print edition തകര്‍ന്നടിഞ്ഞ് വെനസ്വേല; ഇരട്ട ഭൂകമ്പങ്ങളിൽ 589 മരണം

photo credits: JUAN BARRETO / AFP
കരാക്കസ്: വെനസ്വേലയെ പിടിച്ചുകുലുക്കിയ ഇരട്ട ഭൂകമ്പങ്ങളിൽ മരണം 589 കടന്നു. പരിക്കേറ്റവരുടെ എണ്ണം മൂവായിരത്തോളമായി. ആയിരക്കണക്കിനാളുകളെ കാണാതായി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത. കനത്ത നാശനഷ്ടമുണ്ടായ ലാ ഗുവൈറ സംസ്ഥാനത്താണ് സ്ഥിതി അതീവ ഗുരുതരം. ഇരുനൂറോളം പേർ ഇപ്പോഴും തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. തിരച്ചിൽ തുടരുകയാണ്. തകർന്നുവീണ പത്തുനില കെട്ടിടത്തിനുള്ളിൽനിന്ന് ഒരു പെൺകുട്ടിയെ രക്ഷപ്പെടുത്തി. വാര്‍ത്ത വിനിമയ സംവിധാനങ്ങൾ തകരാറിലായതിനാൽ വിദേശത്തുള്ള വെനസ്വേലക്കാർക്ക് നാട്ടിലുള്ള ബന്ധുക്കളെ ബന്ധപ്പെടാൻ കഴിയുന്നില്ല.
യുഎന്നിന്റെ കണക്കനുസരിച്ച് 67 ലക്ഷംപേരെ ഭൂചലനം നേരിട്ടോ അല്ലാതെയോ ബാധിച്ചു. വരും ദിവസങ്ങളിൽ രക്ഷാപ്രവർത്തനം പൂർത്തിയാകുന്നതോടെയേ യഥാർഥ നാശനഷ്ടത്തിന്റെ വ്യാപ്തി വ്യക്തമാകു.ദുരന്തമുഖത്തേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് രക്ഷാപ്രവർത്തകർ എത്തിക്കൊണ്ടിരിക്കുകയാണ്. സ്പെയിൻ, എൽ സാൽവദോർ, മെക്സിക്കോ, ചിലി, ജർമ്മനി, സ്വിറ്റ്സർലൻഡ്, തുർക്കി, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. നിലവിയെ സാഹചര്യം അതീവ ഗുരുതരമാണെന്ന് യുഎൻ വ്യക്തമാക്കി.
തലസ്ഥാനമായ കരാക്കസിലെ പ്രധാന വിമാനത്താവളത്തിന് കേടുപാടുകൾ സംഭവിച്ചതിനാൽ മറ്റ് ആഭ്യന്തര വിമാനത്താവളങ്ങൾ വഴിയാണ് സഹായങ്ങൾ എത്തിക്കുന്നത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്ക വെനസ്വേലയ്ക്കുമേലുള്ള സാമ്പത്തിക ഉപരോധങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു. 150 മില്യൺ ഡോളർ അടിയന്തര ധനസഹായം അനുവദിച്ചു. മെക്സിക്കോയും എൽ സാൽവദോറും അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും വെനസ്വേലയ്ക്ക് കൈമാറി. താൽകാലിക പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ദുരന്തബാധിത മേഖലകൾ സന്ദർശിച്ചു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ, സ്‌പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, കൊളംബിയൻ നിയുക്ത പ്രസിഡന്റ് അബെലാർഡോ ഡി ലാ എസ്‌പ്രിയല്ല, യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ തുടങ്ങിയ ലോകനേതാക്കളും ചൈനീസ് വിദേശമന്ത്രാലയവും വെനസ്വേലയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
സഹായവുമായി ഇന്ത്യൻ സംഘം
വെനസ്വേലയിലേക്ക് സഹായഹസ്‌തവുമായി ഇന്ത്യയുടെ ‘ഓപറേഷൻ അമിസ്‌താദ്’ സംഘം പുറപ്പെട്ടു. വ്യോമസേനയുടെ രണ്ട് സി 17 വിമാനങ്ങളിലാണ് മെഡിക്കൽ സംഘവും 35 ടൺ അവശ്യസാധങ്ങളുമായി സംഘം പുറപ്പെട്ടതെന്ന് വിദേശമന്ത്രി എസ് ജയ്‌ശങ്കർ അറിയിച്ചു. ഒമ്പത് മെഡിക്കൽ ഓഫീസർമാരും അറുപത് പാരാമെഡിക്കൽ പ്രവർത്തകരുമടങ്ങുന്ന സൈനി മെഡിക്കൽ സംഘമാണിത്.









0 comments