നൈജീരിയയിൽ സ്‌കൂളിൽ തോക്കുധാരികളുടെ ആക്രമണം; 36 വിദ്യാർഥികളെയും അധ്യാപകരെയും തട്ടിക്കൊണ്ടുപോയി

പ്രതീകാത്മകചിത്രം
അബുജ : വടക്കുകിഴക്കൻ നൈജീരിയയിൽ സ്‌കൂളിൽ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ 36 വിദ്യാർഥികളെയും 3 അധ്യാപകരെയും കാണാതായി. ബോർണോ സംസ്ഥാനത്തെ അസ്കിറ-ഉബ പ്രദേശത്തെ ലസ്സ ഡേ സെക്കൻഡറി സ്കൂളിലാണ് സംഭവം. ആക്രമണത്തിൽ ഒരു അധ്യാപകൻ കൊല്ലപ്പെട്ടു. ആക്രമണത്തിനിടെ ഇരുപത്തിയഞ്ച് പെൺകുട്ടികളെയും 11 ആൺകുട്ടികളെയും മൂന്ന് അധ്യാപകരെയും തട്ടിക്കൊണ്ടുപോയതായി ബോർണോ ഗവർണറുടെ വക്താവ് ദൗഡ ഇലിയ പ്രസ്താവനയിൽ പറഞ്ഞു. ഉന്നതതല ഉദ്യോഗസ്ഥരുടെ സംഘം പ്രദേശത്തെത്തി.
കാണാതായവരെ സുരക്ഷിതമായി തിരികെയെത്തിക്കാൻ സുരക്ഷാ ഏജൻസികളുമായും കമ്മ്യൂണിറ്റി നേതാക്കളുമായും ചേർന്ന് പ്രവർത്തിക്കുകയാണെന്ന് ബോർണോ വിദ്യാഭ്യാസ കമ്മീഷണർ ലാവൻ അബ്ബ വകിൽബെ പറഞ്ഞു. സെക്കൻഡറി സ്കൂൾ പരീക്ഷ എഴുതുകയായിരുന്ന 15 നും 18 നും ഇടയിൽ പ്രായമുള്ള വിദ്യാർഥികളെയാണ് ആക്രമിച്ച് തട്ടിക്കൊണ്ടുപോയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുമായി ബന്ധമുള്ള ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ (ISWAP) എന്നറിയപ്പെടുന്ന ബോക്കോ ഹറാമും അതിന്റെ വിമത വിഭാഗവുമാണ് വടക്കുകിഴക്കൻ നൈജീരിയ, ഗ്രേറ്റർ ലേക്ക് ചാഡ് എന്നീ പ്രദേശങ്ങളിലെ പ്രമുഖ തീവ്രവാദ ഗ്രൂപ്പുകൾ. ചാഡ്, നൈജർ റിപ്പബ്ലിക്, കാമറൂൺ എന്നിവയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളാണിവ. മേഖലയിൽ നാളുകളായി തുടരുന്ന സായുധ സംഘങ്ങളുടെ കലാപത്തിൽ ആയിരക്കണക്കിന് ജനങ്ങൾ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ജനങ്ങൾ പലായനം ചെയ്യുകയും ചെയ്തു.
ഈ മാസം ആദ്യം, നിലവിൽ ആക്രമണം നടന്ന ലസ്സയിൽ നിന്ന് 114 കിലോമീറ്റർ അകലെയുള്ള എൻഗോഷെ പട്ടണത്തിൽ നിന്ന് ബോക്കോ ഹറാം തട്ടിക്കൊണ്ടുപോയ 300 ലധികം പേരെ നൈജീരിയൻ സൈന്യം രക്ഷപ്പെടുത്തി. മെയ് മാസത്തിൽ, അമേരിക്കയുമായുള്ള സംയുക്ത ഓപ്പറേഷനിൽ 175 ISWAP അംഗങ്ങൾ കൊല്ലപ്പെട്ടതായി സർക്കാർ പറയുന്നു.











0 comments