ad
Deshabhimani

ചന്ദ്രനെ ലക്ഷ്യമാക്കി വീണ്ടും മനുഷ്യർ: ആർട്ടെമിസ് 2 പുറപ്പെടാൻ മണിക്കൂറുകൾ മാത്രം ബാക്കി

NASA Artemis II crew and SLS rocket"

NASA Artemis II SLS റോക്കറ്റ്

വെബ് ഡെസ്ക്

Published on Apr 01, 2026, 12:11 PM | 3 min read

ഫ്ലോറിഡ: അരനൂറ്റാണ്ടിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്. നാസയുടെ ചരിത്രപ്രധാനമായ ആർട്ടെമിസ് 2 (Artemis II) ദൗത്യത്തിന്റെ കൗണ്ട്ഡൗൺ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ ആരംഭിച്ചു. ലോകം കാത്തിരുന്ന ആ നിമിഷത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി.


നാല് പേരാണ് യാത്രാ സംഘത്തിലുള്ളത്. ആർട്ടെമിസ് 2 ചന്ദ്രനിൽ ഇറങ്ങുകയല്ല, പകരം ചന്ദ്രനെ ചുറ്റി തിരികെ വരികയാണ്. 10 ദിവസം നീണ്ടുനിൽക്കുന്ന ഈ പരീക്ഷണ പറക്കലിലൂടെ അടുത്ത ഘട്ടത്തിലെ ഇറക്കത്തിനായുള്ള നിരീക്ഷണ പരീക്ഷണങ്ങൾ നടത്തുകയാണ്. 54 വര്‍ഷത്തിന് ശേഷമാണ് മനുഷ്യൻ ഇങ്ങനെ ഒരു യാത്ര നടത്തുന്നത്.


നാസയുടെ കരുത്തുറ്റ എസ്എൽഎസ് (SLS - Space Launch System) റോക്കറ്റും ഓറിയോൺ (Orion) പേടകവും നാല് ബഹിരാകാശ സഞ്ചാരികളുമായി ചന്ദ്രനെ ലക്ഷ്യമാക്കി കുതിക്കാൻ റെഡിയായി. 1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ആദ്യമായാണ് മനുഷ്യൻ ചന്ദ്രന്റെ പരിസരത്തേക്ക് യാത്ര തിരിക്കുന്നത്.



ലോഞ്ച് വിവരങ്ങൾ


സമയം: അമേരിക്കൻ സമയം (EDT) വൈകുന്നേരം 6:24-ന് അതായത് ഇന്ത്യൻ സമയം ഏപ്രിൽ 2, പുലർച്ചെ 3:54-ന് ആയിരിക്കും പുറപ്പെടൽ. കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39B യിലാണ് റോക്കറ്റ് വിക്ഷേപണം. കാലാവസ്ഥ വിക്ഷേപണത്തിന് 80% അനുകൂലമാണ്.

നാല് ബഹിരാകാശ സഞ്ചാരികൾ


ARTIMIS 2 crew


  1. റീഡ് വൈസ്മാൻ (Reid Wiseman): ദൗത്യത്തിന്റെ കമാൻഡർ (NASA).

  2. വിക്ടർ ഗ്ലോവർ (Victor Glover): പൈലറ്റ്. ചന്ദ്രനിലേക്ക് പോകുന്ന ആദ്യത്തെ ആഫ്രിക്കൻ വംശജൻ (NASA).

  3. ക്രിസ്റ്റീന കോക്ക് (Christina Koch): മിഷൻ സ്പെഷ്യലിസ്റ്റ്. ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്ന ആദ്യ വനിത (NASA).

4. ജെറമി ഹാൻസൻ (Jeremy Hansen): മിഷൻ സ്പെഷ്യലിസ്റ്റ്. അമേരിക്കക്കാരനല്ലാത്ത ചന്ദ്രനിലേക്ക് പോകുന്ന ആദ്യ ബഹിരാകാശ സഞ്ചാരി (Canadian Space Agency).



22 ലക്ഷം കിലോ മീറ്റര്‍

പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഈ പരീക്ഷണ പറക്കലിൽ 22 ലക്ഷം കിലോ മീറ്റര്‍ സംഘം സഞ്ചരിക്കും. യാത്രാ സംഘം ഓറിയോൺ പേടകത്തിലെ ലൈഫ് സപ്പോർട്ട് സിസ്റ്റങ്ങൾ മനുഷ്യർക്ക് എത്രത്തോളം സുരക്ഷിതമാണെന്ന് പരിശോധിക്കും. ലോകത്തിലെ ഏറ്റവും ശക്തമായ റോക്കറ്റായ SLS-ന്റെ ആദ്യ ക്രൂഡ് ലോഞ്ച് ആണിത്. ഇതിന്റെ ശേഷി കൂടി പ്രായോഗികമായി പരീക്ഷിക്കപ്പെടുകയാണ്. ഭൂമിയിലേക്ക് തിരികെ എത്തുമ്പോൾ പേടകം നേരിടുന്ന അമിതമായ ചൂടിനെ (Heat Shield) പ്രതിരോധിക്കാനുള്ള ശേഷിയും പരിശോധിക്കപ്പെടും.


ഇന്നത്തെ തയാറെടുപ്പുകൾ


റോക്കോ പെട്രോൺ ലോഞ്ച് കൺട്രോൾ സെന്ററിൽ എഞ്ചിനീയർമാർ റോക്കറ്റിന്റെ കമ്മ്യൂണിക്കേഷൻ ലിങ്കുകളും ഹാർഡ്‌വെയറുകളും പരിശോധിക്കുകയാണ്. ലിക്വിഡ് ഹൈഡ്രജനും ലിക്വിഡ് ഓക്സിജനും റോക്കറ്റിൽ നിറയ്ക്കുന്ന സങ്കീർണ്ണമായ പ്രക്രിയ ഉടൻ ആരംഭിക്കും. യാത്രികർ ഇപ്പോൾ ക്വാറന്റൈനിലാണെങ്കിലും വിക്ഷേപണത്തിനുള്ള അവസാനഘട്ട തയ്യാറെടുപ്പുകളിലാണ്.

artemis ai geminai


എന്താണ് ഈ ദൗത്യം


ചന്ദ്രനിലേക്ക് മനുഷ്യനെ വീണ്ടും എത്തിക്കുന്നതിനായി നാസ (NASA) വിഭാവനം ചെയ്ത ബൃഹത്തായ പദ്ധതിയാണ് ആർട്ടെമിസ് (Artemis). ഗ്രീക്ക് പുരാണങ്ങളിൽ ചന്ദ്രന്റെ ദേവതയായും അപ്പോളോ ദേവന്റെ സഹോദരിയായും അറിയപ്പെടുന്ന പേരാണ് ആർട്ടെമിസ്. 1960-70 കാലഘട്ടത്തിലെ 'അപ്പോളോ' ദൗത്യങ്ങൾക്ക് ആ പേര് നൽകിയത് അങ്ങിനെയാണ്. ഇതിന് ശേഷം ചന്ദ്രനെക്കുറിച്ച് കൂടുതൽ പഠിക്കാനും അവിടെ മനുഷ്യസാന്നിധ്യം ഉറപ്പിക്കാനുമാണ് ആര്‍ട്ടെമിസ് പദ്ധതി ലക്ഷ്യമിടുന്നത്.


നിലവിൽ നടക്കുന്നത് ആർട്ടെമിസ് പരമ്പരയിലെ രണ്ടാമത്തെ (Artemis II) ദൗത്യമാണ്. ആർട്ടെമിസ് 1 നടന്നത് 2022 ആണ്. ഇത് ഒരു പരീക്ഷണ പറക്കലായിരുന്നു. മനുഷ്യരില്ലാതെ ഓറിയോൺ പേടകം ചന്ദ്രനെ ചുറ്റി വിജയകരമായി തിരിച്ചെത്തി. റോക്കറ്റിന്റെയും പേടകത്തിന്റെയും കരുത്ത് തെളിയിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. മനുഷ്യരെ അയക്കാനുള്ള തയാറെടുപ്പും.


അടുത്തത് Artemis III


ആർട്ടെമിസ് പദ്ധതിയിലെ ഏറ്റവും നിർണ്ണായകമായ ഘട്ടം ആർട്ടെമിസ് 3 ആണ്. ആർട്ടെമിസ് 2 വിജയകരമായി പൂർത്തിയാക്കിയ ശേഷം, മനുഷ്യനെ ചന്ദ്രന്റെ ഉപരിതലത്തിൽ ഇറക്കുന്ന ദൗത്യമാണിത്. 1972-ന് ശേഷം ആദ്യമായി മനുഷ്യർ ചന്ദ്രനിൽ കാലുകുത്തുന്നത് ഈ ദൗത്യത്തിലൂടെയാകും.


ചന്ദ്രന്റെ ഉപരിതലത്തിൽ എത്തുന്ന ആദ്യ വനിതയും, ആദ്യത്തെ കറുത്തവർഗ്ഗക്കാരനും ആർട്ടെമിസ് 3-ന്റെ ഭാഗമായിരിക്കും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് (South Pole) ഇവർ ഇറങ്ങാൻ പദ്ധതിയിടുന്നത്. അവിടെയുള്ള മഞ്ഞുരൂപത്തിലുള്ള ജലത്തെക്കുറിച്ചും ധാതുക്കളെക്കുറിച്ചും പഠനം നടത്തും.


ചന്ദ്രനിൽ ഒരു സ്ഥിരം താവളം (Base Camp) ഒരുക്കുക വഴി ഭാവിയിൽ ചൊവ്വയിലേക്കുള്ള (Mars) മനുഷ്യന്റെ യാത്ര സുഗമമാക്കുക എന്നതാണ് ഇതിന്റെ ദീർഘകാല ലക്ഷ്യം. ചന്ദ്രന് ചുറ്റും കറങ്ങുന്ന 'ഗേറ്റ്‌വേ' (Gateway) എന്ന ചെറിയ ബഹിരാകാശ നിലയത്തിന്റെ നിർമ്മാണവും ഈ പദ്ധതിയുടെ ഭാഗമായി വരും കാലങ്ങളിൽ നടക്കും.


Related News

ഈ ചരിത്ര നിമിഷം എവിടെ കാണാം? നാസയുടെ ഔദ്യോഗിക YouTube ചാനലിലും NASA+ പ്ലാറ്റ്‌ഫോമിലും തത്സമയ സംപ്രേഷണം ലഭ്യമാണ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home