print edition ആർട്ടമിസ് –2 ദൗത്യ സംഘം 11ന് എത്തും

ചന്ദ്രന്റെ ആകർഷണ വലയത്തിൽ നിന്ന് വേർപെട്ട ശേഷം ഒറിയോൺ പേടകം ഭൂമിയിലേക്കുള്ള യാത്ര തുടങ്ങുന്നു. പേടകത്തിലെ സൗരോർജപാനലിലെ കാമറ എടുത്ത ചിത്രം
ഫ്ളോറിഡ: പത്ത് ദിവസം നീണ്ട ചാന്ദ്രയാത്രക്ക് ശേഷം ആർട്ടമിസ് –2 ദൗത്യസംഘം ശനിയാഴ്‌ച ഭൂമിയിൽ തിരിച്ചെത്തും. കാലാവസ്ഥ അനുകൂലമെങ്കിൽ പുലർച്ചെ സാന്റിയാഗോക്ക് സമീപമുള്ള പസഫിക്ക് സമുദ്രത്തിൽ പുലർച്ചെ 5.37ന് നാല് പേരുമായുള്ള ഒറിയോൺ പേടകം പതിക്കും.
ഭൗമാന്തരീക്ഷത്തിലേക്ക് അതിവേഗത്തിൽ പ്രവേശിക്കുന്ന പേടകത്തെ അതിലുള്ള 11 പാരച്യൂട്ടുകൾ പ്രവർത്തിപ്പിച്ചാകും നിയന്ത്രിക്കുക. പേടകം വീണ്ടെടുക്കുന്നതിന് കപ്പലും മറ്റും പ്രദേശത്ത് എത്തിയിട്ടുണ്ട്. പേടകത്തിൽ നിന്ന് സഞ്ചാരികളെ ഉടൻ തന്നെ കെന്നഡി സ്‌പേയ്‌സ് സെന്ററിലെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. ഒരാഴ്‌ച ഇവർ നിരീക്ഷണത്തിലാകും.
പേടകം ചൊവ്വാഴ്‌ച രാത്രി ചാന്ദ്ര ആകർഷണവലയത്തിൽനിന്ന് വേർപെട്ടു. ഭൂമിയിൽ നിന്ന് മൂന്ന് ലക്ഷം കിലോമീറ്റർ അകലയാണ് നിലവിൽ പേടകം. മിഷൻ കമാൻഡർ റീഡ് വൈസ്‍മാൻ, മിഷൻ പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്‍പെഷലിസ്റ്റുകളായ ക്രിസ്റ്റീന കോക്ക്, ജെർമി ഹാൻസൻ എന്നിവർ ബുധനാഴ്‌ച അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ നാലുപേരുമായി തങ്ങളുടെ അനുഭവം പങ്കിട്ടു. രണ്ട് പേടകങ്ങളിൽ സഞ്ചരിക്കുന്നവർ ഇത്തരത്തിൽ ബഹിരാകാശത്ത് വച്ച് ആശയവിനിമയം നടത്തുന്നത് ആദ്യമാണ്.
ചന്ദ്രന്റെ മറുപുറത്തുനിന്നടക്കമുള്ള ആയിരക്കണക്കിന് ചിത്രങ്ങൾ സംഘം ഭൂമിയിലേക്ക് അയച്ചിട്ടുണ്ട്. ഗർത്തങ്ങൾ, ലാവാ പ്രവാഹങ്ങൾ, വിള്ളലുകൾ, ഗുഹകൾ തുടങ്ങിയവ ഇക്കൂട്ടത്തിൽപെടും. ഒരോ മേഖലകളുടേയും ഘടനാ വ്യത്യാസം, നിറം തുടങ്ങി ചന്ദ്രന്റെ പരിണാമത്തെ പറ്റി പഠിക്കാനുള്ള നിർണായക വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഭാവിൽ മനുഷ്യനെ ഇറക്കാൻ ഉദ്ദേശിക്കുന്ന ദക്ഷിണ ധ്രുവ ഭാഗങ്ങളെയും നിരീക്ഷിച്ചു. ഏപ്രിൽ ഒന്നിനാണ് സംഘം ചന്ദ്രനെ ലക്ഷ്യമാക്കി യാത്ര തുടങ്ങിയത്.










0 comments