ആറ് സംസ്ഥാനങ്ങൾ, അഞ്ച് കോടിയിലേറെ വോട്ടർമാരെ വെട്ടി; ജനവിധി അട്ടിമറിക്കാൻ ഗൂഢപദ്ധതി

ന്യൂഡൽഹി: ജനാധിപത്യവിരുദ്ധമായ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്ഐആർ) പ്രക്രിയയിലൂടെ ബിജെപി ലക്ഷ്യമിടുന്നത് വൻ അട്ടിമറി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ മാത്രമായി രണ്ടരക്കോടിയോളം വോട്ടർമാർ വോട്ടർപട്ടികയിൽനിന്ന് പുറത്താക്കി. ഇതിന് പുറമെ മഹാരാഷ്ട്രയില്‍ മാത്രം 2.68 വോട്ടര്‍മാരെ പട്ടികയില്‍നിന്ന് ഒഴിവാക്കി.
ആശങ്കപ്പെടുത്തുന്ന കണക്ക്
ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് അടുത്ത വർഷം ആദ്യ മാസങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. യുപിയിൽ 2.04 കോടി വോട്ടർമാർ പുറത്തായി. പഞ്ചാബിൽ 20.67 ലക്ഷം, ഉത്തരാഖണ്ഡിൽ 8.26 ലക്ഷം, മണിപ്പൂരിൽ 1.58 ലക്ഷം, ഗോവയിൽ 1 ലക്ഷം എന്നിങ്ങനെയായി 2.35 കോടി ജനങ്ങൾക്ക് വോട്ടവകാശം നിഷേധിക്കപ്പെട്ടിരിക്കുകയാണ്.
ഇതിൽ പഞ്ചാബ് ഒഴികെ മറ്റ് സംസ്ഥാനങ്ങളിൽ ബിജെപി ഭരണമാണ്. ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കൊണ്ടിരുന്നതിനാൽ ഭരണം നിലനിർത്തുക ബിജെപിക്ക് ശ്രമകരമാണ്. അതിനാൽ ജനവിധിയെ അട്ടിമറിക്കാൻ എസ്ഐആർ ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപം ശക്തമാണ്.
തെരഞ്ഞെടുപ്പ് കമീഷന്‍ പുറത്തിറക്കിയ കരട് വോട്ടര്‍ പട്ടികയില്‍ മഹാരാഷ്ട്രയില്‍ 2.68 കോടി വോട്ടര്‍മാരാണ് വെട്ടിമാറ്റപ്പെട്ടത്. അതായത് വോട്ടര്‍പട്ടികയുടെ 21.14%. മുംബൈയില്‍ 1.39 കോടി വോട്ടര്‍മാരില്‍ 36.1 ലക്ഷവും (34.75%) താനെയില്‍ 74.5 ലക്ഷം വോട്ടര്‍മാരില്‍ 28 ലക്ഷവും (38.37%) ഒഴിവാക്കപ്പെട്ടു.
ബിജെപിയുടെ ഗൂഢപദ്ധതി
പൗരത്വ ഭേദഗതി പിൻവാതിലിലൂടെ നടപ്പാക്കുകയെന്നതടക്കം ബിജെപിയും സംഘപരിവാറും മുന്നോട്ടുവച്ച അജൻഡകൾക്ക് വഴങ്ങിയാണ് തെരഞ്ഞെടുപ്പ് കമീഷൻ എസ്‌ഐആറുമായി മുന്നോട്ടുവന്നതെന്ന വിമർശം ശക്തമായിരുന്നു. രാഷ്‌ട്രീയ പാർടികളുമായി മതിയായ കൂടിയാലോചനകളില്ലാതെയും അനാവശ്യമായി ധൃതിയിലൂടെയും നടപ്പാക്കിയ എസ്‌ഐആറിൽ പല സംസ്ഥാനങ്ങളിലും ഉന്നയിച്ച ആശങ്കകൾ പോലും കമീഷൻ കണക്കിലെടുത്തില്ല.
കഴിഞ്ഞവർഷം ബിഹാറിൽ തുടങ്ങിയ എസ്‌ഐആർ പ്രക്രിയ പിന്നീട് മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നടപ്പാക്കിയിരുന്നു. പ്രതിപക്ഷ സ്വാധീനമുള്ള മേഖലകളിൽ നടപടിക്രമം പാലിക്കാതെ വോട്ട് കൂട്ടത്തോടെ ഒഴിവാക്കി. ദളിത്, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകൾ വെട്ടുന്നുവെന്നും എസ്ഐആറിന്റെ മറവിൽ പൗരത്വ പരിശോധന നടത്തുന്നു തുടങ്ങി നിരവധി ആക്ഷേപം ഉയർന്നിട്ടുണ്ട്.
എസ്‌ഐആറിൽ നിന്നും ഒഴിവാക്കപ്പെട്ടവർക്ക് പാസ്‌പോർട്ട്, ക്ഷേമപദ്ധതികളുടെ ആനുകൂല്യം, മറ്റവകാശങ്ങൾ എന്നിവ നിഷേധിക്കുന്നതായും ആക്ഷേപമുണ്ട്. എസ്‌ഐആർ ‘അനധികൃത കുടിയേറ്റക്കാരെ’കണ്ടെത്താനാണെന്ന് കേന്ദ്രസർക്കാർ അവകാശപ്പെട്ടിരുന്നു. ഇതിന്റെ കണക്ക് പുറത്തുവിടാൻ കമീഷന് കഴിഞ്ഞിട്ടില്ല.
വെട്ടിക്കളഞ്ഞത് കോടിക്കണക്കിനാളുകളെ
പ്രമുഖരുടേത് ഉൾപ്പെടെ കോടിക്കണക്കിനാളുകളുടെ വോട്ടവകാശമാണ് എസ്ഐആർ ഇല്ലാതാക്കിയത്. ബംഗളൂരുവിലെ വോട്ടർ പട്ടികയിൽ നിന്ന് താൻ പുറത്തായത് നടൻ പ്രകാശ് രാജ് കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരുന്നു.
പശ്‌ചിമ ബംഗാളിൽ മാത്രം 90 ലക്ഷത്തിലധികം വോട്ടർമാരെ വെട്ടി. ഇതിൽ തന്നെ 34 ശതമാനവും മുസ്‌ലിം ജനവിഭാഗത്തിൽ നിന്നാണ്. 2011ലെ സെൻസസ് പ്രകാരം ബംഗാളിൽ 27 ശതമാനമാണ് മുസ്‌ലിം ജനസംഖ്യ എന്നത് ഇതിന്റെ തീവ്രത വെളിവാക്കുന്നതും ആശങ്ക വർധിപ്പിക്കുന്നതുമാണ്. 44 മണ്ഡലങ്ങളിൽ 2021ൽ ലഭിച്ച ഭൂരിപക്ഷത്തിലധികം വോട്ടുകൾ വെട്ടുകയും ചെയ്‌തു. തമിഴ്‌നാട്ടിൽ 70 ലക്ഷത്തോളം വോട്ടുകളും കേരളത്തിൽ 25 ലക്ഷത്തോളം വോട്ടുകളുമാണ് ഒഴിവാക്കിയത്. എന്നാൽ, ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ 84 ലക്ഷം വോട്ടർമാർ വർധിച്ചു.
മണിപ്പുർ, സിക്കിം, ഒഡിഷ, മിസോറം എന്നിവടങ്ങളിലെ ആകെ വോട്ടർമാരുടെ 6.12 ശതമാനവും പട്ടികയ്ക്ക് പുറത്തായി. ആകെ 3.68 കോടി വോട്ടർമാരാണ് നാല് സംസ്ഥാനങ്ങളിലുമായി ഉണ്ടായിരുന്നത്. കരട് പട്ടിക പുറത്തുവന്നപ്പോൾ 3.45 കോടിയായി കുറഞ്ഞു.
ഡൽഹിയിൽ 47.7 ലക്ഷം പേരെ പുറത്താക്കിയാണ് പട്ടിക തയാറാക്കിയിട്ടുള്ളത്. രാജ്യ തലസ്ഥാനത്ത് ആകെ 1,45,10,299 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇവരിൽ 32.9 ശതമാനം പേര്‍ വെട്ടിമാറ്റപ്പെട്ടു. 97.5 ലക്ഷം വോട്ടര്‍മാരാണ് അവശേഷിക്കുന്നത്.
പതിനാറ് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് എസ്ഐആർ മൂന്നാംഘട്ടം പുരോഗമിക്കുന്നത്. ആദ്യ രണ്ട് ഘട്ടം പൂർത്തിയായ പതിമൂന്നിടങ്ങളിൽ 5.8 കോടി വോട്ടർമാരാണ് പട്ടികയിൽനിന്ന് പുറത്തായത്.









0 comments