ad
Deshabhimani

ക്രൂരപീഡനവും ലൈംഗിക അതിക്രമവും; സുഡാൻ അർധസൈനിക വിഭാഗത്തിനെതിരെ കെനിയയിൽ ആദ്യകേസ്

sudan paramilitary

പ്രതീകാത്മകചിത്രം. video screenshot

വെബ് ഡെസ്ക്

Published on Jun 09, 2026, 08:40 PM | 2 min read

നെയ്റോബി : സുഡാനിൽ തുടർന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിലെ അതിക്രമങ്ങളുടെ ഇരകൾ സുഡാൻ അർധസൈനിക വിഭാഗത്തിനെതിരെ ആദ്യ കേസ് ഫയൽ ചെയ്തു. അർധസൈനിക ഗ്രൂപ്പിലെ അംഗങ്ങൾക്കെതിരെ പീഡനവും ലൈംഗിക അതിക്രമവും ആരോപിച്ച് കെനിയയിലാണ് ആദ്യ യുദ്ധക്കുറ്റക്കേസ് ഫയൽ ചെയ്തത്. മൂന്ന് വർഷത്തിലേറെയായി സുഡാനീസ് സൈന്യവുമായി സംഘർഷത്തിലേർപ്പെട്ടിരിക്കുന്ന അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് അഥവാ ആർ‌എസ്‌എഫിലെ അംഗങ്ങളെ സുഡാന് പുറത്ത് പ്രോസിക്യൂട്ട് ചെയ്യാനുള്ള ആദ്യ ശ്രമമാണിത്.


യുദ്ധക്കുറ്റകൃത്യങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ഉൾപ്പെടെയുള്ള അതിക്രമങ്ങൾ നടത്തിയതായി മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്ന സംഘത്തിന് കെനിയ സർക്കാരുമായി ബന്ധമുണ്ട്. കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ മുമ്പ് ആർ‌എസ്‌എഫ് നേതാവ് ജനറൽ മുഹമ്മദ് ഹംദാൻ ദഗലോയുമായി ചർച്ചകൾക്കായി ആതിഥേയത്വം വഹിച്ചിട്ടുണ്ട്. സുഡാനിൽ സമാധാന ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുകയെന്ന ലക്ഷ്യത്തോടെയാണ് ചർച്ചകളെന്നാണ് പ്രസിഡന്റ് അറിയിച്ചിരുന്നത്.


സുഡാനീസ് തലസ്ഥാനമായ ഖാർത്തൂം അർധസൈനിക വിഭാഗങ്ങളുടെ നിയന്ത്രണത്തിലായിരുന്ന 2023 ഏപ്രിൽ മുതൽ 2025 മാർച്ച് വരെ ഖാർത്തൂമിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ സ്ഥലങ്ങളിൽ ആർ‌എസ്‌എഫ് അംഗങ്ങൾ നടത്തിയ പീഡനങ്ങളും ലൈംഗിക അതിക്രമങ്ങളുമാണ് നിലവിൽ കേസായിരിക്കുന്നത്. ആഗോള നിയമ സംഘടനയായ ലീഗൽ ആക്ഷൻ വേൾഡ്‌വൈഡ് സമർപ്പിച്ച പരാതിയിൽ ഇവ വിശദീകരിക്കുന്നുണ്ട്.


കെനിയയിൽ താമസിക്കുന്നതായി കരുതപ്പെടുന്ന ആർ‌എസ്‌എഫിലെ 10 അംഗങ്ങൾക്കെതിരായ കുറ്റങ്ങൾ അംഗീകരിക്കണമെന്ന് 12 അതിജീവിതൽ പരാതിയിൽ ആവശ്യപ്പെടുന്നു. ഭക്ഷണമോ വെള്ളമോ ശുചിത്വമോ ഇല്ലാത്ത ഇടങ്ങളിൽ തടവിലാക്കിയെന്നും മർദിക്കുകയും ബലാത്സംഗം ചെയ്യുകയും മറ്റ് പല തരത്തിലും ഉപദ്രവിച്ചുവെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്. ചിലരെ തടങ്കൽ കേന്ദ്രങ്ങളിൽ നിന്ന് മൃതദേഹങ്ങൾ കൊണ്ടുപോകാൻ നിർബന്ധിച്ചതായും റിപ്പോർട്ടുണ്ട്.


2023 ഏപ്രിൽ മുതൽ ആർ‌എസ്‌എഫ് സുഡാൻ സൈന്യവുമായി യുദ്ധത്തിലാണ്. ഖാർത്തൂമിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇരുപക്ഷവും തമ്മിലുള്ള സംഘർഷത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. 2000 കളുടെ തുടക്കത്തിൽ സുഡാനിലെ പടിഞ്ഞാറൻ ഡാർഫർ മേഖലയിലെ ആഫ്രിക്കൻ വംശജർക്കെതിരെ വ്യാപകമായ അതിക്രമങ്ങൾ നടത്തിയതായി ആരോപിക്കപ്പെട്ട കുപ്രസിദ്ധ അറബ് ജൻജാവീദ് മിലിഷ്യകളിൽ നിന്നാണ് ഈ സംഘം ഉയർന്നുവന്നത്. യുദ്ധക്കുറ്റകൃത്യങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും തുല്യമായേക്കാവുന്ന അതിക്രമങ്ങളും കൂട്ടബലാത്സംഗം, വംശീയ കുറ്റകൃത്യങ്ങൾ എന്നിവയും ആർ‌എസ്‌എഫ് നടത്തിയതായി മനുഷ്യാവകാശ സംഘടനകളും ഐക്യരാഷ്ട്രസംഘടനയും ആരോപിച്ചിട്ടുണ്ട്. ഡാർഫറിലാണ് സംഘം ശക്തമായ സാന്നിധ്യം നിലനിർത്തുന്നത്.


2008 ലെ അന്താരാഷ്ട്ര കുറ്റകൃത്യ നിയമപ്രകാരം ഇവർക്കെതിരെ കേസെടുക്കണമെന്ന് ലീഗൽ ആക്ഷൻ വേൾഡ്‌വൈഡ് സ്ഥാപക അന്റോണിയ മുൾവി പറഞ്ഞു. സുഡാന്റെ നീതിന്യായ വ്യവസ്ഥ നിലവിൽ ഫലപ്രദമല്ലാത്തതായതിനാൽ ഇരകൾക്ക് അവിടെ നീതി ലഭിക്കാൻ സാധ്യതയില്ലെന്ന് മുൾവി വാദിച്ചു. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അധികാരപരിധി ഡാർഫറിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും ഖാർത്തൂമിലോ പരിസരത്തോ നടക്കുന്ന കുറ്റകൃത്യങ്ങളിലേക്ക് അത് ശ്രദ്ധ ചെലുത്തുന്നില്ലെന്നും അവർ പറഞ്ഞു.

കഴിഞ്ഞ ഒക്ടോബറിൽ ഡാർഫർ നഗരമായ എൽ-ഫാഷറിൽ നടന്ന ആക്രമണത്തിൽ മൂന്ന് ദിവസത്തിനുള്ളിൽ 6,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു. യുഎൻ കമീഷൻ ചെയ്ത വിദഗ്ധർ ആക്രമണത്തെ വംശഹത്യയായണെന്ന് കണക്കാക്കാമെന്ന് വ്യക്തമാക്കിയിരുന്നു.


മൂന്ന് വർഷത്തിനിടെ സുഡാൻ യുദ്ധത്തിൽ 59,000 പേർ കൊല്ലപ്പെട്ടുവെന്ന് യുഎസ് ആസ്ഥാനമായുള്ള യുദ്ധ ട്രാക്കിംഗ് ഗ്രൂപ്പായ ആംഡ് കോൺഫ്ലിക്റ്റ് ലൊക്കേഷൻ ആൻ‍ഡ് ഇവന്റ് ഡാറ്റ പ്രോജക്റ്റ് പറയുന്നു. എന്നാൽ മരണസംഖ്യ ഇതിലും കൂടുതലായിരിക്കാമെന്നാണ് മാനുഷിക സംഘടനകൾ പറയുന്നത്. ഈ സംഘർഷം ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധികളിലൊന്നാണ് സൃഷ്ടിച്ചതെന്ന്, ഐക്യരാഷ്ട്രസംഘടന പറയുന്നു. സംഘടനയുടെ കണക്കനുസരിച്ച് ഏകദേശം 34 ദശലക്ഷം ആളുകൾക്ക് - ഓരോ മൂന്ന് സുഡാനികളിൽ ഏകദേശം രണ്ട് പേർക്കും - സഹായം ആവശ്യമാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home