നൈജീരിയയിൽ സായുധസംഘത്തിന്റെ കണ്ണുവെട്ടിച്ച് 50 വിദ്യാർഥികൾ രക്ഷപെട്ടു; 253 പേരെക്കുറിച്ച് വിവരമില്ല

st marys school nigeria

A signboard for St Mary’s Private Catholic Secondary School | Photo: AFP

വെബ് ഡെസ്ക്

Published on Nov 24, 2025, 08:22 AM | 1 min read

അബുജ: നൈജീരിയയിൽ സായുധസംഘം തട്ടിക്കൊണ്ടുപോയ 314 വിദ്യാർഥികളിൽ അൻപതോളംപേർ രക്ഷപെട്ടതായി റിപ്പോർട്ട്. സായുധസംഘത്തിന്റെ കണ്ണുവെട്ടിച്ചാണ് ഇവർ രക്ഷപെട്ട് വീടുകളിൽ തിരിച്ചെത്തിയെന്ന് കതോലിക് ചർച്ച് ആൻഡ് ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ (സിഎഎൻ) അറിയിച്ചു. എന്നാൽ ഇവർക്കൊപ്പം തട്ടിക്കൊണ്ടുപോകപ്പെട്ട ബാക്കി 253 പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ല.



നൈജർ സംസ്ഥാനത്തെ പാപ്പിരിയിലെ സെന്റ്‌ മേരീസ്‌ സ്‌കൂളിലെ വിദ്യാർഥികളെയാണ്‌ തട്ടിക്കൊണ്ടുപോയത്‌. വെള്ളിയാഴ്‌ചയാണ്‌ സംഭവം. സ്കൂളില്‍ അതിക്രമിച്ച് കയറിയ സായുധ സംഘം 12 അധ്യാപകരെയും 303 വിദ്യാർഥികളെയുമടക്കം 315 പേരെയാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തിന് നാല്‌ ദിവസം മുൻപ് അയൽ സംസ്ഥാനമായ കെബ്ബിയിലെ മാഗ ട‍ൗണിലെ 25 സ്‌കൂൾ കുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു.


സിഎഎൻ നൈജർ ചാപ്റ്റർ ചെയർമാൻ ഫാ. ബുലുസ്‌ ദൗവ യോഹന്ന സ്കൂൾ സന്ദർശിച്ച്‌ തട്ടിക്കൊണ്ടുപോയ കുട്ടികളുടെ മാതാപിതാക്കളുമായി കൂടിക്കാഴ്‌ച നടത്തി. കുട്ടികളെ സുരക്ഷിതമായി തിരികെ കൊണ്ടുവരാൻ സർക്കാരുമായും സുരക്ഷാ ഏജൻസികളുമായും അസോസിയേഷൻ പ്രവർത്തിച്ചുവരികയാണെന്ന് അദ്ദേഹം അറിയിച്ചു. നൈജീരിയയിൽ ക്രൈസ്‌തവർക്കുനേരെയുള്ള ആക്രമണങ്ങൾ കൂടിവരികയാണെന്നും വേണ്ടി വന്നാൽ സൈനിക ഇടപെടൽ നടത്തുമെന്നും യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ അടുത്തിടെ പറഞ്ഞിരുന്നു.


സർക്കാരിന്റെയും സുരക്ഷാ ഏജൻസികളുടെയും ശ്രദ്ധയിൽവരാത്ത വിദൂര ഗ്രാമങ്ങളിൽ സായുധസംഘങ്ങൾ നടത്തുന്ന ആക്രമണങ്ങൾ കൂടിയിട്ടുണ്ട്‌. അടുത്തിടെ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയ കെബ്ബിയിലെ മാഗ മുസ്ലിം ഭൂരിപക്ഷപ്രദേശമാണ്‌. സംഘർഷബാധിതമായ 10 സംസ്ഥാനങ്ങളിലെ 37 ശതമാനം സ്‌കൂളുകളിൽ മാത്രമേ കൃത്യമായി സുരക്ഷാ മുന്നറിയിപ്പുകൾ നൽകാൻ സംവിധാനമുള്ളൂവെന്ന്‌ യുനിസെഫ്‌ നേരത്തെ മുന്നറിയിപ്പ്‌ നൽകിയിരുന്നു. ബൊക്കൊഹറാം തീവ്രവാദികൾ നേരത്തെ വിവിധ സ്‌കൂളുകളിൽനിന്ന്‌ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home