ad
Deshabhimani

വാഗ്ദാനങ്ങൾ ട്രംപ് വക: അർജന്റീന ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് മിലേയുടെ പാർടിക്ക് കുതിപ്പ്

LIEI
വെബ് ഡെസ്ക്

Published on Oct 27, 2025, 11:55 AM | 2 min read

ബ്യൂണസ് അയേഴ്സ്:  അർജന്റീനയില്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ജാവിയര്‍ മിലേയിയുടെ ലിബർട്ടേറിയൻ പാർടിയായ ലാ ലിബേർതാദ് അവൻസ  (‘La Libertad Avanza’) യ്ക്ക് മുന്നേറ്റം.


ട്രംപ് ഭരണകൂടത്തിന്റെ കോടിക്കണക്കിന് ഡോളറിന്റെ പിന്തുണയോടെ തീവ്ര വലതുപക്ഷ നീക്കം തുടരുന്നതിനിടെ വന്നെത്തിയ തെരഞ്ഞെടുപ്പാണ്.


ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിലെ 97 ശതമാനത്തിലധികം വോട്ടുകൾ എണ്ണിയപ്പോൾ മിലേയുടെ ഭരണകക്ഷിയായ ലാ ലിബർതാദ് അവാൻസ 40 ശതമാനത്തിലധികം വോട്ടുകൾ നേടി. സെനറ്റിന്റെ മൂന്നിലൊന്ന് പുതുക്കാനുള്ള വോട്ടെടുപ്പിൽ ലാ ലിബർട്ടാഡ് അവാൻസ എട്ട് പ്രവിശ്യകളിൽ ആറെണ്ണവും തൂത്തുവാരി. വിശകലന വിദഗ്ധരുടെ പ്രവചനങ്ങളെ മറികടന്നാണ് ജനവിധി.


പെറോണിസം എന്നറിയപ്പെടുന്ന ഇടതുപക്ഷ ചായ്‌വുള്ള ജനകീയ പ്രതിപക്ഷ പ്രസ്ഥാനം 31 ശതമാനത്തിലധികം വോട്ടുകൾ സ്വന്തമാക്കി. ഏറ്റവും വലിയ പ്രതിപക്ഷ സഖ്യമായി തുടരുന്നു.


ഞായറാഴ്ചത്തെ വോട്ടെടുപ്പിന് ശേഷം കോൺഗ്രസിന്റെ അധോസഭയിൽ തന്റെ പാർട്ടിക്ക് 37 സീറ്റുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് നിന്ന് 101 ആയി മാറിയെന്ന് മിലേയ് അവകാശപ്പെട്ടു. സെനറ്റിൽ, ലാ ലിബർട്ടാഡ് അവന്സ 14 സീറ്റുകൾ കൂടി നേടി 20 സെനറ്റർമാരുമായി.


പ്രസിഡൻഷ്യൽ വീറ്റോകൾ ഉയർത്തിപ്പിടിക്കുന്നതിനും, ഇംപീച്ച്മെന്റ് ശ്രമം തടയുന്നതിനും ഇത് മേൽക്കൈ നൽകും. വരും മാസങ്ങളിൽ നികുതി, തൊഴിൽ പരിഷ്കാരങ്ങൾക്കായുള്ള തന്റെ അഭിലാഷ പദ്ധതികൾ നടപ്പിലാക്കുന്നതിനും കോൺഗ്രസിൽ മതിയായ പിന്തുണ മിലേയ്ക്ക് ലഭിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

"ഞാൻ നഷ്ടപ്പെട്ട ലോകത്തിന്റെ രാജാവാണ്!" എന്ന ഗാനം ആലപിച്ചാണ് മിലേ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാഗതം ചെയ്തത്.


തനിച്ച് ഭൂരിപക്ഷമില്ല


257 അംഗ കോൺഗ്രസിൽ 101 എന്ന അംഗബലം വെല്ലുവിളിയായി തന്നെ തുടരും. ചെറു കക്ഷികളെ ചേർത്തുള്ള പരീക്ഷണത്തിലേക്കാവും പോവുക എന്നും വിലയിരുത്തപ്പെടുന്നു. ഭൂരിപക്ഷത്തിന് 129 സീറ്റ് വേണം. സെനറ്റിൽ മൊത്തം 72 സീറ്റാണ്. ലാ ലിബേർതാദ് അവൻസയ്ക്ക് നേരത്തെ 14 സീറ്റുകൾ ഉണ്ടായിരുന്നത് ഇപ്പോൾ 20 ആയി വർധിച്ചു. അപ്പോഴും ഭൂരിപക്ഷമില്ല. നേരത്തെ പെറോണിസം സഖ്യത്തിനായിരുന്നു സെനറ്റിൽ മേൽക്കൈ.


ഡൊണൾഡ് ട്രംപ് ഭരണകൂടം സാമ്പത്തികമായും രാഷ്ട്രീയമായും ഭരണത്തിൽ ഇടപെട്ട സാഹചര്യമായിരുന്നു . അർജന്റീനയിലെ തന്റെ ഉറ്റ സഖ്യകക്ഷിക്ക് തിരിച്ചടിയേറ്റാൽ, പ്രഖ്യാപിച്ച 20 ബില്യൺ യുഎസ് ഡോളർ സാമ്പത്തിക സഹായം പിൻവലിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഒരു തരത്തിൽ ഇത് വോട്ടർമാർക്കെതിരായ ഭീഷണിപ്പെടുത്തലായി വിലയിരുത്തപ്പെട്ടു.


1983-ൽ രാജ്യം ജനാധിപത്യത്തിലേക്ക് മടങ്ങിയതിനുശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പോളിംഗ് നിരക്കായ 68 ശതമാനത്തിൽ താഴെയാണ് ഞായറാഴ്ച്ചത്തെ തെരഞ്ഞെടുപ്പിൽ ഉണ്ടായത്. വോട്ടർമാർ തന്നെ വിട്ടുനിന്ന അവസ്ഥ.


ട്രംപിന്റെ പ്രധാന പ്രത്യയശാസ്ത്ര സഖ്യകക്ഷിയായാണ് മിലേയ് വിലയിരുത്തപ്പെടുന്നത്. മിലേയുടെ സഹോദരി കരീന മിലേയ്‌ക്കെതിരായ കൈക്കൂലി ആരോപണങ്ങൾ ഉൾപ്പെടെയുള്ള നിരവധി അഴിമതി ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്.  സബ്‌സിഡികൾ വെട്ടിക്കുറച്ചതിനുശേഷം കുടുംബങ്ങൾ വൈദ്യുതിക്കും പൊതുഗതാഗതത്തിനും കൂടുതൽ പണം നൽകുന്നു.  ലേ അധികാരമേറ്റ സമയത്തേക്കാൾ ഇപ്പോൾ തൊഴിലില്ലായ്മ നിരക്ക് കൂടുതലാണ്.


പെറോണിസം


1940-കൾ മുതൽ, അർജന്റീനയുടെ രാഷ്ട്രീയം ആധിപത്യം പുലർത്തുന്നത് ജുവാൻ ഡൊമിംഗോ പെറോൺ സ്ഥാപിച്ച പെറോണിസ്റ്റ് പ്രസ്ഥാനമാണ്. ദേശീയത, തൊഴിലാളി അവകാശങ്ങൾ, ക്ഷേമ-രാഷ്ട്ര നയങ്ങൾ എന്നിവ സംയോജിപ്പിച്ച ഒരു ജനകീയ പ്രസ്ഥാനമായിരുന്നു.


2003 മുതൽ 2023 വരെ പെറോണിസ്റ്റ് പ്രസിഡന്റുമാരായ നെസ്റ്റർ കിർച്ച്‌നർ, ക്രിസ്റ്റീന ഫെർണാണ്ടസ് ഡി കിർച്ച്‌നർ, ആൽബെർട്ടോ ഫെർണാണ്ടസ് എന്നിവർ അർജന്റീനയെ തുടർച്ചയായി ഭരിച്ചു. മൗറീഷ്യോ മാക്രി (2015–2019) പോലുള്ള യാഥാസ്ഥിതികർ അധികാരത്തിൽ വന്നപ്പോഴും പെറോണിസ്റ്റുകൾ കോൺഗ്രസിനെയോ പ്രവിശ്യാ സർക്കാരുകളെയോ നിയന്ത്രിച്ചു.


ഈ ഭരണ തുടർച്ചകളെ തകർക്കാൻ അമേരിക്ക നിരന്തരം ശ്രമിച്ചു. കാർലോസ് മെനെം (1990), മൗറീഷ്യോ മാക്രി (2015–2019), ഇപ്പോൾ ജാവിയർ മിലി തുടങ്ങിയ പെറോണിസ്റ്റ് ഇതര നേതാക്കളെ യുഎസ് സ്ഥിരമായി പിന്തുണച്ചു. ഇവരെല്ലാം യുഎസ് അനുകൂല, നവലിബറൽ അല്ലെങ്കിൽ ലിബർട്ടേറിയൻ സാമ്പത്തിക മാതൃകകൾ സ്വീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home