Deshabhimani

ലാറ്റിനമേരിക്കയിൽ വീണ്ടും ഇടത്‌ വസന്തം

Brazil election afp.jpg

Photo by IGO ESTRELA / AFP

വെബ് ഡെസ്ക്

Published on Oct 26, 2026, 08:21 AM | 1 min read

അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ജനാധിപത്യഹത്യകൾക്കും തെരഞ്ഞെടുപ്പ്‌ അട്ടിമറി നീക്കങ്ങളെയും ചെറുത്തുതോൽപ്പിച്ച്‌ ജനാധിപത്യത്തിന്റെ പുതുവസന്തം തീർത്ത്‌ ലാറ്റിനമേരിക്ക. ലാറ്റിനമേരിക്കൻ ഇടത്‌ വസന്തത്തിന്‌ കരുത്തേകിയാണ് ബ്രസീൽ വീണ്ടും ചുവന്നുതുടുത്തത്. ബ്രസീലിൽ ലുല പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്‌ ലാറ്റിനമേരിക്കയിൽ വലതുപക്ഷ രാഷ്‌ട്രീയത്തിനെതിരായ ജനങ്ങളുടെ വിധിയെഴുത്തായി മാറി.


പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്റെ രണ്ടാംവട്ട വോട്ടെടുപ്പിൽ തീവ്ര വലതുപക്ഷ നേതാവ് ഫ്ലാവിയോ ബോൾസനാരോയെ പരാജയപ്പെടുത്തിയാണ് ട്രേഡ് യൂണിയന്‍ നേതാവ് ലൂയിസ്‌ ഇനാസിയോ ലുല ഡ സിൽവ വമ്പൻ ജയം നേടിയത്. 80കാരനായ ലുല നാലാം തവണയാണ് ബ്രസീലിന്റെ പ്രസിഡന്റാകുന്നത്. 2003ലും 2006ലും മുമ്പ്‌ പ്രസിഡന്റായിരുന്ന ലുല കഴിഞ്ഞ തവണയും പ്രസിഡന്റായി.


2017ൽ അഴിമതിക്കേസിൽ കുടുങ്ങി 580 ദിവസം ജയിലിൽ കിടക്കേണ്ടിവന്ന ലുല, രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള നീക്കങ്ങളെ അതിജീവിച്ചാണ് തിരിച്ചുന്നത്. 2018ലെ തെരഞ്ഞെടുപ്പിൽനിന്ന്‌ മാറിനിന്ന അദ്ദേഹം 2021 മാർച്ചിൽ മേൽക്കോടതി കുറ്റവിമുക്തനാക്കിയതോടെയാണ് രാഷ്ട്രീയത്തിൽ വീണ്ടും സജീവമായത്.


പട്ടിണിയിൽ ജനിച്ചുവളർന്ന മുൻ ഫാക്ടറി തൊഴിലാളികൂടിയാണ്‌ ലുല. സൈനിക സ്വേച്ഛാധിപത്യത്തിനെതിരായ പോരാട്ടത്തിലൂടെയാണ് നേതൃനിരയിലെത്തിയത്. 1945 ഒക്‌ടോബർ 27ന്‌ ജനിച്ച ലുല ബ്രസീലിലെ ദരിദ്രമായ വടക്കുകിഴക്കൻ മേഖലയിൽനിന്ന്‌ സാവോ പോളോയിലേക്ക്‌ അമ്മയോടും സഹോദരങ്ങളോടുമൊപ്പം ഏഴാം വയസ്സിലാണ്‌ കുടിയേറുന്നത്‌. വർഷങ്ങൾക്കുമുമ്പ്‌ അവിടെയെത്തിയ പിതാവിനെ തേടിയായിരുന്നു യാത്ര. അവിടെ മറ്റൊരു സ്‌ത്രീയോടൊപ്പം ജീവിക്കുന്ന പിതാവിനെയാണ്‌ കാണാനായത്‌. അതോടെ എട്ട്‌ കുഞ്ഞുങ്ങളെ വളർത്തൽ അമ്മയുടെ ചുമതലയായി.


ലുല 14-ാം വയസ്സിൽ ലോഹത്തൊഴിലാളിയായി. അവിടെവച്ച്‌ അദ്ദേഹത്തിന്‌ ചെറുവിരൽ നഷ്ടമായി. 1975ൽ തൊഴിലാളി യൂണിയന്റെ നേതാവായി. 1989ൽ ആദ്യമായി പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അടുത്ത രണ്ടുതവണയും വീണ്ടും പരാജയത്തിന്റെ രുചിയറിഞ്ഞു. 2002ലെ തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ ബ്രസീലിന്റെ പ്രസിഡന്റാകുന്ന ആദ്യതൊഴിലാളി നേതാവായി. നാലുവർഷത്തിനുശേഷം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home