കുടുംബങ്ങളെ ബൈയപ്പനഹള്ളിയിലെ ഫ്ലാറ്റിലേക്ക് മാറ്റും എന്നായിരുന്നു കോൺഗ്രസ് സർക്കാരിന്റെ വാഗ്‌ദാനം
print edition കര്‍ണാടകത്തിലെ കോണ്‍ഗ്രസ് ബുള്‍ഡോസര്‍രാജ് ; ഇരുനൂറോളം കുടുംബം ഇപ്പോഴും തെരുവിൽ

ബുൾഡോസര്‍ കൊണ്ട് കോണ്‍ഗ്രസ് സര്‍ക്കാര്‍ വീട് ഇടിച്ചുനിരത്തിയതിനാല്‍ യെലഹങ്ക കൊഗിലു ഫക്കീർ കോളനിയിലെ ജാഫറിന്റെ കുടുംബം ടാർപോളിൻ വലിച്ചുകെട്ടി താമസിക്കുന്നു
ബംഗളൂരു
യെലഹങ്ക കൊഗിലുവിൽ കർണാടക സർക്കാർ ബുൾഡോസർകൊണ്ട് വീടുകൾ തകർത്ത കുടുംബങ്ങൾക്കുള്ള പുനരധിവാസ നടപടികൾ ഇനിയും തുടങ്ങിയില്ല. ജനുവരി ഒന്നു മുതൽ കൊഗിലുവിലെ കുടുംബങ്ങളെ ബൈയപ്പനഹള്ളിയിലെ ഫ്ലാറ്റിലേക്ക് മാറ്റും എന്നാണ് സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ ഒറ്റക്കുടുംബത്തിന് പോലും നൽകുന്ന സഹായം സംബന്ധിച്ച് തീരുമാനമായില്ല.
കഴിഞ്ഞ ഡിസംബർ 20ന് തെരുവിലായ ഇരുന്നൂറോളം കുടുംബങ്ങൾ 13–ാം നാളിലും തകർക്കപ്പെട്ട വീടിനു സമീപം അഭയമില്ലാതെ കഴിയുകയാണ്. കർണാടക സർക്കാർ മുന്നറിയിപ്പില്ലാതെ ബുൾഡോസറുമായെത്തി ഫക്കീർ കോളനിയിലും വസീം ലേ ഔട്ടിലും ഇരുനൂറോളം വീടുകൾ തകർത്തെറിഞ്ഞ സംഭവം വിവാദമായപ്പോഴാണ് പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചത്.
അർഹരായവർക്ക് ബൈയപ്പ നഹള്ളിയിൽ ജനുവരി ഒന്ന് മുതൽ വീട് കൈമാറുമെന്നായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചത്. എന്നാൽ വീട് എവിടെയാണ് നൽകുന്നത്, നൽകാനുള്ള വീടുകളുടെ നിർമാണം പൂർത്തിയായോ എന്നതുൾപ്പെടെയുള്ള കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ബുൾഡോസർരാജ് നടപടിയിലൂടെയുണ്ടായ വിവാദത്തിൽനിന്ന് തലയൂരാനുള്ള തന്ത്രം മാത്രമാണ് സർക്കാർ നടത്തിയ പുനരധിവാസ പ്രഖ്യാപനമെന്ന ആക്ഷേപമാണ് ഉയരുന്നത്.
അർഹരായവരെ കണ്ടെത്തുന്നതിനുള്ള സർവേ പോലും പൂർത്തിയായിട്ടില്ല. ഇവിടെ വർഷങ്ങളായി താമസിക്കുന്നവരിൽ പലരും പുനരധിവാസ പട്ടികയിലില്ല. 30 വർഷത്തോളമായി താമസിക്കുന്ന ജാഫറിന്റെ കുടുംബം രേഖകൾ സമർപ്പിച്ചിട്ടും പട്ടികയിൽ ഉൾപ്പെട്ടില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യ അസ്‌മ പറഞ്ഞതായി പ്രദേശത്ത് സന്നദ്ധ പ്രവർത്തനം നടത്തുന്ന സിപിഐ എം പ്രവര്‍ത്തകനും റിട്ട. റെയിൽവേ ജീവനക്കാരനുമായ എ ശ്രീകുമാർ ചൂണ്ടിക്കാട്ടി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കഴിയുന്ന നൂറുകണക്കിന് കുടുംബങ്ങൾക്ക് താൽക്കാലിക താമസസൗകര്യമെങ്കിലും ഒരുക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ശുചിമുറികളുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യം പോലുമില്ലാതെ വൃത്തിഹീനമായ സാഹചര്യത്തിലാണ് സ്ത്രീകളും കുട്ടികളും പ്രായമായവരും ഇപ്പോഴും കഴിയുന്നത്.
വീടിന് അർഹത 90 കുടുംബത്തിന് മാത്രമെന്ന് മന്ത്രി
കൊഗുലുവിൽ കോൺഗ്രസ് സര്‍ക്കാര്‍ കുടിയൊഴിപ്പിച്ചവരിൽ 90 കുടുംബങ്ങള്‍ക്ക് മാത്രമേ നഷ്ടപരിഹാരമായി പ്രഖ്യാപിച്ച സബ്‍സിഡിയോടെയുള്ള വീടിന് അര്‍ഹതയുള്ളൂവെന്ന് കര്‍ണാടക നഗരവികസന മന്ത്രി ബി സുരേഷ്. 400 കുടുംബങ്ങള്‍ക്ക് വീട് നൽകുമെന്ന വാര്‍ത്തകള്‍ മന്ത്രി തള്ളി. യഥാര്‍ഥ ഗുണഭോക്താക്കള്‍ക്കേ വീട് കൈമാറൂവെന്നും മന്ത്രി പറഞ്ഞു.











0 comments