ആമസോണിൽ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടൽ; 30,000 ത്തോളം ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകും

ന്യൂയോർക്ക്: ലോകത്തെ മുൻനിര ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമസോൺ 30,000 ഓളം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. 2022-ൽ ഏകദേശം 27,000 പേരെ പിരിച്ചുവിട്ടതിനുശേഷം കമ്പനി നടത്തുന്ന ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലാണിത്. കോർപ്പറേറ്റ് വിഭാഗത്തിലാണ് പിരിച്ചുവിടൽ.
ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. കമ്പനിയുടെ മൊത്തം കോർപ്പറേറ്റ് ജീവനക്കാരിൽ ഏകദേശം 10 ശതമാനത്തെയാണ് ഈ നീക്കം ബാധിക്കുക. ഹ്യൂമൻ റിസോഴ്‌സ്, ഡിവൈസസ് ആൻഡ് സർവീസസ്, ഓപ്പറേഷൻസ് തുടങ്ങിയ പ്രധാന വിഭാഗങ്ങളിലെ ജീവനക്കാർക്ക് ഇന്ന് മുതൽ ഇമെയിൽ വഴി പിരിച്ചുവിടൽ അറിയിപ്പ് ലഭിച്ചു തുടങ്ങും.
കോവിഡ് സമയത്ത് ഓൺലൈൻ ഡിമാൻഡ് വർധിച്ചപ്പോൾ നടത്തിയ അമിതമായ നിയമനങ്ങൾക്ക് പരിഹാരം കാണുക, കമ്പനി ഘടന ലളിതമാക്കുക എന്നീ ലക്ഷ്യങ്ങളാണ് പിരിച്ചുവിടലിന് പിന്നിൽ. കൂടാതെ, ആമസോൺ സി.ഇ.ഒ. ആൻഡി ജാസ്സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള സാങ്കേതികവിദ്യകളുടെ ഉപയോഗം വർധിക്കുന്നത് തൊഴിലവസരങ്ങൾ കുറയ്ക്കാൻ കാരണമാകുമെന്ന് നേരത്തെ സൂചന നൽകിയിരുന്നു.
പതിവായ ജോലികൾക്കായി എ.ഐ. ടൂളുകൾ ഉപയോഗിക്കുന്നതിലൂടെ കോർപ്പറേറ്റ് ടീമുകളുടെ കാര്യക്ഷമത വർധിച്ചുവെന്നും, ഇത് വലിയ തോതിലുള്ള തൊഴിലാളികളുടെ ആവശ്യകത കുറയ്ക്കുന്നതിലേക്ക് നയിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. വിപണിയിലെ മാന്ദ്യത്തിനിടയിലും, അവധിക്കാലത്തെ വർധിച്ചുവരുന്ന ആവശ്യകതകൾ പരിഗണിച്ച്, വെയർഹൗസുകളിലേക്കും മറ്റുമായി 2,50,000 സീസണൽ തൊഴിലാളികളെ നിയമിക്കാൻ ആമസോൺ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്.









0 comments