ad
Deshabhimani

രാജ്യത്തെ 8,000ത്തിലധികം എക്സ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ എക്സ്

x twitter
വെബ് ഡെസ്ക്

Published on May 09, 2025, 12:04 PM | 1 min read

ന്യൂഡൽഹി : മൈക്രോബ്ലോഗിങ് വെബ്സൈറ്റായ എക്സ് 8,000ത്തിലധികം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനൊരുങ്ങുന്നു. കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരമാണ് ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിന്റെ നടപടി. ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസർക്കാരിൽ നിന്ന് എക്സിക്യൂട്ടീവ് ഉത്തരവ് ലഭിച്ചതായി എക്സ് വ്യക്തമാക്കി.


അന്താരാഷ്ട്ര വാർത്താ സ്ഥാപനങ്ങളുടെയും പ്രമുഖ ഉപയോക്താക്കളുടെയും അക്കൗണ്ടുകളിലേക്കുള്ള ആക്‌സസ് തടയാനും ഉത്തരവിൽ പറഞ്ഞതായാണ് വിവരം. ഉത്തരവുകൾ പാലിക്കാത്ത പക്ഷം പിഴ ഈടാക്കുമെന്നും കമ്പനിയുടെ പ്രാദേശിക ജീവനക്കാരെ തടവിലാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് പറഞ്ഞതായും കമ്പനി വ്യക്തമാക്കുന്നു.


തങ്ങളുടെ പ്ലാറ്റ്ഫോമിന്റെ അടച്ചുപൂട്ടൽ ഒഴിവാക്കാൻ വേണ്ടി കേന്ദ്രനിർ​ദേശങ്ങൾ അനുസരിക്കുമെന്നും എന്നാൽ ഇത് സെൻസർഷിപ്പിന് തുല്യമാണെന്നും കമ്പനി പറഞ്ഞു. അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ എക്സ് സമ്മതിച്ചെങ്കിലും, അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശവും കമ്പനി ചൂണ്ടിക്കാട്ടുന്നുണ്ട്.


മിക്ക കേസുകളിലും അക്കൗണ്ടിൽ നിന്നുള്ള ഏതൊക്കെ പോസ്റ്റുകളാണ് രാജ്യത്തിന്റെ നിയമങ്ങൾ ലംഘിച്ചതെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല. ഭൂരിഭാ​ഗം കേസുകളിലും അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുന്നതിനുള്ള തെളിവുകളോ ന്യായീകരണമോ ലഭിച്ചിട്ടില്ലെന്നും എക്സ് പറയുന്നു. ഇന്ത്യയിൽ മാത്രം പ്രസ്തുത അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുമെന്നും ഇതിനായുള്ള നടപടികൾ ആരംഭിച്ചുവെന്നും കമ്പനി പറഞ്ഞു.


ഇന്ത്യൻ സർക്കാരിന്റെ പല ആവശ്യങ്ങളോടും വിയോജിക്കുന്നു. മുഴുവൻ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യുന്നത് അനാവശ്യവും സെൻസർഷിപ്പിന് തുല്യവുമാണ്. കൂടാതെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തിന് വിരുദ്ധവുമാണ് നടപടിയെന്നും എക്സ് പ്രതികരിച്ചു. വ്യാജവാർത്തകൾ പ്രചരിക്കുന്നത് തടയാനുള്ള നടപടിയെന്ന പേരിലാണ് കേന്ദ്രനീക്കമെന്നാണ് വിവരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home