ad
Deshabhimani

ഗാസയിൽ അമ്മയും കുഞ്ഞും ഉൾപ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു; വെടിനിര്‍ത്തിലിന് ശേഷം കൊന്നൊടുക്കിയത് 936 പേരെ

Gaza
വെബ് ഡെസ്ക്

Published on Jun 05, 2026, 11:39 AM | 2 min read

ഗാസസിറ്റി: ഗാസയിൽ വെടിനിർത്തൽ ഉപാധികൾ ലംഘിച്ച് ഇസ്രായേൽ ആക്രമണങ്ങൾ തുടരുന്നു. ലോകത്തിന്റെ ശ്രദ്ധ മുഴുവൻ ലെബനനിലെ ഹിസ്ബുള്ള-ഇസ്രായേൽ പോരാട്ടത്തിലേക്ക് തിരിഞ്ഞിരിക്കുമ്പോൾ സാധാരണ ജനങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ ആവര്‍ത്തിക്കയാണ്. വ്യാഴാഴ്ച ഗാസ സിറ്റിയിലുണ്ടായ വ്യത്യസ്ത വ്യോമാക്രമണങ്ങളിൽ രണ്ട് സ്ത്രീകളും രണ്ട് കുട്ടികളുമടക്കം കുറഞ്ഞത് 10 പലസ്തീനികൾ കൊല്ലപ്പെട്ടു. ഇതോടെ ഒക്ടോബറിൽ നിലവിൽ വന്ന താൽക്കാലിക വെടിനിർത്തൽ കരാറിനു ശേഷം ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 936 ആയതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.


രാത്രിയും പകലും ഭീതി


വ്യാഴാഴ്ച പുലർച്ചെ ഗാസ സിറ്റിയിലെ വിവിധ ഭാഗങ്ങളിലായി ഉണ്ടായ നാല് ആക്രമണങ്ങളിലാണ് ഒമ്പത് പേർ കൊല്ലപ്പെട്ടത്. മൃതദേഹങ്ങൾ ഗാസയിലെ ശിഫാ ആശുപത്രിയിൽ എത്തിച്ചു. വ്യാഴാഴ്ച വൈകുന്നേരമുണ്ടായ മറ്റൊരു ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടതായി റെഡ് ക്രസന്റ് നിയന്ത്രിക്കുന്ന സരയ ഫീൽഡ് ഹോസ്പിറ്റൽ സ്ഥിരീകരിച്ചു.


"യുദ്ധം അവസാനിച്ചുവെന്നാണ് അവർ പറയുന്നത്, എന്നാൽ ഇവിടെ യുദ്ധം നിന്നിട്ടില്ല. എല്ലാ രാത്രിയിലും ഇവിടെ കൊലപാതകങ്ങളാണ്. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും രാത്രിയും ഈ മരണം ഞങ്ങളെ പിന്തുടരുകയാണ്," ആക്രമണത്തിൽ അനന്തരവൻ കൊല്ലപ്പെട്ട വാലിദ് ഷബീർ എന്ന വൃദ്ധൻ ശിഫാ ആശുപത്രിയിൽ വെച്ച് കണ്ണീരോടെ പറഞ്ഞു.


ഹമാസിന്റെ മുതിർന്ന നേതാക്കൾക്ക് സുരക്ഷയും രഹസ്യാന്വേഷണ വിവരങ്ങളും നൽകുന്ന വിഭാഗത്തിലെ കമാൻഡർമാരെയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ അവകാശവാദം. ജനവാസ മേഖലകളിൽ കൃത്യതയാർന്ന ആയുധങ്ങളും വ്യോമ നിരീക്ഷണവും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന പതിവ് വാദം ഇസ്രായേൽ പ്രതിരോധ മന്ത്രാലയം ആവര്‍ത്തിച്ചു.


രണ്ട് വര്‍ഷമായ യുദ്ധത്തിന് അറുതി വരുത്താൻ ഒക്ടോബറിൽ ഉണ്ടാക്കിയ വെടിനിർത്തൽ കരാർ നിലവിലുണ്ടെങ്കിലും ഗാസയിൽ സമാധാനം അകലെയാണ്. 936 പേര്‍ കൊല്ലപ്പെട്ട കണക്കുകൾ വിശ്വസനീയമാണെന്ന് ഐക്യരാഷ്ട്രസഭയും സാക്ഷ്യപ്പെടുത്തുന്നുണ്ട്. വെടിനിർത്തലിന് ശേഷം നാല് ഇസ്രായേൽ സൈനികരും ഗാസയിൽ കൊല്ലപ്പെട്ടിട്ടുണ്ട്.


സഹായവുമായെത്തിയ

അന്താരാഷ്ട്ര പ്രവർത്തകർ തടവിൽ


ഗാസയിലെ ഇസ്രായേൽ ഉപരോധത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ ആകർഷിക്കാൻ ശ്രമിച്ച 11 മനുഷ്യാവകാശ പ്രവർത്തകരെ തടവിലാക്കി. ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല എന്ന സംഘടനയുടെ ഭാഗമായി കരമാർഗ്ഗം ഗാസയിലേക്ക് തിരിക്കാൻ ശ്രമിച്ച പ്രവർത്തകരാണ് ഒരു വാരത്തിലേറെയായി ലിബിയയിൽ ബന്ധികളാക്കപ്പെട്ടിരിക്കുന്നത്.


കഴിഞ്ഞ മാസം ഈ സംഘടനയുടെ ഡസൻ കണക്കിന് ബോട്ടുകളടങ്ങിയ യാത്രാ സംഘത്തെ ഇസ്രായേൽ-ഗ്രീസ് അതിർത്തികളിൽ വെച്ച് തടയുകയും നൂറുകണക്കിന് പ്രവർത്തകരെ നാടുകടത്തുകയും ചെയ്തിരുന്നു.


പ്രവർത്തകർക്ക് സാധുവായ വിസകൾ ഉണ്ടായിരുന്നുവെന്ന് ഗ്ലോബൽ സുമുദ് ഭാരവാഹികൾ പറയുമ്പോൾ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനാണ് ഇവരെ പിടികൂടിയതെന്നാണ് ന്യായീകരണങ്ങൾ. അമേരിക്ക, അർജന്റീന, പോർച്ചുഗൽ, ഇറ്റലി, ഉറുഗ്വേ, പോളണ്ട്, സ്പെയിൻ, ടുണീഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് തടവിലായ പൗരന്മാർ. ഇവരുടെ തടങ്കൽ കാലാവധി ലിബിയൻ കോടതി വീണ്ടും 10 ദിവസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്. ഈ നടപടി നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ പ്രതിഷേധിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home