പാകിസ്ഥാനിൽ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം പൊട്ടിത്തെറിച്ച് 8 മരണം; 35 പേർക്ക് പരിക്ക്

വീഡിയോ സ്ക്രീൻഷോട്ട്
പെഷവാർ : വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ ചൊവ്വാഴ്ച സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം പൊട്ടിത്തെറിച്ച് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ലക്കി മർവാത് ജില്ലയിലാണ് സംഭവം.
നൗറങ് ബസാറിലെ ഫട്ടക് ചൗക്കിൽ സ്‌ഫോടകവസ്തുക്കൾ നിറച്ച ഓട്ടോറിക്ഷ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ജില്ലാ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മരിച്ച എട്ട് പേരിൽ രണ്ട് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരും ഒരു സ്ത്രീയും ഉൾപ്പെടുന്നു. 35 പേർക്ക് പരിക്കേറ്റു. ഇവരെ ചികിത്സയ്ക്കായി സരായ് നൗറംഗിലെ തഹസിൽ ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലേക്ക് മാറ്റി.
ഗുരുതരാവസ്ഥയിലായ നിരവധി പേരെ കൂടുതൽ വൈദ്യസഹായത്തിനായി ബന്നുവിലെയും പെഷവാറിലെയും ആശുപത്രികളിലേക്ക് റഫർ ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ആംബുലൻസുകളും സംഘങ്ങളും സ്ഥലത്തേക്ക് അയച്ചതായി റെസ്‌ക്യൂ 1122 വക്താവ് ഷഹദാബ് ഖാൻ പറഞ്ഞു. ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രി മുഹമ്മദ് സുഹൈൽ അഫ്രീദി സ്ഫോടനത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഇൻസ്പെക്ടർ ജനറലിനോട് നിർദ്ദേശിച്ചു.
രണ്ട് ദിവസം മുമ്പും സമാനമായി പാകിസ്ഥാനിൽ ചാവേർ ആക്രമണമുണ്ടായിരുന്നു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ തന്നെ വടക്കുപടിഞ്ഞാറൻ ജില്ലയായ ബന്നുവിൽ പൊലീസ് പോസ്റ്റിൽ നടന്ന ചാവേർ ആക്രമണത്തിൽ 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പൊലീസ് പോസ്റ്റിന് സമീപത്തേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ നിരവധി വീടുകളുടെ മേൽക്കൂരകൾ തകർന്നു. പൊലീസ് പോസ്റ്റ് കെട്ടിടവും പൂർണമായി തകർന്നു.
കഴിഞ്ഞ ആഴ്ച ഖൈബർ പഖ്തൂൺഖ്വയിലെ സൗത്ത് വസീറിസ്ഥാൻ മേഖലയിൽ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനത്തിൽ ചെക്ക് പോസ്റ്റിലേക്ക് അടുക്കുകയായിരുന്ന തീവ്രവാദിയെ സുരക്ഷാ സേന വെടിവച്ചു കൊന്നിരുന്നു. വാഹനം അടുത്തുള്ള ഒരു കെട്ടിടത്തിൽ ഇടിച്ച് സ്ഫോടനമുണ്ടായി. ഏഴ് പേർക്ക് പരിക്കേറ്റു. നിരോധിത ഭീകര സംഘടനയായ തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ മേഖലയിൽ അക്രമം നടത്തുന്നതായി പാകിസ്ഥാൻ സർക്കാർ ആരോപിച്ചിരുന്നു. 2022 ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ കരാർ അവസാനിച്ചതിനുശേഷം ഖൈബർ പഖ്തൂൺഖ്വയിൽ ആക്രമണം രൂക്ഷമായതായും പാകിസ്ഥാൻ ആരോപിച്ചിരുന്നു.









0 comments