ഇതൊക്കെ ഒരു ജീവിതമാണോ?; ഡൽഹിയിലെ മലിനീകരണം: ബിജെപി സർക്കാരിനെതിരെ യോഗി ആദിത്യനാഥ്

ഗോരഖ്‌പൂർ: ദേശീയ തലസ്ഥാനമായ ഡൽഹിയിലെ രൂക്ഷമായ വായുമലിനീകരണത്തിൽ ബിജെപി ഭരണകൂടത്തെ വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഡൽഹി ഒരു 'ഗ്യാസ് ചേംബർ' പോലെയായി മാറിയെന്നും അവിടുത്തെ ജീവിതം ദുസ്സഹമാണെന്നും യോഗി പറഞ്ഞു.
ഗോരഖ്‌പൂരിൽ ഒരു ചടങ്ങിൽ സംസാരിക്കവേയാണ് ബിജെപി ഭരിക്കുന്ന ഡൽഹിയിലെ അവസ്ഥയെക്കുറിച്ച് യോഗി ആശ്ചര്യപ്പെട്ടത്. ഡൽഹിയിലെ അവസ്ഥ നിങ്ങൾ കാണുന്നില്ലേ? അവിടെ ശ്വസിക്കാൻ പ്രയാസമാണ്, കണ്ണുകളിൽ നീറ്റൽ അനുഭവപ്പെടുന്നു.
ആസ്ത്മ രോഗികളും പ്രായമായവരും കുട്ടികളും വീടിന് പുറത്തിറങ്ങരുതെന്ന് ഡോക്ടർമാർ ഉപദേശിക്കുന്നു. ഇതൊക്കെ എന്ത് ജീവിതമാണ് എന്നാണ് യോഗി ചോദിച്ചത്. വികസനം നടക്കുമ്പോഴും ഉത്തർപ്രദേശിലെ പരിസ്ഥിതി ശുദ്ധമായി നിലനിൽക്കുന്നുണ്ടെന്നും ഇവിടുത്തെ ജനങ്ങൾക്ക് ശ്വാസം മുട്ടുന്നില്ലെന്നുമായിരുന്നു യോഗിയുടെ വാദം.
എന്നാൽ ഉത്തർപ്രദേശിൽ ആശുപത്രിസൗകര്യവും ഓക്സിജൻ സിലിണ്ടറും പോലുമില്ലാതെ കുഞ്ഞുങ്ങൾ ശ്വാസം മുട്ടി മരിക്കുന്ന സാഹചര്യത്തിലും യോഗിയുടെ ഈ പരാമർശം വിമർശനങ്ങൾക്ക് വഴി തെളിച്ചിട്ടുണ്ട്.
ശനിയാഴ്ച രാവിലെ ഡൽഹിയിലെ വായുനിലവാര സൂചിക 211 രേഖപ്പെടുത്തിയിരുന്നു, ഇത് 'മോശം' വിഭാഗത്തിലാണ് വരുന്നത്. ഡൽഹിയിലെ മലിനീകരണ നിയന്ത്രണത്തിൽ ബിജെപി സർക്കാർ പരാജയമാണെന്ന ആരോപണം ശക്തമായിരിക്കെയാണ് യോഗിയുടെ ഈ പ്രതികരണം. എന്നാൽ സ്വന്തം സംസ്ഥാനം നന്നാക്കിയിട്ട് പോരെ തലസ്ഥാനത്തിന്റെ കാര്യം അന്വേഷിക്കുന്നത് എന്നാണ് പ്രതിപക്ഷത്തിന്റെ പ്രതികരണം.










0 comments