ad
Deshabhimani

ഇസ്രയേൽ കടന്നാക്രമണം: അറബ്, ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ ഉച്ചകോടി ഇന്ന് ഖത്തറിൽ

arab islamic summit
avatar
അനസ് യാസിൻ

Published on Sep 15, 2025, 11:19 AM | 2 min read

മനാമ: ഖത്തറിന് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശക്തമായ ഏകീകൃത നിലപാട് രൂപപ്പെടുത്താനായി നിർണായക അറബ്, ഇസ്‌ലാമിക രാഷ്ട്ര തലവൻമാരുടെ ഉച്ചകോടി തിങ്കളാഴ്ച ദോഹയിൽ ചേരും. ഞായറാഴ്ച ചേർന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗം ഉച്ചകോടിക്കുള്ള അന്തിമ അജണ്ടക്ക് രൂപം നൽകി. മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഇസ്രായേൽ ആക്രമണം ഗുരുതരമായ ഭീഷണിയാണെന്ന് യോഗം വിലയിരുത്തി. ഇസ്രായേലിന്റെ നടപടികളെ അപലപിക്കുന്നതും ഖത്തറിനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതുമായ പ്രമേയത്തിന്റെ കരട് യോഗം തയാറാക്കി.


ഉച്ചകോടിക്ക് മുന്നോടിയായുള്ള ഒരുക്കം വിലയിരുത്താനും ഇസ്രായേലിന്റെ ആക്രമണത്തിനെതിരെ സ്വീകരിക്കേണ്ട കൂട്ടായ നടപടികളെക്കുറിച്ച് ചർച്ച ചെയ്യാനുമാണ് മന്ത്രിതല യോഗം ചേർന്നത്. അന്താരാഷ്ട്ര തലത്തിൽ നയതന്ത്രപരമായ നീക്കങ്ങൾ ഏകോപിപ്പിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്‌മാൻ ബിൻ ജാസിം അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചർച്ചയായി. 57 അംഗ ഇസ്ലാമിക് സഹകരണ സംഘടന (ഒഐസി)യിലെയും 22 അംഗ അറബ് ലീഗിലെയും അംഗരാജ്യങ്ങളിൽ നിന്നുള്ള വിദേശകാര്യ മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കുത്തു.


ഇസ്രായേലിനെതിരെ ശക്തമായ ഒരു കൂട്ടായ്മ രൂപീകരിക്കാനും ഗൾഫ് മേഖലയുടെ സുരക്ഷ ഉറപ്പാക്കാനുമുള്ള നടപടികൾ തിങ്കളാഴ്ച ഉച്ചകോടിയിൽ തീരുമാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചകോടിയിൽ ഉണ്ടാകുന്ന തീരുമാനങ്ങൾ ഈ വിഷയത്തിൽ അറബ്-ഇസ്ലാമിക ലോകത്തിന്റെ ഭാവി നിലപാട് നിർണയിക്കുന്നതിൽ നിർണായകമാകും. ഇറാൻ, പാകിസ്ഥാൻ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ തിങ്കളാഴ്ച നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് വിവരം.


കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ ദോഹയിൽ വ്യോമാക്രമണം നടത്തിയത്. ഇസ്രായേൽ സേനയുടെ എട്ട് എഫ്-15, എഫ്-35 യുദ്ധവിമാനങ്ങൾ ചെങ്കടലിന് മുകളിൽ നിന്ന് തൊടുത്തുവിട്ട മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഈ മിസൈലുകൾ സൗദി അറേബ്യൻ വ്യോമാതിർത്തി ഒഴിവാക്കി സഞ്ചരിച്ചാണ് ദോഹയിൽ ലക്ഷ്യത്തിലെത്തിയതെന്നും റിപ്പോർട്ടുണ്ട്. ആക്രമണത്തിൽ ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥനുൾപ്പെടെ 6 പേർ കൊല്ലപ്പെട്ടിരുന്നു.


ഖത്തറിന് നേരെയുണ്ടായ ആക്രമണം ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ സുരക്ഷാ സംവിധാനത്തിന് നേരെയുള്ള ആക്രമണമായി കണക്കാക്കി ശക്തമായ പ്രതികരണം നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ദോഹയിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, അമേരിക്കൻ സൈനിക സാന്നിധ്യത്തെക്കുറിച്ചും അതിന്റെ പ്രാദേശിക സുരക്ഷാ ഗ്യാരണ്ടികളെക്കുറിച്ചും പുനർവിചിന്തനം ചെയ്യാൻ മേഖല തയ്യാറെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ചൈന, തുർക്കി തുടങ്ങിയ രാജ്യങ്ങളുമായി പുതിയ പ്രതിരോധ പങ്കാളിത്തം തേടുന്നതും ഉച്ചകോടിയുടെ അജണ്ടയിലുണ്ടെന്നാണ് വിവരം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home