20 രൂപയുടെ കുപ്പിവെള്ളം മോഷ്ടിച്ചുവെന്നാരോപിച്ച് 33 കാരനെ നാലംഗ സംഘം അടിച്ചുകൊന്നു

വിജയവാഡ : വിജയവാഡയിൽ 20 രൂപയുടെ കുപ്പിവെള്ളം മോഷ്ടിച്ചുവെന്നാരോപിച്ച് 33 കാരനെ അടിച്ചുകൊന്നു. തെലങ്കാന സ്വദേശിയായ യുവാവിനെയാണ് ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് ക്രൂരമായി അടിച്ചുകൊന്നത്. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
തെലങ്കാന, നൽഗൊണ്ട സ്വദേശി മാസ സായ് കുമാറാണ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭുവനഗിരി ജില്ലയിലെ ഹോട്ടലിൽ പാചകക്കാരനായിരുന്നു. അടുത്തിടെയാണ് സായ് കുമാർ വിജയവാഡയിലെത്തിയത്. വിശാഖപട്ടണത്തേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ശേഷം ഒക്ടോബർ 18ന് വിജയവാഡയിലുണ്ടെന്ന് ഭാര്യയെ വിളിച്ചറിയിക്കുകയായിരുന്നു. അന്ന് രാത്രിയാണ് പട്ടാമറ്റ ഡോങ്ക റോഡിലെ കടയിൽ നിന്ന് കുപ്പിവെള്ളം മോഷ്ടിച്ചുവെന്ന് ആരോപിച്ച് സായ് കുമാറിനെ മർദിച്ചത്.
കടയിലേക്കുള്ള പാൽവിതരണ വാനിലെ ഡ്രൈവർ യുവാവ് കുപ്പിവെള്ളമെടുക്കുന്നതായി കണ്ടെന്ന് ആരോപിച്ച കടയുടമയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് യുവാവിനെ പുറത്തേക്ക് വലിച്ചിഴച്ചുകൊണ്ട് വന്ന് ക്രൂരമായി മർദിച്ചു. ബോധരഹിതനായപ്പോൾ അവിടെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.









0 comments