print edition ഉച്ചകോടി സമാപിച്ചു; യുഎസ്–ഇറാൻ കരാറിന് ജി7 പിന്തുണ

എവീയാൺ: ഭിന്നതകൾക്കൊടുവിൽ സുപ്രധാന തീരുമാനങ്ങളോടെ 52-ാമത് ജി–7 ഉച്ചകോടിക്ക് ഫ്രാൻസിലെ എവീയാൺ-ലെ- ബെയിൻസിൽ സമാപനം. റഷ്യയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തുടക്കത്തിൽ കടുത്ത അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നെങ്കിലും, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ള എല്ലാ നേതാക്കളും പൂർണ യോജിപ്പിലെത്തി.
സംയുക്ത പ്രഖ്യാപനവും ആറു മേഖലകൾ തിരിച്ചുള്ള പ്രസ്താവനകളും ഉച്ചകോടി ഏകകണ്ഠമായി അംഗീകരിച്ചു. യുഎസ്–ഇറാൻ കരാറിനെ ജി7 ഔദ്യോഗികമായി പിന്തുണച്ചു. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം ടോൾരഹിതവും സുരക്ഷിതവുമായിരിക്കണമെന്ന് ഉച്ചകോടി ആവശ്യപ്പെട്ടു. ലെബനനിൽ അടിയന്തര വെടിനിർത്തലിന് ഉച്ചകോടി ആഹ്വാനംചെയ്തു.
വെസ്റ്റ്ബാങ്കിലെ ഇസ്രയേലി അക്രമം അവസാനിപ്പിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. അതേസമയം, ഉക്രയ്നിലേക്ക് ആയുധങ്ങളും വ്യോമപ്രതിരോധ സംവിധാനങ്ങളും എത്തിക്കുമെന്ന് നേതാക്കൾ പറഞ്ഞു. റഷ്യയുടെ എണ്ണ–വാതക മേഖലകളെ ലക്ഷ്യമിട്ടുള്ള ഉപരോധങ്ങൾ കൂടുതൽ കടുപ്പിക്കാനാണ് തീരുമാനം.
അർബുദ നിർമാർജനത്തിനും പ്രതിരോധത്തിനുമുള്ള ആഗോളപോരാട്ടം ശക്തമാക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു. ക്ഷണിക്കപ്പെട്ട അതിഥിയായി പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി സെഷനിൽ സംസാരിച്ചു. നിരവധി രാഷ്‌ട്രത്തലവന്മാരുമായി മോദി ഉഭയകക്ഷി കൂടിക്കാഴ്‌ച നടത്തി.
ഡിജിറ്റൽ സുരക്ഷയ്ക്ക് കർമപദ്ധതി
ബുധനാഴ്ച നിർമിതബുദ്ധിയും സമൂഹമാധ്യമങ്ങളും ഉയർത്തുന്ന സുരക്ഷാഭീഷണികൾ പ്രധാന ചർച്ചയായി. ഡിജിറ്റൽ ചൂഷണങ്ങളിൽനിന്നും തെറ്റായ ഉള്ളടക്കങ്ങളിൽനിന്നും കുട്ടികളെ സംരക്ഷിക്കാൻ കർശന സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമാക്കും. എഐ സാങ്കേതികവിദ്യയുടെ സുതാര്യത ഉറപ്പാക്കാൻ പുതിയ നയം സ്വീകരിക്കും. തെരഞ്ഞെടുപ്പുകളെയും ജനാധിപത്യ പ്രക്രിയകളെയും അട്ടിമറിക്കാൻ നിർമിക്കുന്ന ഡീപ് ഫേക്കുകൾ, വ്യാജവാർത്തകൾ എന്നിവ പടരുന്നത് തടയാൻ കർശനമായ നിരീക്ഷണം ഉറപ്പാക്കും.
ഭീഷണി തുടർന്ന് ട്രംപ്; "മര്യാദയ്ക്ക് പെരുമാറിയില്ലെങ്കിൽ വീണ്ടും ബോംബിടും'
പാരിസ്/തെഹ്‌റാൻ: "എനിക്ക് ഇത് ബോധിച്ചില്ലെങ്കിലോ അവർ മര്യാദയ്ക്ക് പെരുമാറിയില്ലെങ്കിലോ ഞങ്ങൾ വീണ്ടും അവരുടെ തലയിലേക്ക് ബോംബുകൾ വർഷിക്കും. വെടിവെപ്പ് തുടരും,' ഇറാനുമായി വെള്ളിയാഴ്‌ച ഒപ്പുവയ്‌ക്കുന്ന സമാധാന കരാറിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
ഫ്രാൻസിൽ ജി7 രാജ്യങ്ങളുടെ ഉച്ചകോടിക്കിടെ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്തേ അൽ-സിസിയോടൊപ്പം മാധ്യമങ്ങളെ കാണവെയാണ് ട്രംപിന്റെ പ്രതികരണം. നിലവിലുള്ളത് ഒരു ധാരണാപത്രം മാത്രമാണെന്നും അന്തിമ കരാറല്ലെന്നും ട്രംപ് പറഞ്ഞു.
അതേസമയം, ലെബനനിൽ ഇസ്രയേൽ താൽക്കാലിക വെടിനിർത്തൽ കരാർ 84 തവണ ലംഘിച്ചതായി ഇറാൻ വെളിപ്പെടുത്തി. ഇസ്രയേൽ ആക്രമണം തുടർന്നാൽ കടുത്ത തിരിച്ചടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. ലെബനനിൽ ഇസ്രയേൽ ഡ്രോൺ ആക്രമണങ്ങൾ തുടരുകയാണെങ്കിലും തീവ്രത കുറഞ്ഞിട്ടുണ്ട്.
ഇറാൻ വിദേശ മന്ത്രി അബ്ബാസ് അരാഗ്ചി റഷ്യൻ വിദേശ മന്ത്രി സെർജി ലാവ്റോവുമായി ഫോണിൽ സംസാരിച്ച് കരാറിന്റെ വിശദാംശങ്ങൾ പങ്കുവെച്ചു.യുദ്ധത്തിൽ തകർന്ന ഇറാനിലും ലെബനനിലും പുനർനിർമാണ പ്രവർത്തനങ്ങൾക്കും മാനുഷിക സഹായങ്ങൾക്കുമായി തയ്യാറാണെന്ന് ചൈനീസ് വിദേശ മന്ത്രാലയ വക്താവ് ലിൻ ജിയാൻ അറിയിച്ചു.










0 comments