'എല്ലാ മനുഷ്യരും തുല്യര്‍': സൈന്യത്തിൽ ട്രാൻസ്ജെൻഡറുകളെ വിലക്കിയ ട്രംപിന്റെ നടപടി തടഞ്ഞ് കോടതി

വാഷിങ്ടൺ : ട്രാൻസ്ജെൻഡർ വിഭാഗങ്ങളെ സൈന്യത്തിൽ നിന്ന് വിലക്കിയ ട്രംപിന്റെ നടപടിക്ക് തിരിച്ചടി. യുഎസ് ഫെഡറൽ കോടതി ട്രംപ് സർക്കാരിന്റെ ഉത്തരവ് സസ്പെൻഡ് ചെയ്തു. എല്ലാ മനുഷ്യരും തുല്യരാണെന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ ഉത്തരവിനെ കോടതി സസ്പെൻഡ് ചെയ്തത്. ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുഎസ് ഫെഡറൽ ജഡ്ജി അന്ന റെയ്സ് ഉത്തരവ് പുറപ്പെടുവിച്ചത്.
ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ഭരണഘടനാ സംരക്ഷണങ്ങളെ ലംഘിക്കാൻ സാധ്യതയുള്ളതാണ് ട്രംപിന്റെ ഉത്തരവെന്നും കോടതി നിരീക്ഷിച്ചു. അധികാരത്തിലെത്തിയ ശേഷം ജനുവരിയിലാണ് ട്രംപ് സൈന്യത്തിൽ നിന്ന് ട്രാൻസ്ജെൻഡർ വിഭാഗത്തിലുൾപ്പെട്ടവരെ വിലക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. അമേരിക്കയിൽ ഇനി ആണും പെണ്ണും മാത്രമേയുള്ളൂവെന്ന് അധികാരമേറ്റ വേളയിൽ ട്രംപ് പ്രഖ്യാപിച്ചിരുന്നു. 15,500 ട്രാൻസ് വ്യക്തികളാണ് അമേരിക്കൻ സൈന്യത്തിലുണ്ടായിരുന്നത്. വനിതകളുടെ കായിക ഇനങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് ട്രാൻസ്ജെൻഡർ വിഭാഗത്തിലുൾപ്പെട്ടവരെ ഒഴിവാക്കിയും ട്രംപ് വിവാദമുണ്ടാക്കിയിരുന്നു.










0 comments