ad
Deshabhimani

പാകിസ്ഥാനിൽ ഭീകരാക്രമണം; മൂന്ന് പൊലീസുകാർ കൊല്ലപ്പെട്ടു, 34 പേർക്ക് പരിക്ക്

pakistan terror atttack
വെബ് ഡെസ്ക്

Published on Jul 16, 2026, 06:10 PM | 1 min read

പെഷവാർ : പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ വ്യത്യസ്ത സംഭവങ്ങളിലായി തീവ്രവാദികളുടെ ആക്രമണത്തിൽ മൂന്ന് പൊലീസുകാർ കൊല്ലപ്പെടുകയും 34 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പൊലീസ് വാഹനവ്യൂഹത്തിനും പൊലീസ് സ്റ്റേഷനും നേരെ നടത്തിയ ആക്രമണത്തിലാണ് ഉദ്യോ​ഗസ്ഥർ കൊല്ലപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു.


ബുധനാഴ്ച ലോവർ ദിർ ജില്ലയിൽ പൊലീസ് വാഹനവ്യൂഹത്തിന് നേരെ ഭീകരർ ഗ്രനേഡുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയ ആക്രമണത്തിലാണ് മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത്. 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹൈദറിലെ ലഡാം ടോപ്പിന് സമീപമത്തുകൂടി വാഹനവ്യൂഹം കടന്നുപോകുന്നതിനിടെയായിരുന്നു ആക്രമണൺ. ആദ്യം ഗ്രനേഡുകൾ എറിഞ്ഞ ശേഷം വാഹനവ്യൂഹത്തിന് നേരെ അക്രമികൾ വെടിയുതിർത്തു. രണ്ട് പൊലീസ് വാഹനങ്ങളും കത്തിച്ചു. പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രികളിലേക്ക് മാറ്റി.


ആക്രമണത്തിന് പിന്നാലെ സുരക്ഷാ സേന പ്രദേശം വളഞ്ഞ് അക്രമികളെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചു. മറ്റൊരു സംഭവത്തിൽ, ബന്നു ജില്ലയിലെ മിരിയാൻ പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ചാവേർ ആക്രമണം സുരക്ഷാ സേന പരാജയപ്പെടുത്തി. സ്ഫോടകവസ്തുക്കൾ നിറച്ച ഒരു വാഹനം ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് തടഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു.


വെടിവയ്പിൽ നാല് അക്രമികൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ പതിനഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ​ഗുരുതരമായി പരിക്കേറ്റ 10 പേരെ പെഷവാറിലേക്ക് മാറ്റി. ബന്നു ജില്ലാ പൊലീസ് ഓഫീസർ ക്യാപ്റ്റൻ (റിട്ട.) മുഹമ്മദ് ഫുർഖാൻ ബിലാൽ സംഭവം സ്ഥിരീകരിച്ചു. സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും വിവരങ്ങൾ പിന്നീട് പങ്കുവെക്കുമെന്നും അദ്ദേഹം പറഞ്ഞു.


പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം അക്രമികൾ ബോംബ് നിറച്ച വാഹനം പൊലീസ് സ്റ്റേഷനിലേക്ക് ഇടിച്ചു കയറ്റാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, സുരക്ഷാ സേനയുടെ പിന്തുണയോടെ പൊലീസ് ഉദ്യോഗസ്ഥർ വെടിയുതിർക്കുകയും വാഹനം സ്റ്റേഷൻ പരിസരത്ത് എത്തുന്നതിന് മുമ്പ് തടയുകയും ചെയ്തു.


തുടർന്ന് അക്രമികൾ പൊലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചെങ്കിലും ആക്രമണശ്രമം പരാജയപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഏപ്രിലിൽ ബന്നുവിലെ ഡോമൽ പൊലീസ് സ്റ്റേഷനിൽ നടന്ന ഒരു ചാവേർ കാർ ബോംബ് ആക്രമണത്തിൽ അഞ്ച് സാധാരണക്കാർ കൊല്ലപ്പെടുകയും ഒരു പൊലീസുകാരൻ ഉൾപ്പെടെ 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home