അല്‍ അഖ്സയില്‍ പ്രകോപനം : 2 പലസ്തീന്‍കാരെക്കൂടി ഇസ്രയേല്‍ വധിച്ചു

ജറുസലേം/ഹേഗ് > ജെറുസലേമിലെ അല്‍ അഖ്സ പള്ളിയില്‍ വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ പ്രതിഷേധിക്കുന്ന പലസ്തീന്‍ യുവാക്കള്‍ക്കെതിരെ ഇസ്രയേല്‍ സേനയുടെ അതിക്രമം തുടരുന്നു. ശനിയാഴ്ച പ്രതിഷേധക്കാര്‍ക്കെതിരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ രണ്ട് പലസ്തീന്‍ യുവാക്കള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതോടെ മൂന്നുദിവസത്തിനിടെ കൊല്ലപ്പെടുന്ന പലസ്തീന്‍കാരുടെ എണ്ണം ആറായി. മേഖലയില്‍ സംഘര്‍ഷാവസ്ഥ അയവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി തിങ്കളാഴ്ച അടിയന്തരയോഗം ചേരും. ഫ്രാന്‍സ്, സ്വീഡന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ അഭ്യര്‍ഥന മാനിച്ചാണ് അടിയന്തരയോഗം. ഇസ്രയേല്‍ സൈന്യത്തിന്റെ നടപടിയെ അപലപിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ട്റസ് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും സംഘര്‍ഷാവസ്ഥ ലഘൂകരിക്കാന്‍ ഇസ്രയേലിന്റെയും പലസ്തീന്റെയും നേതാക്കള്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
അതിനിടെ അല്‍ അഖ്സ പള്ളിയുടെ പ്രവേശനകവാടത്തില്‍ പുതിയ ചാര ക്യാമറകള്‍ സ്ഥാപിച്ച് ഇസ്രയേല്‍ പ്രകോപനം തുടരുകയാണ്. പള്ളിക്ക് ചുറ്റും മെറ്റല്‍ ഡിറ്റക്ടറുകളും മറ്റ് സുരക്ഷാ ക്രമീകരണങ്ങളുമൊരുക്കി പലസ്തീന്‍ യുവാക്കള്‍ക്ക് പ്രാര്‍ഥിക്കാനുള്ള അവസരം നിഷേധിച്ച ഇസ്രയേല്‍ നടപടിയില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് വീണ്ടും ചാര ക്യാമറകള്‍ സ്ഥാപിച്ചത്.
പ്രതിഷേധം വ്യാപകമായതോടെ പള്ളിയില്‍ സ്ഥാപിച്ച മെറ്റല്‍ഡിറ്റക്ടറിന് പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇസ്രയേല്‍ അറിയിച്ചു. ഇതുസംബന്ധിച്ചുള്ള ചര്‍ച്ചയ്ക്കായി മുസ്ളീം രാജ്യങ്ങളുടെ യോഗം വിളിച്ചതായി മേജര്‍ ജനറല്‍ യോവ് മോര്‍ഡഷാ അറിയിച്ചു. മെറ്റല്‍ ഡിറ്റക്ടറുകള്‍ക്ക് പകരം ഒരുക്കേണ്ട സുരക്ഷാക്രമീകരണങ്ങളെക്കുറിച്ച് ജോര്‍ദാനും മറ്റ് അറബ് രാജ്യങ്ങളും നിര്‍ദേശം സമര്‍പ്പിക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
പള്ളിക്കുള്ളില്‍ ഇനിയാരും ആയുധങ്ങളുമായി പ്രവേശിക്കാതിരിക്കാനുള്ള മുന്‍കരുതലാണ് ഇസ്രയേല്‍ സ്വീകരിക്കുന്നതെന്ന് സൈനികനടപടിക്ക് നേതൃത്വംനല്‍കുന്ന മേജര്‍ ജനറല്‍ യോവ് മോര്‍ഡഷായ് അവകാശപ്പെട്ടു. അതേസമയം പള്ളിക്ക് പുറത്തുള്ള കൂട്ടപ്രാര്‍ഥനകളും പ്രതിഷേധങ്ങളും തുടരുകയാണ്. പള്ളിയിലെ നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കുന്നതുവരെ പള്ളിക്ക് പുറത്തുള്ള പ്രാര്‍ഥനകളും പ്രതിഷേധവും തുടരുമെന്ന് ജറുസലേമിലെ മുസ്ളിം ആത്മീയനേതാവ് മുഹമ്മദ് ഹുസൈന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അല്‍ അഖ്സ പള്ളിയിലെ വിലക്ക് പിന്‍വലിക്കുന്നതുവരെ ഇസ്രയേലുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചതായി പലസ്തീന്‍ പ്രസിഡന്റ് മെഹ്മൂദ് അബ്ബാസ് പ്രഖ്യാപിച്ചിരുന്നു.









0 comments