നയതന്ത്ര ദൗത്യസംഘം ദക്ഷിണ കൊറിയയിൽ പര്യടനം തുടരുന്നു

സോൾ: ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നിലപാട് ലോകരാജ്യങ്ങളെ അറിയിക്കാനുള്ള പാർലമെന്റ് അംഗം സഞ്‌ജയ് കുമാർ ഝാ നയിക്കുന്ന നയതന്ത്ര ദൗത്യസംഘം ദക്ഷിണകൊറിയയിൽ. സിപിഐഎം രാജ്യസഭാ നേതാവ് ജോൺ ബ്രിട്ടാസ് ഉൾപ്പെട്ട സംഘം ഞായറാഴ്‌ച ദക്ഷിണ കൊറിയ സന്ദർശിച്ച് സർക്കാർ പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തി. സംഘം സോളിലെ ഇന്ത്യൻ സമൂഹവുമായും സംവദിച്ചു.
കൊറിയൻ മുൻ വിദേശകാര്യ മന്ത്രി ഡോ. യൂൻ യങ്-ക്വാൻ, മുൻ വിദേശകാര്യ ഉപമന്ത്രി ചോ ഹ്യൂൺ, ഇന്ത്യയിലെ മുൻ കൊറിയൻ അംബാസഡർമാരായ ഷിൻ ബോങ്-കിൽ, ലീ ജൂൺ-ഗ്യു, പാർലമെന്ററി വിദേശകാര്യ കമ്മിറ്റി റാങ്കിംഗ് പ്രതിനിധി കിം ഗൺ, ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ ഡയറക്ടർ മേജർ ജനറൽ ഷിൻ സാങ്-ഗ്യുൻ എന്നിവരുൾപ്പെടെ വ്യക്തികളുമായി സംഘം ചർച്ച നടത്തി.
ഫിനാൻഷ്യൽ ആക്‌ഷൻ ടാക്‌സ് ഫോഴ്‌സ്(എഫ്എടിഎഫ് ) ഉൾപ്പെടെയുള്ളവയിൽ തിരുത്തൽ സ്വീകരിക്കേണ്ടതിനെക്കുറിച്ചും ഇന്ത്യ ചർച്ച നടത്തി. ഭീകരരും അവരെ സ്പോൺസർ ചെയ്യുന്നവരും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്ന് സംഘം വ്യക്തമാക്കി. ഭീകരതയ്‌ക്കെതിരായ തങ്ങളുടെ നിലപാട് കൊറിയയും അറിയിച്ചു. നാളെ നയതന്ത്ര ദൗത്യസംഘം കൊറിയൻ വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, ദേശീയ അസംബ്ലിയിലെ വിശിഷ്ട വ്യക്തികൾ എന്നിവരുമായി ആശയവിനിമയം നടത്തും. തുടർന്ന് മാധ്യമങ്ങളെ കാണും.









0 comments