ഇന്തോനേഷ്യ സുനാമി: മരണം 168; നിരവധിയാളുകളെ കാണാതായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 23, 2018, 09:49 AM | 0 min read

ജക്കാര്‍ത്ത > ഇന്തോനേഷ്യയിലെ സുന്ദ സ്ട്രെയ്റ്റ് തീരപ്രദേശത്ത് ശനിയാഴ്ച രൂപപ്പെട്ട സുനാമിയില്‍ മരണ സംഖ്യ 168 ആയി ഉയര്‍ന്നു. അറുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. നിരവധിയാളുകളെ കാണാതായിട്ടുണ്ട്. ശനിയാഴ്ച പ്രദേശിക സമയം രാത്രി 9.30 ഓടെ സുനാമിത്തിരകള്‍ നാശം വിതച്ചത്. നൂറു കണക്കിന് കെട്ടിടങ്ങള്‍ നശിച്ചതുള്‍പ്പെടെ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

കടലിനടിയില്‍ ഉണ്ടായ അഗ്‌നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലാണ് സുനാമിക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. 65 അടിയോളം ഉയരത്തിലാണ് തിരയടിച്ചത്. ജാവയിലെ പാന്‍ഡെഗ്ലാംഗിലാണ് സുനാമി ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കരുതുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്തോനേഷ്യയിലെ സുലേവാസി ദ്വീപിലുണ്ടായ ഭൂചലനത്തിലും മണ്ണിടിച്ചിലിലും ആയിരത്തില്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.

ഭൂചലനവും സുനാമിയും നിരന്തരം നാശം വിതയ്ക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ. 2004 ഡിസംബര്‍ 24ന് ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ ഇന്തോനേഷ്യയില്‍ മാത്രം 120,000 പേര്‍ കൊല്ലപ്പെട്ടിരുന്നു. പതിമൂന്ന് രാജ്യങ്ങളിലായി ആഞ്ഞടിച്ച സുനാമിയില്‍ 226,000 പേരാണ് 2004ല്‍ കൊല്ലപ്പെട്ടത്. 



deshabhimani section

Related News

View More
0 comments
Sort by

Home