ഓസ്‌ട്രേലിയൻ സൈന്യത്തെ നയിക്കാൻ ആദ്യ വനിതാ മേധാവി

ആർമി ചീഫ് ലഫ്റ്റനന്റ് ജനറൽ സൂസൻ കോയ്ലി. (Image Credit : AAP Image/Mick Tsikas/via Reuters)
സിഡ്നി : ഓസ്‌ട്രേലിയൻ പ്രതിരോധ സേനയുടെ ചരിത്രത്തിലാദ്യമായി കരസേനാ മേധാവിയായി ഒരു വനിത നിയമിതയായി. ജോയിന്റ് കപ്പബിലിറ്റീസിന്റെ നിലവിലെ മേധാവിയായ ലഫ്റ്റനന്റ് ജനറൽ സൂസൻ കോയ്ലി ജൂലൈയിൽ കരസേനാ മേധാവിയായി ചുമതലയേൽക്കുമെന്ന് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. ലഫ്റ്റനന്റ് ജനറൽ സൈമൺ സ്റ്റുവർട്ടിന് പകരമായാണ് സൂസൻ ഈ ചുമതലയേൽക്കുന്നത്.
രാജ്യത്തിന്റെ സൈനിക ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയും ഉയർന്ന പദവിയിലേക്ക് ഒരു വനിതാ ഉദ്യോഗസ്ഥയെ തെരഞ്ഞെടുക്കുന്നത്. പ്രതിരോധ മേഖലയിലെ ലിംഗസമത്വത്തിനും സേനയുടെ നവീകരണത്തിനും വലിയ പ്രാധാന്യം നൽകുന്ന തീരുമാനമാണിതെന്ന് ഓസ്‌ട്രേലിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കരസേനയുടെ കമാൻഡ് ആൻഡ് കൺട്രോൾ വിഭാഗങ്ങളിൽ ദീർഘകാലത്തെ പ്രവർത്തന പരിചയവും തന്ത്രപരമായ തീരുമാനങ്ങൾ എടുക്കുന്നതിലുള്ള മികവുമാണ് സൂസൻ കോയ്ലിയെ ഈ പദവിയിലേക്ക് എത്തിച്ചത്.
സൈന്യത്തിന്റെ എല്ലാ തലങ്ങളിലും വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകുക എന്ന ലക്ഷ്യത്തോടെ ഓസ്‌ട്രേലിയൻ പ്രതിരോധ സേന നടപ്പിലാക്കുന്ന പരിഷ്കാരങ്ങളുടെ ഭാഗമാണ് ഈ നിയമനം. ലൈംഗികാതിക്രമങ്ങളും വിവേചനങ്ങളും സംബന്ധിച്ച നിരവധി ആരോപണങ്ങൾ ഓസ്‌ട്രേലിയൻ പ്രതിരോധസേന നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഒരു വനിതയെ സേനയുടെ മേധാവി സ്ഥാനത്തേക്ക് ഉയർത്തുന്നത്.
കോയ്ലിയുടെ നിയമനത്തെ "ചരിത്രപരമായ ഒരു നിമിഷം" എന്ന് പ്രതിരോധ മന്ത്രി റിച്ചാർഡ് മാൾസ് വിശേഷിപ്പിച്ചു. 1987ലാണ് സൈന്യത്തിൽ ചേർന്ന 55 വയസ്സുകാരിയായ കോയ്ലി നിരവധി ഉന്നത കമാൻഡ് പദവികൾ വഹിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയൻ സൈന്യത്തിന്റെ ഏതെങ്കിലും ഒരു സേനാ വിഭാഗത്തെ (കര, നാവിക, വ്യോമസേന) നയിക്കുന്ന ആദ്യ വനിതയായിരിക്കും സൂസനെന്നും മാൾസ് പറഞ്ഞു. 2030ഓടെ സേനയിലെ സ്ത്രീ പങ്കാളിത്തം 25 ശതമാനമായി ഉയർത്താനാണ് ഓസ്ട്രേലിയൻ ഡിഫൻസ് ഫോഴ്സ് ലക്ഷ്യമിടുന്നത്.










0 comments