ജപ്പാനിൽ ഭൂചലനം; 5.5 തീവ്രത

ടോക്കിയോ : ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. സുനാമി സാധ്യതയില്ലെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു. ചൊവ്വാഴ്ച ടോക്കിയോ ഉൾപ്പെടെയുള്ള കിഴക്കൻ ജപ്പാനിലാണ് ഭൂകമ്പമുണ്ടായത്. ടോക്കിയോയുടെ വടക്കുകിഴക്കായി തെക്കൻ ഇബരാക്കി പ്രിഫെക്ചറിൽ ഏകദേശം 50 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു. വൈകുന്നേരം 7.46നായിരുന്നു സംഭവം.
ഭൂകമ്പത്തിൽ ഇതുവരെ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അഗ്നിശമന, ദുരന്തനിവാരണ ഏജൻസി അറിയിച്ചു. സുരക്ഷാ മുൻകരുതലെന്ന നിലയിൽ വടക്കുകിഴക്കൻ മേഖലകളിലേക്ക് സർവീസ് നടത്തുന്ന ഷിങ്കൻസെൻ ബുള്ളറ്റ് ട്രെയിനുകൾ താൽക്കാലികമായി സർവീസ് നിർത്തിവച്ചതായി ഈസ്റ്റ് ജപ്പാൻ റെയിൽവേ കമ്പനി അറിയിച്ചു.
ഭൂകമ്പത്തെത്തുടർന്ന് ജോറ്റ്സു, ഹൊകുരികു ഷിങ്കൻസെൻ ലൈനുകളുടെ ചില ഭാഗങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായി ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലോകത്തിലെ ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിലൊന്നായ പസഫിക് റിംഗ് ഓഫ് ഫയറിലാണ് ജപ്പാൻ സ്ഥിതി ചെയ്യുന്നത്.










0 comments