ഒരു എണ്ണക്കപ്പൽകൂടി യുഎസ് പിടിച്ചെടുത്തു

കരാക്കസ്: വെനസ്വേലയിൽനിന്ന് എണ്ണ കടത്തിയെന്ന് ആരോപിച്ച് ഒരു കപ്പൽകൂടി യുഎസ് സേന പിടിച്ചെടുത്തു. കരീബിയനിൽ ഒലീന എന്ന ഓയിൽ ടാങ്കറാണ് പിടിച്ചെടുത്തത്. തങ്ങളുടെ ഉപരോധം ലംഘിച്ചെന്ന് ആരോപിച്ച് യുഎസ് പിടിച്ചെടുക്കുന്ന അഞ്ചാമത്തെ കപ്പലാണിത്. യുഎസ് ഹെലികോപ്ടർ കപ്പലിൽ ഇറങ്ങുന്നതിനെയും സൈനികർ പരിശോധന നടത്തുന്നതിന്റെയും വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.
വെനസ്വേലൻ എണ്ണ വിപണനം ചെയ്യുന്നതും അതിന്റെ വരുമാനം നിയന്ത്രിക്കുന്നതും ഇനി അമേരിക്കൻ ഭരണകൂടമായിരിക്കുമെന്ന് അമേരിക്കൻ എനർജി സെക്രട്ടറി ക്രിസ് റൈറ്റാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. നികോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയതിനു പിന്നാലെ വെനസ്വേലയിലെ തകർന്നടിഞ്ഞ എണ്ണ പശ്ചാത്തല സൗകര്യങ്ങൾ പുനർനിർമ്മിക്കാനാണ് ഈ നടപടിയെന്നാണ് അമേരിക്കയുടെ വാദം.
എണ്ണവിൽപ്പനയിലൂടെ ലഭിക്കുന്ന തുക അമേരിക്കൻ ട്രഷറി അക്കൗണ്ടുകളിലാകും നിക്ഷേപിക്കുക. വെനസ്വേലയുടെ വിഭവങ്ങൾ വിറ്റ് ലഭിക്കുന്ന പണം വെനസ്വേലയിൽ തന്നെ വിനിയോഗിക്കുന്നത് തടയാനാണ് അമേരിക്കയുടെ ഈ നീക്കം. ആദ്യഘട്ടത്തിൽ നിലവിൽ സംഭരിച്ചു വെച്ചിരിക്കുന്ന 50 മില്യൺ ബാരൽ എണ്ണ വിറ്റ് ആ പണം അമേരിക്ക കൈവശപ്പെടുത്തും. ഇതിന് ഏകദേശം 2.8 ബില്യൺ ഡോളർ വിപണി മൂല്യം വരും.
ഭാവിയിൽ വെനസ്വേലയിൽ നിന്നുള്ള എണ്ണ ഉൽപാദനവും വിപണനവും പൂർണ്ണമായും പിടിച്ചടക്കുക എണ്ണ ലക്ഷ്യത്തോടെയാണ് അമേരിക്കയുടെ ഈ ഏകാധിപത്യപരവുമായ നീക്കം. റഷ്യൻ പതാക വഹിച്ച ടാങ്കറുകൾ ഉൾപ്പെടെ വെനസ്വേലയിൽ നിന്ന് പുറപ്പെട്ട നിരവധി കപ്പലുകൾ ഇതിനോടകം അമേരിക്കൻ സൈന്യം പിടിച്ചെടുത്തു. വെനസ്വേലയുടെ പ്രകൃതിവിഭവങ്ങൾ തട്ടിയെടുക്കാനുള്ള അമേരിക്കയുടെ നടപടികൾക്കെതിരെ ഇപ്പോഴും ലോകവ്യാപകമായി പ്രതിഷേധങ്ങൾ നടക്കുകയാണ്. പല ലോകരാജ്യങ്ങളും വിഷയത്തിൽ അമേരിക്കക്കെതിരെ തിരിഞ്ഞിട്ടുണ്ട്.










0 comments