യുദ്ധതന്ത്രം മാറുന്നു ! ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ നീക്കം തുടങ്ങി അമേരിക്ക

ഫയൽ ചിത്രം
വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ കടുത്ത നീക്കവുമായി അമേരിക്ക. ഇറാന്റെ ആകെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്ന തന്ത്രപ്രധാനമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ അമേരിക്കൻ സൈന്യം പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ. ഖാർഗ് ദ്വീപിലേക്ക് അമേരിക്കൻ കരസേനയെ ഇറക്കുന്നതിനെക്കുറിച്ച് ട്രംപ് ഭരണകൂടം ചർച്ചകൾ നടത്തിയെന്നാണ് സൂചന.
ഇത്തരമൊരു നീക്കം വിജയിച്ചാൽ ഇറാന്റെ സാമ്പത്തിക വരുമാനം ഒറ്റയടിക്ക് കുറയുകയും യുദ്ധത്തിന്റെ ഗതി മാറുകയും ചെയ്യും. കൂടാതെ, ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കാനും മേഖലയിൽ സൈനിക സാന്നിധ്യം വിപുലീകരിക്കാനും അമേരിക്ക ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ടുകൾ.
ഇതിന്റെ ഭാഗമായി അമേരിക്കയുടെ '82-ാം എയർബോൺ ഡിവിഷനിലെ' ആയിരക്കണക്കിന് സൈനികരെ മിഡിൽ ഈസ്റ്റിലേക്ക് അയക്കാൻ ഉത്തരവായിട്ടുണ്ടെന്നും പ്രത്യേക പരിശീലനം ലഭിച്ച 'ഇമ്മീഡിയറ്റ് റെസ്പോൺസ് ഫോഴ്സ്' ഇതിനോടകം തന്നെ സജ്ജമായിക്കഴിഞ്ഞുവെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അതേസമയം പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തുന്ന കടന്നാക്രമണങ്ങൾക്ക് തീർപ്പു കല്പിക്കാൻ സന്ധിയില്ലാത്ത നിലപാടുകളുമായി ഇറാനും രംഗത്തെത്തി. വെടിനിർത്തലിനായി കടുത്ത നിബന്ധനകളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. സാമ്രാജ്യത്വ ശക്തികളുടെ അധിനിവേശത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് വ്യക്തമാക്കുകയാണ് ഇറാൻ.
ഗൾഫ് മേഖലയിലെ സമാധാനത്തിന് പ്രധാന തടസ്സമായി നിൽക്കുന്ന അമേരിക്കൻ സൈനിക താവളങ്ങൾ പൂർണമായും അടച്ചുപൂട്ടണമെന്നതാണ് ഇറാന്റെ പ്രധാന ആവശ്യം. തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ തകർക്കാൻ ലക്ഷ്യമിട്ട് ഏർപ്പെടുത്തിയിട്ടുള്ള എല്ലാ ഉപരോധങ്ങളും പിൻവലിക്കണമെന്നും ഇറാൻ വ്യക്തമാക്കി.
ലോകത്തെ പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ നിന്ന് ട്രാൻസിറ്റ് ഫീ ഈടാക്കുമെന്ന പ്രഖ്യാപനവും ഇറാൻ നടത്തിയിട്ടുണ്ട്. മേഖലയിലെ സമാധാന ചർച്ചകളിൽ തങ്ങൾക്കുള്ള മേൽക്കൈ ഉറപ്പിക്കാനും സാമ്രാജ്യത്വ താല്പര്യങ്ങളെ പ്രതിരോധിക്കാനുമാണ് ഇറാൻ പുതിയ നീക്കം.
ദശലക്ഷക്കണക്കിന് ഡോളറിന്റെ ആയുധങ്ങൾ ഇസ്രയേലിന് നൽകി യുദ്ധം കൊഴുപ്പിക്കുകയും, മറുവശത്തിരുന്ന സമാധാന ചർച്ചയിലേക്ക് കടക്കുകയാണെന്ന് പറയുന്ന അമേരിക്കയുടെയും ട്രംപിന്റെയും ഇരട്ടത്താപ്പിനുള്ള ശക്തമായ തിരിച്ചടിയായി ഇറാന്റെ പുതിയ നിലപാടുകളെ വിലയിരുത്താം.










0 comments