മതിയായ കൂലിയില്ല, ശുചിമുറിയിൽ പോലും നിയന്ത്രണം, ഉത്തരാഖണ്ഡിലും തൊഴിലാളി പ്രക്ഷോഭം വ്യാപിക്കുന്നു

Video grab: X
നൈനിറ്റാൾ: ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിലുള്ള മോട്ടാഹൽദുവിൽ കമ്പനി തൊഴിലാളികൾ സമര രംഗത്ത്. തിങ്കളാഴ്ച പൊട്ടുപ്പുറപ്പെട്ട പ്രതിഷേധം അടിച്ചമര്‍ത്താൻ വൻ പൊലീസ് സേനയെ ഇറക്കി. ആയുധ പ്രയോഗം നടത്തിയതോടെ സമരം സംഘർഷത്തിൽ കലാശിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തിങ്കളാഴ്ച നൂറുകണക്കിന് തൊഴിലാളികൾ പ്രതിഷേധ രംഗത്ത് ഇറങ്ങിയതിന് പിന്നാലെയാണ് അടിച്ചമര്‍ത്തൽ നീക്കം.
ഉത്തരേന്ത്യയിലെ പ്രധാന വ്യവസായ കേന്ദ്രങ്ങളായ നോയിഡ, പാനിപ്പത്ത്, മാനേസർ എന്നിവിടങ്ങളിൽ തൊഴിലാളി അസംതൃപ്തി പുകയുകയാണ്. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും വേതനവും തമ്മിലുള്ള ഭീമമായ അന്തരമാണ് ഈ സമരപരമ്പരകളുടെ പ്രധാന പ്രകോപനം. നോയിഡയിൽ സിഐടിയു നേതൃത്വത്തിൽ സമരം ശക്തമായതോടെ പ്രതികാര നടപടികളും അടിച്ചമര്‍ത്തൽ നീക്കങ്ങളും ശക്തമാക്കി. ഇതിനിടയിലാണ് നൈനിറ്റാളിലും തൊഴിലാളികൾ സഹികെട്ട് രംഗത്ത് ഇറങ്ങിയിരിക്കുന്നത്.
ചൂണണത്തിൽ സഹികെട്ട നീക്കം
മോട്ടാഹൽദുവിലെ വ്യവസായ യൂണിറ്റിന് മുന്നിൽ എഴുന്നൂറോളം സ്ത്രീ-പുരുഷ തൊഴിലാളികളാണ് കുത്തിയിരിപ്പ് സമരം നടത്തുന്നത്. കുറഞ്ഞ കൂലി മാത്രമല്ല, കുടിവെള്ളം, ശുചിമുറി എന്നിവ ഉപയോഗിക്കുന്നതിന് വരെ മാനേജ്‌മെന്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വനിതാ തൊഴിലാളികൾ പരാതിപ്പെട്ടു. കൂടാതെ കമ്പനി ഉദ്യോഗസ്ഥർ മോശമായ ഭാഷ ഉപയോഗിക്കുന്നതായും അവര്‍ വെളിപ്പെടുത്തി. സമയവും നേരവുമില്ലാത്ത ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ കമ്പനി ബസുകളിലെ ഡ്രൈവർമാരുടെ മോശം പെരുമാറ്റം വരെ സഹിക്കേണ്ട അവസ്ഥയാണെന്നും പരാതിപ്പെട്ടു.
കുറഞ്ഞ വേതനം 20,000 രൂപയാക്കി നിശ്ചയിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ഇപ്പോൾ മാസം കഷ്ടിച്ച് 1200 രൂപ പോലും ലഭിക്കാത്ത സാഹചര്യമാണ്. നിലവിൽ അധിക സമയം ജോലി ചെയ്യിപ്പിക്കുന്നുണ്ടെങ്കിലും കൃത്യമായ വേതനം നൽകുന്നില്ലെന്ന് തൊഴിലാളികൾ ചൂണ്ടികാട്ടി. എട്ട് മണിക്കൂർ ജോലി സമയം ഉറപ്പാക്കുക. യാതൊരു കാരണവുമില്ലാതെ പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

ഏപ്രിൽ 13-ന് നോയിഡയിൽ നടന്ന തൊഴിലാളി സമരം പതിവ് പോലെ പാകിസ്ഥാൻ ബന്ധം വരെ ആരോപിച്ചാണ് അധികൃതര്‍ അടിച്ചമര്‍ത്താൻ ശ്രമിച്ചത്. സിപിഐ എം, സിഐടിയും ഉന്നത നേതാക്കൾ പിന്തുണയുമായി എത്തിയതോടെ സര്‍ക്കാര്‍ നേതൃത്വത്തിലുള്ള തൊഴിലാളി വേട്ടകൾ അവസാനിപ്പിക്കേണ്ടി വന്നു. ഇപ്പോഴും കേസുകളും പൊലീസ് നടപടികളുമായി സമരത്തിനെതിരെ നീക്കം തുടരുകയാണ്. ഇവിടെ ഏതാണ്ട് 42,000-ത്തോളം തൊഴിലാളികൾ തെരുവിലിറങ്ങിയെന്നാണ് കണക്ക്.
പാനിപ്പത്തിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOCL) റിഫൈനറിയിലും ഗുപ്ത സ്പിന്നിംഗ് മിൽ ഉൾപ്പെടെയുള്ള ടെക്സ്റ്റൈൽ മേഖലയിലും ഓട്ടോമൊബൈൽ ഹബ്ബായ മാനേസറിൽ ഹോണ്ട ഉൾപ്പെടെയുള്ള കമ്പനികളിലും തൊഴിലാളികൾ സമര രംഗത്താണ്.
Related News
ഇവിടങ്ങളിൽ 90% തൊഴിലാളികളും കരാർ അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത്. ഇവർക്ക് സ്ഥിരം ജോലിയുടെ ആനുകൂല്യങ്ങളോ സുരക്ഷയോ ലഭിക്കുന്നില്ല. ഒട്ടുമിക്ക വ്യവസായ ശാലകളിലും വിശ്രമമില്ലാത്ത 12 മണിക്കൂർ ഷിഫ്റ്റുകളാണ് നിലവിലുള്ളത്. ഓവർടൈം വേതനം പലപ്പോഴും നൽകുന്നില്ല. കുടിവെള്ളം ഉപയോഗിക്കുന്നതിനും ശൗചാലയങ്ങളിൽ പോകുന്നതിനും വരെ കർശന നിയന്ത്രണങ്ങളും വിവേചനവും നിലനിൽക്കുന്നു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഏറ്റവും ക്രൂരമായ തൊഴിലാളി ചൂഷണവും വിവേചനങ്ങളും തുടരുന്നത്. ഇതിന് ഭരണകൂട പിന്തുണയും ലഭിക്കുന്നു. ഇവിടങ്ങളിലെ വ്യവസായ മേഖലയിൽ ഒരു തൊഴിൽ അവകാശ പരിഷ്കരണവും നടന്നിട്ടില്ല. ഒരു വ്യക്തിക്ക് അന്തസ്സായി ജീവിക്കാൻ ആവശ്യമായ 'ലിവിംഗ് വേജ്' (Living Wage) എന്നത് വെറും സങ്കൽപ്പത്തിലാണ്. ജീവിതം വഴിമുട്ടുന്ന സാഹചര്യമായതോടെ ഓരോ മേഖലയിലായി തൊഴിലാളികൾ ഐക്യപ്പെടുകയാണ്. ഇനിയും സഹക്കാൻ തങ്ങൾ തയാറല്ലെന്ന് തൊഴിലാളികൾ ആവര്‍ത്തിക്കുന്നു.
Related News
രാജ്യത്തെ വിവിധ മേഖലകളിൽ തൊഴിലാളി പ്രക്ഷോഭങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിൽ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം ജനറൽ സെക്രട്ടറി എം എ. ബേബി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. പ്രക്ഷോഭ രംഗത്ത് നേരിട്ടെത്തി സമര സഖാക്കളെ കണ്ടതിന് ശേഷമായിരുന്നു ഇത്. തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന പുതിയ ലേബർ കോഡുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. നിലവിലെ തൊഴിൽ പ്രതിസന്ധികൾക്ക് കാരണം കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡുകളാണെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.











0 comments