ad
Deshabhimani

എബോള ഭീതി: ബാധിത പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് 21 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ പ്രഖ്യാപിച്ച് കാനഡ

Ebola

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 27, 2026, 06:38 AM | 1 min read

ഒട്ടാവ: എബോള വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശത്തുനിന്നും എത്തുന്ന യാത്രക്കാർക്ക് കർശന നിയന്ത്രണങ്ങളുമായി കാനഡ. എബോള ബാധിത പ്രദേശങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്ക് 21 ദിവസത്തെ നിർബന്ധിത സ്വയം നിരീക്ഷണം (ക്വാറന്റൈൻ) കനേഡിയൻ സർക്കാർ പ്രഖ്യാപിച്ചു.


കടുത്ത മുൻകരുതലിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് കാനഡ പബ്ലിക് ഹെൽത്ത് ഏജൻസിയിലെ ബോർഡർ ആന്റ് ട്രാവൽ ഹെൽത്ത് ഡയറക്ടർ ജനറൽ ലൂക് ബ്രിസെബോയിസ് വ്യക്തമാക്കി. വരും ദിവസങ്ങളിൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും.


ഓഗസ്റ്റ് 29 വരെ ഈ നിയന്ത്രണങ്ങൾ തുടരാനാണ് നിലവിലെ തീരുമാനം. രോഗലക്ഷണങ്ങളുള്ള യാത്രക്കാരെ വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് വിദഗ്ധ പരിശോധനകൾക്കായി ആശുപത്രികളിലേക്ക് മാറ്റും. സ്വന്തമായി ഐസൊലേഷൻ സൗകര്യമില്ലാത്ത യാത്രക്കാർക്ക് സർക്കാർ തന്നെ ഇതിനായുള്ള സൗകര്യം ഒരുക്കി നൽകുമെന്നും അധികൃതർ അറിയിച്ചു.


കടുത്ത യാത്രാവിലക്കുകൾക്ക് പുറമേ, എബോള വ്യാപനം രൂക്ഷമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ദക്ഷിണ സുഡാൻ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുടെ കുടിയേറ്റ അപേക്ഷകളിന്മേൽ അന്തിമ തീരുമാനമെടുക്കുന്നത് 90 ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവെക്കാനും ഇമിഗ്രേഷൻ വിഭാഗം തീരുമാനിച്ചിട്ടുണ്ട്.


രോഗവ്യാപനത്തിന്റെ സാഹചര്യം വിലയിരുത്തി ഇതിൽ മാറ്റം വരുത്തും. വടക്കുകിഴക്കൻ കോംഗോ കേന്ദ്രീകരിച്ചാണ് നിലവിൽ അപൂർവ ഇനത്തിൽപ്പെട്ട എബോള വൈറസ് വ്യാപിക്കുന്നത്. രോഗ പ്രതിരോധ പ്രവർത്തനങ്ങളെപ്പോലും പ്രതിസന്ധിയിലാക്കുന്ന തരത്തിലാണ് വൈറസിന്റെ ഇപ്പോഴത്തെ വ്യാപനമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.


നിലവിൽ തൊള്ളായിരത്തിലധികം പേർക്ക് രോഗബാധ സംശയിക്കുന്നുണ്ടെന്നും 220-ലധികം മരണം റിപ്പോർട്ട് ചെയ്തതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ടെങ്കിലും രോഗവ്യാപനം ഇനിയും മാസങ്ങളോളം നീണ്ടുനിന്നേക്കാമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home