നേപ്പാളിലും തിബറ്റിലും ഭൂചലനം; എവറസ്റ്റ് അടച്ചു

കാഠ്മണ്ഡു: നേപ്പാളിലും ചൈനയുടെ സ്വയംഭരണ പ്രദേശമായ തിബറ്റിലും ഉണ്ടായ ഭൂചലനത്തെ തുടർന്ന് എവറസ്റ്റ് കൊടുമുടിയുടെ ചിലപ്രദേശങ്ങൾ അടച്ചതായി റിപ്പോർട്ട്.
ഭൂകമ്പത്തിൽ 53 പേർ കൊല്ലപ്പെടുകയും 62 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഹിമാലയത്തിനടുത്ത് വിനോദ സഞ്ചാരമേഖലകളിലുള്ള ഹോട്ടൽ കെട്ടിടങ്ങൾക്കും മറ്റും കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഡിംഗ്രി കൾച്ചർ ആൻഡ് ടൂറിസം ബ്യൂറോയെ ഉദ്ധരിച്ച് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ചൈന - നേപ്പാൾ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന എവറസ്റ്റിന്റെ വടക്കു ഭാഗം ടിബറ്റിലാണ് സ്ഥിതി ചെയ്യുന്നത്.
നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) റിപ്പോർട്ട് അനുസരിച്ച്, രാവിലെ 6.35 നാണ് 7.1 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനം ഉണ്ടായത്. തൊട്ടുപിന്നാലെ രണ്ട് ഭൂകമ്പങ്ങൾ കൂടി ഉണ്ടായി. റിക്ടർ സ്‌കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം രാവിലെ 7.02 നും 4.9 തീവ്രത രേഖപ്പെടുത്തിയ മൂന്നാമത്തെ ഭൂചലനം 7.07 നുമാണ് ഉണ്ടായത്. കാഠ്മണ്ഡു അടക്കം പ്രധാന നഗരങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു.വിനോദസഞ്ചാരികളും ജീവനക്കാരും സുരക്ഷിതമാണെന്ന് പ്രാദേശിക അധികാരികൾ അറിയിച്ചു.
ഭൂമിശാസ്ത്രപരമായി ഏറെ സജീവമായ പ്രദേശത്താണ് നേപ്പാൾ സ്ഥിതി ചെയ്യുന്നത്. അവിടെ ഇന്ത്യൻ, യുറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകൾ കൂട്ടിയിടിച്ച് ഹിമാലയത്തിൽ ഉയർച്ചകൾ സംഭവിക്കുന്നതും ഭൂകമ്പങ്ങൾ ഉണ്ടാകുന്നതും പതിവാണ്.











0 comments