ad
Deshabhimani

തകരാറുകൾ പരിഹരിച്ചു

ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രസവിധത്തിലേക്ക്, ആര്‍ട്ടെമിസ് കുതിപ്പ് തുടരുന്നു

nasa

ആര്‍ട്ടെമിസ് വിക്ഷേപണം, ചിത്രം നാസ

വെബ് ഡെസ്ക്

Published on Apr 03, 2026, 01:13 PM | 3 min read

ർട്ടെമിസ് II പേടകം ഭൂമിയുടെ ഭ്രമണപഥം കടന്ന് ചന്ദ്രനിലേക്കുള്ള നേരിട്ടുള്ള പാതയിലേക്ക് (Translunar Coast) പ്രവേശിച്ചു. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ പേടകത്തിന്റെ പ്രധാന എഞ്ചിൻ ഏകദേശം 6 മിനിറ്റോളം ജ്വലിപ്പിച്ചു കൊണ്ട് ചന്ദ്രനിലേക്കുള്ള കുതിപ്പ് വിജയകരമായി പൂർത്തിയാക്കി. നിലവിൽ ഭൂമിയിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെ ബഹിരാകാശത്തുകൂടി ചന്ദ്രനെ ലക്ഷ്യമാക്കി പേടകം നീങ്ങിക്കൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിലേക്ക് പേടകം എത്തും.


ചന്ദ്രനിൽ ഇറങ്ങാതെ, ചന്ദ്രനെ ചുറ്റി വന്ന് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തുക എന്നതാണ് ഈ 10 ദിവസത്തെ പരീക്ഷണ പറക്കലിന്റെ ലക്ഷ്യം. ഈ യാത്രയിൽ പേടകം ഭൂമിയിൽ നിന്ന് ഏകദേശം 4,00,000 കിലോമീറ്റർ അകലേക്ക് സഞ്ചരിക്കും. ഇത് 1970-ൽ അപ്പോളോ 13 സ്ഥാപിച്ച റെക്കോർഡ് മറികടക്കും.


തകരാറുകൾ പരിഹരിച്ചു


യാത്രയുടെ ആദ്യ ദിനങ്ങളിൽ പേടകത്തിലെ ശൗചാലയത്തിനും കുടിവെള്ള വിതരണ സംവിധാനത്തിനും വാതിലിനും ചെറിയ തകരാറുകൾ നേരിട്ടിരുന്നു. എന്നാൽ യാത്രികയായ ക്രിസ്റ്റീന കോച്ച് സ്വയം ഒരു 'സ്പേസ് പ്ലംബർ' ആയി മാറി ഈ പ്രശ്നങ്ങൾ പരിഹരിച്ചു എന്നാണ് നാസ വിശദമാക്കുന്നത്. ഔട്ട്‌ലുക്ക് ഉപയോഗിക്കുന്നതിൽ ചെറിയ തടസ്സങ്ങൾ നേരിട്ടത് ഭൂമിയിലെ മിഷൻ കൺട്രോൾ ടീം റിമോട്ട് സഹായത്തിലൂടെ പരിഹരിച്ചു നൽകി. നിലവിൽ പേടകത്തിലെ എല്ലാ സംവിധാനങ്ങളും സാധാരണ നിലയിലാണ്.


team artmis 2


നാല് ദിവസത്തെ യാത്ര ദൂരം


അടുത്ത 4 ദിവസത്തേക്ക് യാത്രികർ ചന്ദ്രനിലേക്കുള്ള യാത്ര തുടരും. ഈ സമയത്ത് പേടകത്തിലെ വിവിധ സംവിധാനങ്ങൾ അവർ നിരന്തരം പരിശോധിക്കും.തിങ്കളാഴ്ചയോടെ പേടകം ചന്ദ്രന്റെ മറുപുറത്ത് (Far Side) എത്തും. അവിടെ നിന്ന് ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിക്കും. ഈ യാത്രയിൽ അപ്പോളോ 13 ദൗത്യം സ്ഥാപിച്ച ദൂരപരിധി മറികടന്ന്, ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ അകലേക്ക് പോയ മനുഷ്യർ എന്ന റെക്കോർഡ് ഈ സംഘം സ്വന്തമാക്കും.


എല്ലാം നിശ്ചയിച്ച പ്രകാരം നടന്നാൽ ഏപ്രിൽ 10-ന് പസഫിക് സമുദ്രത്തിൽ പേടകം തിരിച്ചിറങ്ങും.



ഭൂമിയോട് ഏറ്റവും അടുത്ത ആകാശഗോളമാണ് ചന്ദ്രന്‍. ഭൂമിയുടെ പ്രകൃത്യാ ഉള്ള ഏക ഉപഗ്രഹമായ ചന്ദ്രന്‍ തന്നെയാണ് മനുഷ്യന്‍റെ പാദസ്പര്‍ശമേറ്റ ഒരേയൊരു ആകാശഗോളവും


അര നൂറ്റാണ്ടിന് ശേഷം വീണ്ടെടുത്ത കുതിപ്പ്


മനുഷ്യന്റെ ആദ്യ ചാന്ദ്രസന്ദര്‍ശനം നടന്നത് 1969 ജൂലൈ 21നാണ്. ആര്‍ട്ടെമിസ് II പരീക്ഷണ പറക്കൽ വിജയകരമാകുന്നതോടെ 2028-ൽ നടക്കാനിരിക്കുന്ന ആർട്ടെമിസ് III ദൗത്യത്തിന് വഴിതുറക്കും. അതിലൂടെ അരനൂറ്റാണ്ടിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രോപരിതലത്തിൽ കാലുകുത്തും. ചന്ദ്രനിൽ ഒരു സ്ഥിരം മനുഷ്യവാസം ഒരുക്കുക എന്ന നാസയുടെ വലിയ ലക്ഷ്യത്തിലേക്കുള്ള ആദ്യപടിയാണിത്.


  • 2026 ഏപ്രിൽ 1-ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ SLS (Space Launch System) ഉപയോഗിച്ച് ആർട്ടെമിസ് II വിക്ഷേപിച്ചത്.

    orion

  • ഓറിയോൺ' (Orion) എന്ന് പേരിട്ടിരിക്കുന്ന പേടകത്തിലാണ് യാത്രികരുടെ സഞ്ചാരം


Related News


ചന്ദ്രനെക്കുറിച്ച് ഓര്‍ത്തിരിക്കേണ്ട കാര്യങ്ങള്‍


  • ചന്ദ്രന്റെ ഗുരുത്വബലം – ഭൂമിയുടെ ആറില്‍ ഒന്ന്

  • ഭൂമിയില്‍നിന്ന് ചന്ദ്രനിലേക്കുള്ള ശരാശരി ദൂരം – 3,63,301 കി.മീ.

  • വ്യാസം – 3476 കിലോമീറ്റര്‍

  • ഭാരം – 74 സെക്‌സ്ട്രില്യന്‍ കി.ഗ്രാം

  • താപനില – പകല്‍ 134 ഡിഗ്രി സെല്‍ഷ്യസ്, രാത്രി -153 ഡിഗ്രി സെല്‍ഷ്യസ്

  • ഓര്‍ബിറ്റല്‍ വെലോസിറ്റി – 3680 Kmph

  • വലിയ ഗര്‍ത്തം – 4 1/2 കി.മീ. ആഴം

  • വലിയ പര്‍വതം – 5 കി.മീ. ഉയരം

  • ഒരു ചാന്ദ്രദിനം (സൂര്യോദയം മുതല്‍ സൂര്യോദയം വരെ)- 708 ഭൗമ മണിക്കൂര്‍

  • ചന്ദ്രന്‍ ഭൂമിയില്‍നിന്ന് വര്‍ഷംതോറും 1.5 ഇഞ്ച് അകന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്

  • ചന്ദ്രന്റെ ഉപരിതല വിസ്തൃതി 9400 കോടി ഏക്കറാണ്

  • ഭൂമിയില്‍ 60 കിലോഗ്രാം ഭാരമുള്ള ഒരാള്‍ക്ക് ചന്ദ്രനില്‍ 10 കിലോഗ്രാമേ ഉണ്ടാകൂ

  • ചന്ദ്രനില്‍ അന്തരീക്ഷമോ മേഘങ്ങളോ ഉണ്ടാവില്ല

  • ചന്ദ്രനെക്കുറിച്ചുള്ള പഠനമാണ് സെലനോളജി

  • ചന്ദ്രനില്‍ അഗ്നിപര്‍വതങ്ങളില്ല

  • ഭൂകമ്പംപോലെ ചാന്ദ്രകമ്പനങ്ങള്‍ (Moon Quakes) ഉണ്ടാകാറുണ്ടെങ്കിലും അവ തീവ്രമാകാറില്ല

  • ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയുടെ പാതയില്‍നിന്ന് അഞ്ചുഡിഗ്രി ചരിഞ്ഞാണുള്ളത്.

  • ഭൂമിയുടെ കാന്തിക മണ്ഡലത്തിന്റെ ആയിരത്തിലൊന്നു മാത്രമാണ് ചന്ദ്രന്റെ കാന്തിക മണ്ഡലത്തിന്റെ ശക്തി

  • ചന്ദ്രോപരിതലത്തില്‍ ഇതുവരെ 12 മനുഷ്യര്‍ നടന്നിട്ടുണ്ട്. ഈ 12പേരും അമേരിക്കക്കാരാണ്.

  • 1972നുശേഷം ഇന്നുവരെ ആരും ചന്ദ്രനില്‍ ഇറങ്ങിയിട്ടില്ല

  • ചന്ദ്രനിലിറങ്ങിയ ആദ്യത്തെ മനുഷ്യന്‍ നീല്‍ ആംസ്‌ട്രോങും അവസാനത്തെ യാത്രികർ  യൂജിൻ കർനാനും ഹാരിസണ്‍ ഷ്മിറ്റും ആണ്. അപ്പോളോ 17 യാത്രയിൽ  യാത്രികരായ ഇവരിൽ യൂജിൻ കർനാൻ ആണ് അവസാനമായി ചന്ദ്രനിൽ നിന്ന് വാഹനത്തിലേക്ക് യാത്ര തിരിച്ചത്.

  • ചാന്ദ്രയാത്രകള്‍ക്ക് ഇതുവരെ വനിതകള്‍ക്ക് അവസരമുണ്ടായിട്ടില്ല. ആർട്ടമിസ് പദ്ധതി അതിന് ലക്ഷ്യമിടുന്നു.

moonവിവരങ്ങൾക്ക് കടപ്പാട് ലൂക്ക- സാബു ജോസഫ്





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home