പുനരധിവസിപ്പിക്കുമെന്ന പ്രഖ്യാപനമല്ലാതെ, തെരുവിലായ ഇരുന്നൂറോളം കുടുംബങ്ങൾക്ക് ആശ്വാസ നടപടികളില്ല
print edition ബുള്‍ഡോസര്‍രാജ് ; സഹായം വാക്കില്‍ മാത്രം , ആശ്വാസ നടപടികളില്ല

കോണ്‍ഗ്രസ് സര്‍ക്കാര്‍ ബുള്‍ഡോസറുകള്‍കൊണ്ട് ഇടിച്ചുനിരത്തിയ യെലഹങ്ക ഫക്കീർ കോളനിയിലെ കാഴ്ച / ഫോട്ടോ: സുമേഷ് കോടിയത്ത്
ബംഗളൂരു
യെലഹങ്ക കൊഗിലുവിലെ കർണാടക സർക്കാരിന്റെ ബുൾഡോസർരാജ് ചര്‍ച്ചയായത് മുഖ്യമന്ത്രി പിണറായി വിജയന്റെ സമൂഹമാധ്യമ കുറിപ്പിലൂടെ. മുസ്ലിം - ദളിത് വിഭാഗത്തിന് നേർക്ക് കഴിഞ്ഞ 20ന് പുലർച്ചെ നടന്ന ബുൾഡോസർവേട്ട അഞ്ചു ദിവസം എവിടെയും വാർത്തയായില്ല. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും യെലഹങ്കയിലെ സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകർ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതോടെയാണ്, കേരളത്തിൽ വാർത്തയാകുന്നത്.
യുപിയിലെ യോഗി മോഡൽ ബുൾഡോസർരാജാണോ അരങ്ങേറിയത് എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ എക്‌സിലെ ചോദ്യമാണ് കർണാടകത്തെ ഉണർത്തിയത്. സമാന സംശയം കോൺഗ്രസ് നേതാവ് പി ചിദംബരവും ഉന്നയിച്ചു. യുപിയിലെ ബുൾഡോസർ രാജിനെതിരെ പ്രതികരിച്ച രാഹുൽ ഗാന്ധി മൗനം പാലിക്കുന്നതെന്തേ എന്ന ചോദ്യവും സമൂഹ മാധ്യമങ്ങൾ ഉയർത്തി. ഇതോടെയാണ്, സംഭവം നടന്ന് എട്ടാം ദിവസം കൈയേറ്റം ഒഴിപ്പിക്കൽ മാത്രമാണ് കൊഗിലുവിൽ നടന്നത് എന്ന വാദവുമായി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ രംഗത്തെത്തിയത്.
സുരക്ഷയില്ലാത്ത മേഖലയിൽനിന്നും ആൾക്കാരെ ഒഴിപ്പിക്കേണ്ടത് സർക്കാർ കടമയാണെന്ന വിചിത്ര വാദവും മുന്നോട്ടുവച്ചു. പുലർച്ചെ ബുൾഡോസർ ഉരുട്ടിയതെന്തിനെന്ന ചോദ്യത്തിനുമാത്രം ആരും ഇനിയും പ്രതികരിച്ചിട്ടില്ല.
കേരളത്തിലെയും കർണാടകത്തിലെയും മാധ്യമങ്ങൾ യെലഹങ്കയിലെത്തിയതോടെ കോൺഗ്രസ് സർക്കാരിൽ സമ്മർദമേറ്റി. യുപി മോഡൽ ബുൾഡോസർരാജാണ് നടന്നതെന്ന് പുറം ലോകമറിഞ്ഞതോടെ, പുനരധിവാസിപ്പിക്കുമെന്ന പ്രസ്താവന നടത്താൻ മുഖ്യമന്ത്രി സിദ്ദരാമയ്യ തയ്യാറായി. ഇന്ത്യയിലാകെ വലിയ രാഷ്ട്രീയ ചർച്ചയാകുമെന്ന കോൺഗ്രസിന്റെ ഭയവും സമ്മർദ്ദത്തിന് കാരണമായി.
റവന്യുമന്ത്രി കൃഷ്ണ ബൈര ഗൗഡയുടെ മണ്ഡലത്തിലാണ് മുസ്ലിം -–ദളിത് വേട്ട നടന്നത്. അദ്ദേഹം പോലും ഇത്ര ദിവസമായി പ്രദേശത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. പുനരധിവസിപ്പിക്കുമെന്ന പ്രഖ്യാപനം നടത്തിയതല്ലാതെ, തെരുവിലായ ഇരുന്നൂറോളം കുടുംബങ്ങൾക്ക് അടിയന്തരമായി ചെയ്യെണ്ട ദുരിതാശ്വാസ പ്രവർത്തനവും നടത്തിയില്ല.
പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യവും എങ്ങുമില്ല. കുട്ടികളുടെയും ഗർഭിണികളടക്കമുള്ള സ്ത്രീകളുടെയും ആരോഗ്യസ്ഥിതി മോശം അവസ്ഥയിലാണ്.രാഷ്ട്രീയ സമ്മർദത്താൽ, പുനരധിവസിപ്പിക്കുമെന്ന് സിദ്ദരാമയ്യ പറഞ്ഞെങ്കിലും, ഒന്നുമുണ്ടാകില്ലെന്ന് പ്രദേശത്തുള്ള കർണാടക മാധ്യമ പ്രവർത്തകർ പറഞ്ഞു. കുടിയിറക്കപ്പെട്ടവരിൽ മലയാളികൾ ഇല്ലാതിരുന്നിട്ടും, കേരളത്തിന്റെ ഇടപെടൽ അവരെ അത്ഭുതപ്പെടുത്തുന്നുണ്ട്.കർണാടക അങ്കോളയിൽ കോഴിക്കോട് സ്വദേശി അർജുൻ ട്രക്കോടെ പുഴയിൽ വീണത്, ഒരാഴ്ച കഴിഞ്ഞ്, മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടതോടെയാണ് പുറം ലോകമറിഞ്ഞത്.











0 comments