ബലൂചിസ്ഥാനിൽ ഭീകരർക്കെതിരായ ഓപ്പറേഷനിടെ അഞ്ച് പാക് സൈനികർ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങൾ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുന്നു. വീഡിയോ സ്ക്രീൻഷോട്ട്
കറാച്ചി : ബലൂചിസ്ഥാനിലെ ബർഖാൻ ജില്ലയിൽ തീവ്രവാദികൾക്കെതിരെ നടന്ന ഓപ്പറേഷനിൽ ഒരു മേജർ ഉൾപ്പെടെ അഞ്ച് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായി സൈനിക മാധ്യമ വിഭാഗം അറിയിച്ചു. ഓപ്പറേഷനിൽ ഏഴ് തീവ്രവാദികൾ കൊല്ലപ്പെട്ടതായി ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) പത്രക്കുറിപ്പിൽ പറഞ്ഞു. മേജർ തൗസീഫ് അഹമ്മദ് ഭട്ടിയും നാല് സൈനികരുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ ലോറാലായിൽ നടന്നു.
മർഖാമിലെ നോഷാം പ്രദേശത്ത് പാകിസ്ഥാൻ സൈന്യവും ബലൂചിസ്ഥാൻ ഫ്രോണ്ടിയർ കോർപ്സും സംയുക്തമായി ഓപ്പറേഷൻ നടത്തിയിരുന്നു. ഓപ്പറേഷനിൽ ഏഴ് തീവ്രവാദികളെ വധിച്ചതായും ഒരു ഫീൽഡ് ഓഫീസർ ഉൾപ്പെടെ അഞ്ച് സൈനികർ കൊല്ലപ്പെട്ടതായും ഐഎസ്പിആർ അറിയിച്ചു.
കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് ആയുധങ്ങൾ, വെടിമരുന്ന്, സ്ഫോടകവസ്തുക്കൾ എന്നിവ കണ്ടെടുത്തു. ഈ വർഷം നിരവധി തവണ ബലൂചിസ്ഥാനിൽ സുരക്ഷാ സേന ഭീകരർക്കെതിരെ ഓപ്പറേഷൻ നടത്തിയിരുന്നു. മാർച്ചിൽ ഹർണായി, ബാസിമ ജില്ലകളിൽ നടന്ന ഓപ്പറേഷനിൽ 15 ഭീകരരും ഫെബ്രുവരിയിൽ സോബിൽ നടന്ന ഓപ്പറേഷനിൽ 10 ഭീകരരും കൊല്ലപ്പെട്ടു.
ബലൂചിസ്ഥാനിൽ തീവ്രവാദികൾ സുരക്ഷാ സേനയെയും സർക്കാർ അടിസ്ഥാന സൗകര്യങ്ങളെയും ആക്രമിക്കുന്നത് പതിവാണ്. ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ), തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) എന്നിവരാണ് ആക്രമണങ്ങൾക്ക് പിന്നിലെന്നാണ് പാകിസ്ഥാൻ പറയുന്നത്.










0 comments