ad
Deshabhimani

ഗുഹയില്‍ അകപ്പെട്ടത് മെയ് 19ന്

ലാവോസിൽ ഗുഹയിൽ കുടുങ്ങിയ അഞ്ച് പേരെ ജീവനോടെ കണ്ടെത്തി

LAOS RESCUE

ലാവോസിൽ ഗുഹയിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചു (Photo Credit: AFP)

വെബ് ഡെസ്ക്

Published on May 27, 2026, 07:01 PM | 1 min read

ബാങ്കോക്ക്‌: മധ്യ ലാവോസിലെ ഗുഹയിൽ വെള്ളപ്പൊക്കത്തെത്തുടർന്ന് കുടുങ്ങിക്കിടന്ന അഞ്ച് ഗ്രാമീണരെ രക്ഷാപ്രവർത്തകർ ജീവനോടെ കണ്ടെത്തി. എന്നാൽ ഒപ്പമുണ്ടായിരുന്ന രണ്ട് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഒരാഴ്ചയിലേറെയായി ഇവർ ​ഗുഹയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.


സ്വർണ്ണ ഖനനത്തിനായും വന്യജീവി വേട്ടയ്ക്കായും മെയ് 19നാണ് ഏഴംഗ സംഘം സൈസോംബോൺ പ്രവിശ്യയിലെ ഗുഹയിൽ പ്രവേശിച്ചത്. കനത്ത മഴയെത്തുടർന്ന് പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഗുഹയുടെ പ്രവേശന കവാടം അടഞ്ഞതോടെ ഇവർ ഉള്ളിൽ കുടുങ്ങുകയായിരുന്നു. ഒരാൾ അതിസാഹസികമായി നീന്തി രക്ഷപ്പെട്ട് വിവരമറിയിച്ചതിനെ തുടർന്നാണ് പുറംലോകം അപകടവിവരമറിഞ്ഞത്.


ലാവോസ്, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള സംയുക്ത രക്ഷാസംഘമാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്. 2018ൽ തായ്‌ലൻഡിലെ ഗുഹയിൽ കുടുങ്ങിയ കുട്ടികളെ രക്ഷിച്ച ദൗത്യത്തിൽ പങ്കെടുത്ത മുങ്ങൽ വിദഗ്ധരും ഈ സംഘത്തിലുണ്ട്.


ഗുഹയുടെ പ്രവേശന കവാടത്തിൽനിന്നും 100 മീറ്ററിലധികം ആഴത്തിലുള്ള അറയിലാണ് ഗ്രാമീണർ കുടുങ്ങിയത്‌. ഇവരുമായി ഒരുവിധ ആശയവിനിമയവും സാധ്യമായിരുന്നില്ല. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും ഗുഹാമുഖം പൂർണമായി അടഞ്ഞിരുന്നു.


തലസ്ഥാനമായ വിയന്റിയാനിൽ നിന്ന് 120 കിലോമീറ്റർ അകലെയുള്ള പർവതപ്രദേശത്താണ് ഗുഹ സ്ഥിതി ചെയ്യുന്നത്. ഗുഹയുടെ പ്രവേശന കവാടത്തിലെത്താൻ 4 കിലോമീറ്ററോളം കുത്തനെയുള്ള വഴിയിലൂടെ നടക്കേണ്ടതുണ്ട്. കൂടാതെ കനത്ത മഴയും ഇടുങ്ങിയ പ്രവേശന കവാടവും രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളി ഉയർത്തിയിരുന്നു.


ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും, അധികൃതരുടെ വിലക്ക് മറികടന്ന് പ്രദേശവാസികൾ സ്വർണ്ണം തിരയാനായി ഈ ഗുഹയിൽ പതിവായി പോകാറുണ്ടായിരുന്നു എന്ന് രക്ഷാപ്രവർത്തകർ സൂചിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home