print edition 'വിവാഹം കഴിക്കുന്നത് വീട്ടുജോലിക്കാരിയെ അല്ല'; ഭര്‍ത്താവും വീട്ടുജോലി ചെയ്യണം: സുപ്രീംകോടതി


സ്വന്തം ലേഖകൻ
Published on Mar 21, 2026, 03:00 AM | 1 min read
ന്യൂഡൽഹി: വിവാഹം കഴിക്കുന്നത് ജീവിതപങ്കാളിയെ ആണെന്നും വീട്ടുജോലിക്കാരിയെ അല്ലെന്നും സുപ്രീംകോടതി. ഭാര്യ വീട് വൃത്തിയാക്കുന്നില്ലെന്നും ഭക്ഷണം പാകം ചെയ്യുന്നില്ലെന്നും ചൂണ്ടിക്കാട്ടി വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് നൽകിയ ഹര്‍ജിയിലാണ് ജസ്‌റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചിന്റെ പരാമര്‍ശം.
ഭാര്യ ഭക്ഷണം പാകം ചെയ്‌തില്ല, വീട് തുടച്ച് വൃത്തിയാക്കിയില്ല തുടങ്ങിയവ ഭർത്താവിനോടുള്ള ക്രൂരതയല്ല. പാചകം ചെയ്യുന്നതിലും, വൃത്തിയാക്കുന്നതിലും, തുണി അലക്കുന്നതിലും മറ്റും തുല്യമായി ഭർത്താവും പങ്കെടുക്കണം. ഇന്നത്തെ കാലം വ്യത്യസ്തമാണ്. ഒരു വീട്ടുവേലക്കാരിയേയല്ല നിങ്ങൾ വിവാഹം കഴിക്കുന്നത്, ഒരു ജീവിത പങ്കാളിയെയാണ്– ബെഞ്ച് നിരീക്ഷിച്ചു.
സ്‌കൂൾ അധ്യാപകനായ ഭർത്താവിനും ലക്ചററായ ഭാര്യയ്‌ക്കും എട്ടുവയസുള്ള പെൺകുട്ടിയുണ്ടെന്ന് കോടതി ഓർമിപ്പിച്ചു. അനുരഞ്ജനത്തിനായി ഏപ്രിൽ 27ന് നേരിട്ട് ഹാജരാകാൻ ഇരുവരോടും നിര്‍ദേശിച്ചു. കീഴ്‌ക്കോടതി വിവാഹമോചനം നൽകിയെങ്കിലും ഭാര്യ ഹൈക്കോടതിയെ സമീപിച്ച് റദ്ദാക്കി. തുടർന്നാണ് ഭർത്താവ് സുപ്രീംകോടതിയിൽ എത്തിയത്.










0 comments