ തകരുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.


നവംബറിന്റെ തുടക്കത്തിൽ, വിയറ്റ്നാമിന്റെ മധ്യ തീരത്ത് ആഞ്ഞടിച്ച കൽമേഗി ചുഴലിക്കാറ്റിൽ അഞ്ച് പേരാണ് മരിച്ചത്. സെപ്തംബറിൽ, ബുവാലോയ് ചുഴലിക്കാറ്റ് വിയറ്റ്നാമിന്റെ മധ്യഭാഗത്തും വടക്കുഭാഗത്തും ആഞ്ഞടിച്ചതിനെത്തുടർന്ന് 19 പേർ മരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home