ad
Deshabhimani

പ്രകോപിതരാകരുത്, കാമറകൾ ശ്രദ്ധിക്കണം; ജെൻസി പ്രതിഷേധങ്ങൾ നേരിടാൻ ഡൽഹി പൊലീസിന് മാർഗനിർദേശം

delhi cjp protest  20.jpg
വെബ് ഡെസ്ക്

Published on Aug 23, 2026, 03:19 PM | 1 min read

ന്യൂഡൽഹി : രാജ്യമാകെ അലയടിച്ച ജെൻ സീ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ പുതുതലമുറ പ്രതിഷേധങ്ങളെ നേരിടുന്നതിന് ഡൽഹി പൊലീസിന് പുതിയ മാർഗനിർദേശം. ജന്തർ മന്തറിൽ നടന്ന വിദ്യാർഥി- യുവജന പ്രക്ഷോഭത്തെ പൊലീസ് നേരിട്ട രീതി വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് മാർ​ഗനിർദേശങ്ങൾ പുറത്തിറക്കിയത്.


പ്രതിഷേധങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശാന്തത പാലിക്കണമെന്നും വാക്കുതർക്കത്തിലേർപ്പെടരുതെന്നും നിർദേശത്തിൽ പറയുന്നു. ജന്തർമന്തറിൽ പൊലീസ് വിദ്യാർഥികളെ ക്രൂരമായി മർദിച്ചതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മൊബൈൽ കാമറകൾക്കുമുന്നിൽ സംയമനം പാലിക്കണമെന്നും ശ്രദ്ധിക്കണമെന്നും പുതിയ നിർദേശത്തിലുണ്ട്.


പ്രതിഷേധക്കാരുടെ പ്രകോപനപരമായ ചോദ്യങ്ങൾക്കും വികാരപരമായ അഭ്യർഥനകൾക്കും മറുപടി പറയരുതെന്നാണ് മറ്റൊരു പ്രധാന നിർദേശം. പ്രതിഷേധക്കാർ കരയുകയോ പൊലീസുകാരുടെ കാലിൽ വീഴുകയോ കുടുംബം, ശമ്പളം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് സഹതാപമോ ദേഷ്യമോ ഉണ്ടാക്കാൻ ശ്രമിച്ചാലും പ്രതികരിക്കരുതെന്നും ഒറ്റ വാക്കിൽ മറുപടി നൽകിയ ശേഷം മൗനം പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഔദ്യോഗിക നടപടിക്രമങ്ങൾ പിന്തുടരുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം.


എല്ലായ്പ്പോഴും തങ്ങൾ കാമറയിൽ പകർത്തപ്പെടുന്നുവെന്ന് കരുതി പെരുമാറണമെന്നും ഫോൺ തട്ടിമാറ്റുക, പിടിച്ചെടുക്കുക, സാധനങ്ങൾ എറിയുക, ദേഷ്യത്തോടെ സംസാരിക്കുക തുടങ്ങിയവ ഒഴിവാക്കണമെന്നും നിർദേശിച്ചു. വനിതാ പ്രതിഷേധക്കാരെ സ്പർശിക്കരുത്, പ്രതിഷേധക്കാർ നൽകുന്ന പൂക്കളോ ഭക്ഷണമോ സ്വീകരിക്കരുത്, ആരെങ്കിലും ബോധരഹിതരാകുകയോ പരിക്കേൽക്കുകയോ ചെയ്താൽ സഹായിക്കണം എന്നിവയും മാർഗനിർദേശങ്ങളിലുണ്ട്. ആംബുലൻസുകൾക്കും സ്കൂൾ കുട്ടികൾക്കും വയോധികർക്കും യാത്രാസൗകര്യം ഉറപ്പാക്കണമെന്നും മാന്യമായ സംസാര- ശരീരഭാഷകൾ പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.


ജന്തർമന്തറിലെ ജെൻസീ പ്രതിഷേധങ്ങളിൽ യുവാക്കൾ പൊലീസിന്റെ പ്രതികരണങ്ങൾ റീലുകളായും മീമുകളായും പ്രചരിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നിർദേശങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home