Deshabhimani

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; എയർഏഷ്യ ജീവനക്കാർക്ക് ശമ്പളം വൈകും

AirAsia
വെബ് ഡെസ്ക്

Published on Nov 27, 2026, 06:06 PM | 1 min read

ക്വോലാലംപുർ : സാമ്പത്തിക പ്രതിസന്ധി രൂക്ഷം, ജീവനക്കാരുടെ ശമ്പളവിതരണം വൈകിപ്പിച്ച് എയർഏഷ്യ. നവംബർ മുതൽ അടുത്ത വർഷം മാർച്ച് വരെ ശമ്പളം മാസത്തെ അവസാന ദിവസമേ നൽകൂകയുള്ളൂ എന്ന് കമ്പനി ജീവനക്കാരെ അറിയിച്ചു. നേരത്തേ മാസത്തിന്റെ രണ്ടാം പകുതിയിൽ ജീവനക്കാർക്ക് ശമ്പളം ലഭിച്ചിരുന്നു. ലോകത്താകെ വൻകിട കമ്പനികൾ പിന്തുടരുന്ന പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ജീവനക്കാർക്ക് അയച്ച ഇമെയിലിൽ എയർഏഷ്യ വ്യക്തമാക്കി.


മലേഷ്യയിലെ ജീവനക്കാർക്കാണ് ആദ്യഘട്ടത്തിൽ അറിയിപ്പ് നൽകിയത്. നവംബർ മുതൽ അഞ്ചുമാസത്തേക്ക് ശമ്പളം മാസത്തിൽ അവസാന ദിവസം നൽകാനാണ് തീരുമാനം. നിലവിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ ജീവനക്കാരുടെ സഹകരണം ആവശ്യമാണെന്നും കമ്പനി അറിയിച്ചു. ശമ്പളം വെട്ടിക്കുറച്ചിട്ടില്ലെന്നാണ് നിലവിലെ റിപ്പോർട്ടുകൾ.


ഇന്ധനവിലയും നഷ്ടവും പ്രതിസന്ധി രൂക്ഷമാക്കി


പശ്ചിമേഷ്യയിലെ പ്രതിസന്ധിയെ തുടർന്ന് വിമാന ഇന്ധനവില ഉയർന്നതും വിദേശനാണ്യ വിനിമയത്തിലെ നഷ്ടവും കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചതായാണ് വിലയിരുത്തൽ. ഈ വർഷം കമ്പനിയുടെ ഓഹരി വിലയിൽ 70 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, തുടർച്ചയായ മൂന്നാം പാദത്തിലും കമ്പനി നഷ്ടത്തിലാണ്. സെപ്റ്റംബർ 30ലെ കണക്കനുസരിച്ച് കമ്പനിയുടെ ബാങ്ക് നിക്ഷേപങ്ങൾ കുറഞ്ഞിട്ടുണ്ട്.


പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ലാഭകരമല്ലാത്ത സർവീസുകൾ നിർത്തിവച്ചു. വാടകയ്ക്കെടുത്ത 25 വിമാനങ്ങൾ കമ്പനികൾക്ക് തിരിച്ചുനൽകുകയും ചെയ്തിട്ടുണ്ട്. അടുത്ത വർഷം കൂടുതൽ വിമാന സർവീസുകൾ ഒഴിവാക്കാനും, വായ്പാദാതാക്കളുടെ ബാധ്യതകൾ തീർപ്പാക്കാനും നീക്കമുണ്ട്. ഈ നടപടികളിലൂടെ 2028ഓടെ കമ്പനിയെ വീണ്ടും വളർച്ചയുടെ പാതയിലെത്തിക്കുകയാണ് ലക്ഷ്യം.


ഫിലിപ്പീൻസിൽ പിരിച്ചുവിടൽ


എയർഏഷ്യയുടെ ഫിലിപ്പീൻസ് യൂണിറ്റ് ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ തീരുമാനം എത്രപേരെ ബാധിക്കുമെന്ന് വ്യക്തമല്ല. അതേസമയം, 90 പൈലറ്റുമാരെ പിരിച്ചുവിട്ടതായും, ഇതേത്തുടർന്ന് പൈലറ്റുമാരുടെ യൂണിയൻ പണിമുടക്ക് നോട്ടീസ് നൽകിയതായും റിപ്പോർട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്ന നടപടികൾ വിമാന സർവീസുകളെയോ ബുക്കിങ് സംവിധാനത്തെയോ ബാധിക്കില്ലെന്നാണ് കമ്പനി പറയുന്നത്.


ഏഷ്യയിലെ ഏറ്റവും വലിയ ചെലവുകുറഞ്ഞ വിമാനക്കമ്പനികളിലൊന്നായ എയർഏഷ്യയിൽ ഏകദേശം 26,000 ജീവനക്കാരാണുള്ളത്. ഇന്ധനച്ചെലവും കടബാധ്യതയും വർധിക്കുന്നതിനിടെ ശമ്പളവിതരണം വൈകിപ്പിക്കാനുള്ള തീരുമാനം ജീവനക്കാരുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home