ആക്രമണം നിർത്തിയാലേ 
ആണവചർച്ചയ്ക്കുള്ളൂ: ഇറാൻ

യുഎസ് ഇടപെട്ടാല്‍ എല്ലാവര്‍ക്കും അപകടം ; ഇറാന്റെ മുന്നറിയിപ്പ്

abbas araghchi Israel Iran Conflict

അബ്ബാസ് അരാഗ്ചി

വെബ് ഡെസ്ക്

Published on Jun 22, 2025, 03:49 AM | 2 min read


ജനീവ

ഇറാനെ കടന്നാക്രമിക്കുന്ന ഇസ്രയേലുമായി കൈകോര്‍ക്കാനാണ് അമേരിക്കയുടെ നീക്കമെങ്കില്‍ "അത് എല്ലാവര്‍ക്കും അപകടം ചെയ്യു'മെന്ന് മുന്നറിയിപ്പ് നൽകി ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്ചി. ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം തുടർച്ചയായി രണ്ടാം ആഴ്ചയും തുടരവേ, അമേരിക്ക ഇസ്രയേലിനൊപ്പം ചേരുമെന്ന റിപ്പോര്‍ട്ടിനോടാണ് അരാഗ്ചിയുടെ പ്രതികരണം. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്റെ യോഗത്തിനിടെ പാശ്ചാത്യ വാര്‍ത്ത ഏജന്‍സിയായ എപിയോടാണ്‌ അദ്ദേഹം ഇക്കാര്യം പറഞ്ഞത്.


ഇറാനെതിരായ സൈനികനീക്കം "എത്ര കാലം വേണമെങ്കിലും" തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. രണ്ടാഴ്‌ചക്കകം അമേരിക്ക സൈനിക നടപടി പരിഗണിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാട്.


ആക്രമണം നിർത്തിയാലേ 
ആണവചർച്ചയ്ക്കുള്ളൂ: ഇറാൻ

ഇസ്രയേൽ ആക്രമണം തുടരുമ്പോൾ ആണവപദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ പുനരാരംഭിക്കില്ലെന്ന് ഇറാൻ. സംഘർഷം നീളുമെന്ന്‌ ഇസ്രയേൽ പ്രതിരോധമന്ത്രി മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ്‌ ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്ചി നിലപാട്‌ വ്യക്തമാക്കിയത്‌.


വെള്ളിയാഴ്‌ച ജനീവയിൽ യൂറോപ്യൻ വിദേശമന്ത്രിമാരുമായി അരാഗ്ചി നടത്തിയ ചർച്ചയിൽ ആണവപ്രശ്‌നം പരിഹരിക്കാൻ അമേരിക്കയുമായുള്ള നയതന്ത്രശ്രമം പുനരാരംഭിക്കാൻ നിർദേശമുയർന്നു. ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചാലേ ഇറാൻ നയതന്ത്രമാർഗം പരിഗണിക്കാൻ തയ്യാറാകൂവെന്ന് അരാഗ്ചി പറഞ്ഞു. ഇറാന്റെ ആണവപദ്ധതി സമാധാനപരമാണ്‌. ഇസ്രയേലിന്റെ ആക്രമണം അന്താരാഷ്‌ട്ര നിയമത്തിന്റെ ലംഘനമാണ്‌. ഇറാൻ സ്വയം പ്രതിരോധത്തിനുള്ള നിയമപരമായ അവകാശം വിനിയോഗിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാരാന്ത്യത്തിൽ അറബ് ലീഗിന്റെ പ്രതിനിധികളുമായി ഇസ്‌താംബൂളിൽ നടക്കുന്ന മറ്റൊരു ചർച്ചയിലും അരാഗ്ചി പങ്കെടുക്കും.


ആക്രമണം അവസാനിക്കുന്നത് കാത്തിരിക്കാതെ, അമേരിക്ക ഉൾപ്പെടെ എല്ലാ കക്ഷികളുമായും ചർച്ചകൾ പരിഗണിക്കാൻ ഫ്രഞ്ച് വിദേശമന്ത്രി ഴാങ്‌-നോയൽ ബാരറ്റ് ഇറാനെ ക്ഷണിച്ചു. ആണവ പ്രശ്‌നത്തിന് സൈനിക മാർഗങ്ങളിലൂടെ പരിഹാരം ഉണ്ടാകില്ലെന്നും ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് അപകടകരമാണെന്നും ബാരറ്റ്‌ മുന്നറിയിപ്പ് നൽകി.


അതേസമയം, ഇറാനും ബ്രിട്ടൻ, ഫ്രാൻസ്, ജർമനി വിദേശമന്ത്രിമാരും യൂറോപ്യൻ യൂണിയൻ പ്രതിനിധികളും തമ്മിലുള്ള ചർച്ചകളെ അമേരിക്കൻ പ്രസിഡന്റ് തള്ളിക്കളഞ്ഞു. ഇറാൻ യൂറോപ്പിനോട് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങളോട് സംസാരിക്കാൻ ആഗ്രഹിക്കുന്നു. യൂറോപ്പിന് സഹായിക്കാൻ കഴിയില്ല. ആളുകൾക്ക്‌ ബോധം വരുമോ എന്ന് നോക്കാമെന്നും ഇറാന്‌ തീരുമാനമെടുക്കാൻ രണ്ടാഴ്‌ചത്തെ സമയം നൽകുമെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. നീണ്ടുനിൽക്കുന്ന ആക്രമണത്തിന്‌ തയ്യാറാകണമെന്ന് ഇസ്രയേൽ സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് ഇയാൽ സമീർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home