കോംഗോയില്‍ നിന്നുള്ള യാത്രക്കാരന്‍ കയറി: യുഎസിലേക്കുള്ള എയർ ഫ്രാൻസ് വിമാനം കാനഡയിലേക്ക് തിരിച്ചുവിട്ടു

ടൊറന്റോ : കോംഗോ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിൽ എബോള പൊട്ടിപ്പുറപ്പെട്ടതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളെത്തുടർന്ന് യുഎസിലേക്കുള്ള എയർ ഫ്രാൻസ് വിമാനം കാനഡയിലെ മോൺട്രിയലിലേക്ക് തിരിച്ചുവിട്ടു. കോംഗോയിൽ നിന്നുള്ള യാത്രക്കാരൻ വിമാനത്തിൽ കയറിയതിനെ തുടർന്നാണ് ഡിട്രോയിറ്റിലേക്ക് പോകുകയായിരുന്ന എയർ ഫ്രാൻസ് വിമാനം മോൺട്രിയലിലേക്ക് തിരിച്ചുവിട്ടതെന്ന് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ അറിയിച്ചു. എബോള പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ കോംഗോയിൽ നിന്നുള്ള യാത്രക്കാർക്ക് യുഎസ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ഇതിനെത്തുടർന്ന് വിമാനം ഡെട്രോയിറ്റ് മെട്രോപൊളിറ്റൻ വെയ്ൻ കൗണ്ടി വിമാനത്താവളത്തിൽ ഇറങ്ങുന്നത് വിലക്കുകയും പകരം കാനഡയിലെ മോൺട്രിയലിലേക്ക് തിരിച്ചുവിടുകയും ചെയ്തെന്നും യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വക്താവ് പറഞ്ഞു. കോംഗോ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വാഷിംഗ്ടൺ വഴി മാത്രമേ യുഎസിലേക്ക് പ്രവേശിക്കാൻ കഴിയൂ എന്ന പുതിയ നിയന്ത്രണങ്ങൾ കാരണമാമ് കോംഗോ യാത്രക്കാരന് യുഎസിലേക്ക് പ്രവേശനം നിഷേധിച്ചതെന്ന് എയർ ഫ്രാൻസ് അറിയിച്ചു. കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിൽ താമസിച്ചിട്ടുള്ള എല്ലാ അമേരിക്കൻ പൗരന്മാരും മറ്റ് രാജ്യങ്ങളില്ഡ വിദഗ്ധ പരിശോധനയ്ക്കായി വാഷിംഗ്ടൺ ഡള്ളസ് അന്താരാഷ്ട്ര വിമാനത്താവളം വഴി മാത്രമേ പ്രവേശിക്കാവൂ എന്ന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു.
യാത്രക്കാരന് രോഗലക്ഷണങ്ങളില്ലെന്ന് മോൺട്രിയലിലെ പൊതുജനാരോഗ്യ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. യാത്രക്കാരൻ പാരീസിലേക്ക് തിരിച്ചുപോയതായും ഉദ്യോഗസ്ഥർ പറഞ്ഞു. മറ്റു യാത്രക്കാരുമായി എയർ ഫ്രാൻസ് ഡെട്രോയിറ്റിലേക്ക് യാത്ര തുടർന്നു. ഞായറാഴ്ച ലോകാരോഗ്യ സംഘടന എബോള പൊട്ടിപ്പുറപ്പെടുന്നത് അന്താരാഷ്ട്ര തലത്തിൽ ആശങ്കാജനകമായ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു. ബുണ്ടിബുഗ്യോ വൈറസ് മൂലമുള്ള രോഗമാണ് നിലവിൽ പടരുന്നത്. ഇതിന് വാക്സിനോ മരുന്നോ ലഭ്യമല്ല.










0 comments