കൂട്ടബലാത്സംഗത്തിനു ശേഷം മുഖത്ത് ആസിഡ് ഒഴിച്ചു; മിസോറാമിൽ രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് 42 വർഷം കഠിനതടവ്

പ്രതീകാത്മകചിത്രം
ഐസ്വാൾ : മിസോറാമിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം മുഖത്ത് ആസിഡ് ഒഴിച്ച കേസിൽ രണ്ട് അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) ജവാൻമാർക്ക് 42 വർഷം കഠിനതടവ്. 2017 ൽ നടന്ന കേസിൽ മിസോറാമിലെ ഐസ്വാൾ ജില്ലയിലെ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയാണ് സൈനികരെ ശിക്ഷിച്ചത്.
ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ സുഹൃത്തിന്റെ കൊലപാതകക്കുറ്റത്തിൽ നിന്ന് ഇരുവരെയും ഒഴിവാക്കി. ബിഎസ്എഫ് ജവാൻമാരായ നിലഞ്ജൻ ദാസ്, ദിനേശ് കുമാർ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കൂട്ടബലാത്സംഗത്തിന് 20 വർഷം കഠിനതടവും ഗുരുതരമായ ശാരീരിക ഉപദ്രവത്തിന് 10 വർഷം കഠിനതടവും ആസിഡ് ആക്രമണത്തിന് 12 വർഷം തടവുമാണ് ശിക്ഷ. 60,000 രൂപ വീതം പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ഓരോ വകുപ്പിലും രണ്ട് മാസം കൂടി തടവ് അനുഭവിക്കണം.
2017 ജൂലൈ 16 ന് മാമിത് ജില്ലയിലെ സിൽസുരി വെസ്റ്റ് ഗ്രാമത്തിലെ ഗാസ്കറ്റ നദിക്ക് സമീപമാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശിയായ നിലഞ്ജൻ ദാസും ഉത്തർപ്രദേശ് സ്വദേശിയായ ദാസ്, ദിനേശ് കുമാറും മിസോറാം-ബംഗ്ലാദേശ് അതിർത്തിയിലെ ബിഎസ്എഫ് ക്യാമ്പിലായിരുന്നു ജോലി ചെയ്തിരുന്നത്.
വനവിഭവങ്ങൾ ഗാസ്കറ്റ അരുവിക്കരയിലുള്ള കാട്ടിലേക്ക് പോയപ്പോഴാണ് അതിജീവിതയും കൂട്ടുകാരി രംഗോബിയും ആക്രമിക്കപ്പെട്ടത്. അതിജീവിതയെ ബലമായി അടുത്തുള്ള ഒരു വെറ്റിലത്തോട്ടത്തിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് മുഖത്ത് ആസിഡ് ഒഴിച്ചു. ആക്രമണത്തിൽ യുവതിയുടെ മുഖത്ത് ഗുരുതരമായി പൊള്ളലേൽക്കുകയും ഒരു കണ്ണിന്റെ കാഴ്ച നഷ്ടമാവുകയും ചെയ്തു.
അതിജീവിതയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് ദിവസത്തിന് ശേഷം മാർപാറ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. സംഭവസമയത്ത് ഒപ്പമുണ്ടായിരുന്ന രംഗ്ബിയെ സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷം കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിലും ഫോറൻസിക് പരിശോധനയിലും യുവതി കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തി.
അന്വേഷണത്തിനിടെ, അതിജീവിതയുടെ വസ്ത്രങ്ങളിൽ നിന്നും മരിച്ച യുവതിയുടെ മൃതദേഹാവശിഷ്ടങ്ങളിൽ നിന്നും ആസിഡിന്റെ അംശം കണ്ടെത്തിയിരുന്നു. 2017 സെപ്തംബർ 5 ന് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ നടത്തിയ തിരിച്ചറിയൽ പരേഡിനിടെ അതിജീവിത രണ്ട് പ്രതികളെയും തിരിച്ചറിഞ്ഞു. ജൂൺ 12ന് ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. എങ്കിലും തെളിവുകളുടെ അഭാവത്തിൽ കൊലപാതകക്കുറ്റത്തിൽ നിന്ന് ഇരുവരെയും മോചിതരാക്കുകയായിരുന്നു.









0 comments