ad
Deshabhimani

print edition പശ്ചിമേഷ്യയില്‍ യുദ്ധഭീഷണി മുഴക്കി അമേരിക്ക; ഇറാനൊപ്പം റഷ്യ, ചൈന

putin shi jin ping khamaneyi
വെബ് ഡെസ്ക്

Published on Feb 25, 2026, 12:21 AM | 1 min read

തെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്ക സൈനിക നീക്കം ശക്തമാക്കുന്പോൾ പ്രതിരോധം തീർക്കാൻ ചൈനയുമായും റഷ്യയുമായും കൈകോർത്ത്‌ ഇറാൻ. റഷ്യയുമായി 50 കോടി യൂറോയുടെ മിസൈൽ കരാറിൽ ഒപ്പുവച്ച ഇറാന്‍, ചൈനയിൽ നിന്ന് അത്യാധുനിക സൂപ്പർസോണിക് ആന്റി-ഷിപ്പ് ക്രൂസ് മിസൈലുകൾ വാങ്ങാന്‍‌ കരാര്‍ ഉറപ്പിച്ചു. അത്യാധുനിക ഷോൾഡർഫയേർഡ്‌ മിസൈലുകൾ വാങ്ങാൻ 50 കോടി യൂറോയുടെ ( 5366.15 കോടി രൂപ) രഹസ്യ കരാറിൽ ഇറാനും റഷ്യയും ഒപ്പുവെച്ചതായി ഫിനാൻഷ്യൽ ടൈംസ്‌ റിപ്പോർട്ട്‌ ചെയ്യുന്നു. ഡിസംബറിൽ മോസ്‌കോയിലാണ് നിർണായക കരാർ ഒപ്പിട്ടത്.


മൂന്ന് ഘട്ടമായി 2027 മുതൽ 2029 വരെയുള്ള കാലയളവിലാണ് ആയുധങ്ങൾ കൈമാറുകയെന്നാണ്‌ റിപ്പോർട്ട്. ചൈനയില്‍ നിന്നും ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന, സിഎം-302 മിസൈലുകളാണ് ഇറാൻ വാങ്ങുന്നത്. കപ്പലുകളുടെ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് താഴ്ന്ന് പറക്കാന്‍ കഴിവുള്ള മിസൈലുകള്‍ക്ക് 290 കിലോമീറ്റർ ദൂരപരിധിയുണ്ട്. പേർഷ്യൻ ഗൾഫ് മേഖലയില്‍ അമേരിക്ക വിന്യസിച്ചിരിക്കുന്ന യുദ്ധകപ്പലുകളെ ലക്ഷ്യമിടാന്‍ ഈ മിസൈലുകള്‍ക്ക് സാധിക്കും.


രണ്ട് വർഷമായി ഈ മിസൈലുകൾക്കായി ഇറാന്‍ ചര്‍ച്ച നടത്തിവരികയാണ്. ഇവ ഇറാന് ലഭിച്ചാല്‍ അത് യുഎസ് നാവികസേനയ്ക്ക് വലിയ ഭീഷണിയാകുമെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വർഷം ജൂണിൽ ഇറാന്റെ മൂന്ന് പ്രധാന ആണവനിലയങ്ങൾക്ക് നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തി. ഇതിന് പിന്നാലെയാണ്കൂടുതല്‍ ആയുധങ്ങള്‍ക്കായി ഇറാന്‍ റഷ്യയെയും ചൈനയെയും സമീപിച്ചത്. മേഖലയിൽ വിമാനവാഹിനിക്കപ്പലുകളും യുദ്ധവിമാനങ്ങളും വിന്യസിച്ച് യുദ്ധസമാനമായ അന്തരീക്ഷമാണ് ട്രംപ് ഭരണകൂടം സൃഷ്ടിച്ചിരിക്കുന്നത്.


കഴിഞ്ഞ ആഴ്ച ഒമാൻ ഉൾക്കടലിൽ റഷ്യയും ഇറാനും സംയുക്ത സൈനികാഭ്യാസം നടത്തി. സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ യുദ്ധത്തിന് സജ്ജമാണെന്ന സൂചനയാണ് ട്രംപ് നൽകുന്നത്. ഏത്‌ യുദ്ധത്തിനെയും നേരിടാൻ സജ്ജമാണെന്നാണ്‌ ഇറാന്റെ നിലപാട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home