നേപ്പാളിലും തിബറ്റിലും ഭൂചലനം: മരണസംഖ്യ ഉയരുന്നു; 126 മരണം, 188 പേർക്ക് പരിക്ക്

ബീജിങ് > ചൈനയുടെ സ്വയംഭരണ പ്രദേശമായ തിബറ്റിൽ ചൊവ്വ പുലർച്ചെയുണ്ടായ ശക്തമായ ഭൂചലനത്തിൽ 126പേർ മരിച്ചു. 188 പേർക്ക് പരിക്കേറ്റു.
ഭൂകമ്പത്തിൽ നിരവധി പേരുടെ ജീവൻ നഷ്ടപ്പെട്ടതിൽ തിബറ്റൻ ആത്മീയ നേതാവ് ദലൈലാമ അഗാധമായ ദുഃഖം രേഖപ്പെടുത്തി. "ഭൂചലനം നിരവധി ആളുകളുടെ ജീവൻ കവരുകയും വ്യാപകമായ നാശത്തിനും കാരണമായി. ജീവൻ നഷ്ടപ്പെട്ടവർക്കായി ഞാൻ എന്റെ പ്രാർഥനകൾ അർപ്പിക്കുന്നു, പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കാൻ ആശംസിക്കുന്നു' എന്ന് ദലൈലാമ പറഞ്ഞു.
'ഭൂകമ്പത്തെ തുടർന്നുണ്ടായ നഷ്ടത്തിൽ ഇന്ത്യൻ ഗവൺമെന്റും അനുശോചനം രേഖപ്പെടുത്തി. "തിബറ്റിലുണ്ടായ വിനാശകരമായ ഭൂകമ്പത്തിൽ ഇന്ത്യൻ സർക്കാരും ജനങ്ങളും അനുശോചനം രേഖപ്പെടുത്തുന്നു. ഞങ്ങളുടെ പ്രാർഥനകൾ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമുണ്ട്." എംഇഎ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
ഇന്ന് രാവിലെ 6.35 നാണ് (ബീജിങ് സമയം രാവിലെ 9.05) 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നേപ്പാളിലെ ലൊബൂചെയ്ക്ക് 93 കിലോമീറ്റർ വടക്കുകിഴക്കാണ് പ്രഭവകേന്ദ്രമെന്ന് ചൈന എർത്ത്‌ക്വേക്ക്‌സ് നെറ്റ്‌വർക്ക് സെന്റർ സ്ഥിരീകരിച്ചു. ബിഹാർ, കൊൽക്കത്ത അടക്കമുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായി.
നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) റിപ്പോർട്ട് അനുസരിച്ച്, രാവിലെ 6.35 നാണ് 7.1 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനം ഉണ്ടായത്. തൊട്ടുപിന്നാലെ രണ്ട് ഭൂകമ്പങ്ങൾ കൂടി ഉണ്ടായി. റിക്ടർ സ്‌കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം രാവിലെ 7.02 നും 4.9 തീവ്രത രേഖപ്പെടുത്തിയ മൂന്നാമത്തെ ഭൂചലനം 7. 07 നുമാണ് ഉണ്ടായത്. കാഠ്മണ്ഡു അടക്കം പ്രധാന നഗരങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പത്തിൽ പരിക്കേറ്റവർക്ക് സാധ്യമായ എല്ലാ ചികിത്സയും ഉടൻ ഉറപ്പുവരുത്താനും എല്ലാവരെയും കണ്ടെത്തുംവരെ തിരച്ചിൽ നടത്താനും നിർദേശം നൽകിയതായി ചൈന പ്രസിഡന്റ് ഷി ജിൻപിങ് പറഞ്ഞു.
ഭൂമിശാസ്ത്രപരമായി ഏറെ സജീവമായ പ്രദേശത്താണ് നേപ്പാൾ സ്ഥിതി ചെയ്യുന്നത്. അവിടെ ഇന്ത്യൻ, യുറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകൾ കൂട്ടിയിടിച്ച് ഹിമാലയം രൂപപ്പെടുകയും ഭൂകമ്പങ്ങൾ ഉണ്ടാകുകയും ചെയ്യുന്നത് പതിവാണ്.









0 comments