ad
Deshabhimani

എയർബസ് എ320 വിമാനങ്ങൾക്ക് സോഫ്റ്റ്‌വെയർ നവീകരണം; 6,000 വിമാന സർവീസുകളില്‍ തടസ്സമുണ്ടായേക്കും

Flight
വെബ് ഡെസ്ക്

Published on Nov 29, 2025, 10:46 AM | 1 min read

പാരീസ്: എയർബസിന്റെ എ320 വിമാനങ്ങളിലെ സോഫ്റ്റ്‌വെയറിൽ സാങ്കേതിക പ്രശ്‌നങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് വിമാനക്കമ്പനികൾക്ക് മുന്നറിയിപ്പ്. ലോകമെമ്പാടുമുള്ള 6,000-ഓളം എ320 വിമാനങ്ങൾക്ക് സോഫ്റ്റ്‌വെയർ നവീകരണം ആവശ്യമാണെന്നും, ഇത് വിമാന സർവീസുകളിൽ വലിയ തടസ്സങ്ങൾക്ക് കാരണമായേക്കാമെന്നും എയർബസ് മുന്നറിയിപ്പ് നൽകി.


കഴിഞ്ഞ ഒക്ടോബറിൽ ജെറ്റ്ബ്ലൂ എയർലൈൻസിന്റെ എ320 വിമാനത്തിൽ സാങ്കേതിക തകരാറുണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രശ്നം കണ്ടെത്തിയത്. ശക്തമായ സൗരവികിരണം വിമാന നിയന്ത്രണ സംവിധാനങ്ങളുടെ സുപ്രധാന ഡാറ്റയെ തകരാറിലാക്കാൻ സാധ്യതയുണ്ടെന്ന് എയർബസ് അറിയിച്ചു. ഇതേത്തുടർന്ന്, വിമാനങ്ങൾ ഉടൻ തന്നെ അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കാൻ എയർബസ് ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകി.


വിമാന സർവീസുകളെ ബാധിക്കും


മിക്ക വിമാനങ്ങളിലെയും സോഫ്റ്റ്‌വെയർ മാറ്റാൻ "കുറച്ച് മണിക്കൂറുകൾ" മാത്രമേ എടുക്കൂ. എന്നാൽ, ഏകദേശം 1,000 വിമാനങ്ങളിൽ ഈ പ്രക്രിയ പൂർത്തിയാക്കാൻ ആഴ്ചകൾ വേണ്ടിവരുമെന്ന് വിദ​ഗ്ദർ അറിയിച്ചു. ഇത് വിമാന സർവീസുകളിൽ വലിയ കാലതാമസത്തിനും റദ്ദാക്കലുകൾക്കും കാരണമാകും.


ഇതിനോടകം, എയർ ഫ്രാൻസ് വെള്ളിയാഴ്ച മാത്രം 35 സർവീസുകൾ റദ്ദാക്കി. ശനിയാഴ്ച റദ്ദാക്കേണ്ട വിമാനങ്ങളുടെ എണ്ണം കണക്കാക്കുകയാണ്.


കൊളംബിയൻ വിമാനക്കമ്പനിയായ അവിയാൻക തങ്ങളുടെ 70 ശതമാനം വിമാനങ്ങളെയും പ്രശ്നം ബാധിച്ചതായി അറിയിച്ചു. അടുത്ത 10 ദിവസത്തേക്ക് കാര്യമായ തടസ്സങ്ങൾ ഉണ്ടാകുമെന്നും അവർ മുന്നറിയിപ്പ് നൽകി.


അമേരിക്കൻ എയർലൈൻസും സോഫ്റ്റ്‌വെയർ അപ്‌ഡേഷൻ ആരംഭിച്ചിട്ടുണ്ട്. യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച എയർബസ്, വിമാന സുരക്ഷക്കാണ് പരമമായ പ്രാധാന്യം നൽകുന്നതെന്നും കൂട്ടിച്ചേർത്തു. ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വിമാനങ്ങളിൽ ഒന്നാണ് എയർബസ് എ320.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home