പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ഏറ്റുമുട്ടല്‍; എട്ട് ടിടിപി തീവ്രവാദികൾ കൊല്ലപ്പെട്ടതായി പൊലീസ്

പെഷവാർ : പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ വെള്ളിയാഴ്ച നടന്ന ഓപ്പറേഷനിൽ എട്ട് ടിടിപി തീവ്രവാദികൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിൽ ലക്കി മർവാത് ജില്ലയിലെ വാണ്ട ഷെയ്ഖ് അല്ലാഹ് പ്രദേശത്താണ് ഓപ്പറേഷൻ നടത്തിയത്. നിരോധിത സംഘടനയായ തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാനിൽ നിന്നുള്ള എട്ട് ഭീകരർ കൊല്ലപ്പെട്ടതായും അഞ്ച് പേർക്ക് പരിക്കേറ്റതായും പൊലീസ് പറഞ്ഞു.
മറ്റൊരു സംഭവത്തിൽ, വെള്ളിയാഴ്ച തെക്കൻ വസീറിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ടാങ്ക് ജില്ലയിൽ പുതുതായി നിർമിച്ച പെൺകുട്ടികളുടെ സർക്കാർ പ്രൈമറി സ്കൂൾ അജ്ഞാതർ ബോംബ് വച്ചു തകർത്തു. സിയാൽ ഗുൽ കൊറോണയിലെ ഗരാ ബുധ ഗ്രാമത്തിലായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു. സ്ഫോടനം നടക്കുമ്പോൾ കെട്ടിടത്തിൽ ആരും ഇല്ലായിരുന്നുവെന്നും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. സ്കൂൾ ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. എങ്കിലും ടാങ്ക് ജില്ലയിൽ സജീവമായ ടിടിപിയുടെ വിഭജന ഗ്രൂപ്പുകളാണ് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദശകത്തിൽ പ്രവിശ്യയിലെ 450-ലധികം സ്‌കൂളുകൾ ഇത്തരം ആക്രമണങ്ങളിൽ നശിപ്പിക്കപ്പെട്ടു. ഇതേത്തുടർന്ന് നിരവധി വിദ്യാർഥികൾ പഠനം ഉപേക്ഷിച്ചതായി പ്രാദേശിക സന്നദ്ധ സംഘടനകൾ ശേഖരിച്ച കണക്കുകൾ വ്യക്തമാക്കുന്നു. സ്വാത് താഴ്‌വരയിലും ടിടിപിയുടെ നിയന്ത്രണത്തിലുള്ള ഗോത്ര പ്രദേശങ്ങളിലും പെൺകുട്ടികളുടെ സ്കൂളുകൾക്ക് നേരെ ഒന്നിലധികം ആക്രമണങ്ങൾ കഴിഞ്ഞ വർഷങ്ങളിലുണ്ടായതായാണ് റിപ്പോർട്ട്.
ഖൈബർ പഖ്തൂൺഖ്വയിൽ ഈ വർഷം ഇതുവരെ 298 പേർ തീവ്രവാദ ആക്രമണങ്ങളിൽ മരിച്ചതായി വ്യാഴാഴ്ച പ്രസിദ്ധീകരിച്ച തീവ്രവാദ വിരുദ്ധ വകുപ്പിന്റെ (സിടിഡി) റിപ്പോർട്ടിൽ പറയുന്നു. ഒക്ടോബർ 22 വരെ പ്രവിശ്യയിലുടനീളമുള്ള വിവിധ ഭീകരാക്രമണങ്ങളിലായി 117 പൊലീസ് ഉദ്യോഗസ്ഥരും 181 സാധാരണക്കാരും കൊല്ലപ്പെട്ടുവെന്നും 486 പേർക്ക് പരിക്കേറ്റുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഖൈബർ പഖ്തുൺഖ്വയിൽ ഉടനീളം 2,366 ഇന്റലിജൻസ് അധിഷ്ഠിത ഓപ്പറേഷനുകൾ നടത്തി. 1,124 തീവ്രവാദികളെ അറസ്റ്റ് ചെയ്യുകയും 368 തീവ്രവാദികളെ വെടിവച്ചുകൊല്ലുകയും ചെയ്തതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഈ വർഷം തീവ്രവാദവുമായി ബന്ധപ്പെട്ട വിവിധ കേസുകളിലായി 6,181 പ്രതികളെ പിടികൂടി.










0 comments