print edition ‘വിരലുകൾ കാഞ്ചിയിൽ തൊട്ടിരിക്കുന്നു’ ; യുഎസ് ഭീഷണിക്ക് ഇറാന്റെ മറുപടി

തെഹ്‌റാൻ
പശ്‌ചിമേഷ്യയിലേക്ക് പടക്കപ്പൽവ്യൂഹത്തെ അയച്ച് അമേരിക്ക ഭീഷണി തുടരുന്പോൾ ശക്തമായി പ്രതികരിച്ച് ഇറാൻ. അമേരിക്കയുടെ ഏത് ആക്രമണത്തോടും ഉടനടി ശക്തമായി പ്രതികരിക്കാൻ ഇറാൻ സേന സജ്ജമാണെന്ന് വിദേശമന്ത്രി അബ്ബാസ് അരാഗ്‌ചി വ്യക്തമാക്കി. ആണവകരാർ ഒപ്പിട്ടില്ലെങ്കിൽ ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ച് മണിക്കൂറുകൾക്കമാണ് പ്രതികരണം.
‘ഞങ്ങളുടെ കര, വായു, കടൽ എന്നിവയ്ക്കെതിരായ ഏതൊരു ആക്രമണത്തെയും ഉടനടി ശക്തമായി നേരിടാൻ ധീരരായ സായുധസേനകൾ സജ്ജരാണ്.- അവരുടെ വിരലുകൾ കാഞ്ചിയിൽ പിടിച്ചിരിക്കുന്നു’– അബ്ബാസ് അരാഗ്ചി സമൂഹമാധ്യമ പോസ്‌റ്റിൽ ട്രംപിന് മറുപടി നൽകി.
ഇറാനു പിന്നാലെ ഇറാഖിനുനേരെയും ട്രംപ് ഭീഷണി മുഴക്കി. ഇറാന്റെ പിന്തുണയുള്ള നൂരി അൽ മാലികി പ്രധാനമന്ത്രിയായാൽ അമേരിക്ക ഇടപെടുമെന്നാണ് മുന്നറിയിപ്പ്.
ഇറാനെതിരെ ഇയു ഉപരോധം
ഇറാനിൽ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങൾ അടിച്ചമർത്താൻ സ്വീകരിച്ച നടപടികളുടെ പേരിൽ റെവലൂഷനറി ഗാർഡിലെ ഉന്നത കമാൻഡർമാർ ഉൾപ്പെടെ 15 ഇറാനിയൻ ഉദ്യോഗസ്ഥർക്കെതിരെ യൂറോപ്യൻ യൂണിയൻ ഉപരോധം പ്രഖ്യാപിച്ചു. ആറ് ഇറാനിയൻ സംഘടനകൾക്ക് വിലക്കേർപ്പെടുത്തി. നിരവധി രാജ്യങ്ങൾ ഇറാനെതിരെ ഏർപ്പെടുത്തിയ മറ്റ് ഉപരോധങ്ങളെ തുടർന്നാണ് യൂറോപ്യൻ യൂണിയന്റെ നടപടി. ആഴ്‌ചകൾ നീണ്ട പ്രതിഷേധത്തിൽ ഇറാനിൽ 6,300-ലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
ഇറാൻ ആഭ്യന്തരമന്ത്രി എസ്‌കന്ദർ മൊമേനി, പ്രോസിക്യൂട്ടർ ജനറൽ മുഹമ്മദ് മൊവാഹെദി ആസാദ്, പ്രിസൈഡിങ് ജഡ്ജി ഇമാൻ അഫ്ഷാരി എന്നിവർ ഉൾപ്പെടെയുള്ളവർക്ക് ഉപരോധം ഏർപ്പെടുത്തിയതായി യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു.










0 comments