കുടുംബ സമേതം 30 വർഷമായി അമേരിക്കയിൽ; രേഖകൾ ഇല്ലെന്ന കാരണത്താൽ 73 കാരിയായ സിഖ് വനിത തടവിൽ

30 വർഷത്തിലേറെയായി വടക്കൻ കാലിഫോർണിയയിലെ ഈസ്റ്റ് ബേയിൽ താമസിക്കുന്ന സിഖ് വനിത ഹർജിത് കൗറിനെ ഇമിഗ്രേഷൻ അധികൃതർ കസ്റ്റഡിയിലെടുത്തു. പതിവ് ചെക്ക്-ഇൻ പരിശോധനകൾക്കായി എത്തിയപ്പോഴാണ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) തടവിലാക്കിയത്.
കൂടുതൽ രേഖകൾ സമർപ്പിക്കാൻ സാൻ ഫ്രാൻസിസ്കോ ഓഫീസിലേക്ക് വരാൻ ആവശ്യപ്പെട്ടാണ് കസ്റ്റഡിയിൽ എടുത്തത്. കൗറിനെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അവരുടെ കുടുംബാംഗങ്ങൾ ഉൾപ്പടെ നൂറുകണക്കിനുപേർ പ്രതിഷേധിച്ചു.
ഇൻഡിവിസിബിൾ വെസ്റ്റ് കോൺട്രാ കോസ്റ്റ കൗണ്ടിയും സിഖ് സെന്ററും ചേർന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്. യുഎസ് പ്രതിനിധി ജോൺ ഗാരമെൻഡിയുടെ സ്റ്റാഫ് അംഗങ്ങളും മറ്റ് രാഷ്ട്രീയ നേതാക്കളും പ്രതിഷേധത്തിൽ പങ്കാളിയായി.
ഹർജിത് കൗറിനെ ബേക്കേഴ്‌സ്‌ഫീൽഡിലെ ഒരു തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കയാണ്. രണ്ട് ആൺമക്കളുള്ള ഒറ്റ അമ്മയായാണ് 1992 ൽ അവർ ഇന്ത്യയിൽ നിന്ന് അമേരിക്കയിൽ എത്തിയത്. 2012-ൽ അവരുടെ അഭയ ആവശ്യപ്പെട്ടുള്ള കേസ് നിരസിക്കപ്പെട്ടു, എന്നാൽ അതിനുശേഷം 13 വർഷത്തിലേറെയായി ഓരോ ആറുമാസത്തിലും സാൻ ഫ്രാൻസിസ്കോയിലെ ഐസിഇയിൽ റിപ്പോർട്ട് ചെയ്ത് തുടരുകയായിരുന്നു.
ഇവർക്ക് ഇപ്പോൾ രണ്ട് മൂന്ന് പേരക്കുട്ടികളും ഉണ്ട്. രണ്ട് പതിറ്റാണ്ടിലേറെയായി ഒരു പ്രാദേശിക ഇന്ത്യൻ വസ്ത്രശാലയിൽ ജോലി ചെയ്തു.
"പ്രസിഡന്റ് ട്രംപ് തന്റെ കുടിയേറ്റ നയത്തിലെ "ഏറ്റവും മോശമായതിൽ ഏറ്റവും മോശമായത്" പിന്തുടരുകയാണ്. 13 വർഷത്തിലേറെയായി ആറുമാസം കൂടുമ്പോൾ ഐസിഇയിൽ റിപ്പോർട്ട് ചെയ്യുന്ന, സമൂഹത്തിലെ ആദരണീയയായ 73 വയസ്സുള്ള ഒരു സ്ത്രീയെ തടങ്കലിൽ വയ്ക്കാനുള്ള ഈ ഭരണകൂടത്തിന്റെ തീരുമാനം ട്രംപിന്റെ കുടിയേറ്റ നിർവ്വഹണത്തിന്റെ തെറ്റായ മുൻഗണനകളുടെ ഒരു ഉദാഹരണം കൂടിയാണെന്ന് യുഎസ് പ്രതിനിധി ജോൺ ഗാരമെൻഡി പറഞ്ഞു.









0 comments